ഫഹദിന്റെ 'പ്രതികാരം' ; കമോണ്‍ ട്രാ മഹേഷേ...

തന്റെ അവസാനം ഇറങ്ങിയ എല്ലാ ചിത്രങ്ങളും പരാജയപ്പെടുന്നതില്‍ അസ്വസ്ഥനായ ഫഹദ് ഒരു പ്രതികാര ദാഹിയായി മാറി. സിനിമ ഏതായാലും ഫഹദ് ഫാസില്‍ തകര്‍ത്ത്...

ഫഹദിന്റെMaheshinte-Prathikaram-1

തന്റെ അവസാനം ഇറങ്ങിയ എല്ലാ ചിത്രങ്ങളും പരാജയപ്പെടുന്നതില്‍ അസ്വസ്ഥനായ ഫഹദ് ഒരു പ്രതികാര ദാഹിയായി മാറി. സിനിമ ഏതായാലും ഫഹദ് ഫാസില്‍ തകര്‍ത്ത് അഭിനയിക്കും എന്ന് വിമര്‍ശകര്‍ പോലും നടത്തുന്ന സോഷ്യല്‍ മീഡിയ നിരൂപണങ്ങള്‍ ഫഹദ് ഫാസിലിന് കൂടുതല്‍ ശക്തി പകര്‍ന്നു. അവസാനം ആ പ്രതികാര ദാഹി വിശ്വരൂപം പുറത്തെടുത്തു, ആഷിഖ് അബു നിര്‍മ്മിച്ച്‌ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്തു ഫഹദ് ഫാസില്‍ നായകനായി എത്തിയ മഹേഷിന്റെ പ്രതികാരം സൂപ്പര്‍ ഹിറ്റ്‌ !


ചിത്രത്തിലെ പഞ്ച് ഡയലോഗായ "കമോണ്‍ ട്രാ മഹേഷേ" എന്നുള്ളത് ഇനി നമുക്ക് ധൈര്യമായി "കമോണ്‍ ട്രാ ഫഹദെ" എന്ന് പറയാം. ഫഹദിന്റെ ഗംഭീരമായ ഒരു തിരിച്ചു വരവിനു അപ്പുറം ഇടുക്കിയുടെ മഞ്ഞിന്റെയും കാറ്റിന്റെയും ഒക്കെ കഥ പറയുന്ന ചിത്രം കൂടിയാണ് മഹേഷിന്റെ പ്രതികാരം.

ഒരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി എടുത്ത കൊച്ചു ചിത്രമാണ് മഹേഷിന്റെ പ്രതികാരം.

അച്ഛന്‍ നടത്തിയ സ്റ്റുഡിയോ ഏറ്റെടുത്ത് നടത്തുന്ന നായകന്‍. ആളെ മുന്നില്‍ കിട്ടിയാല്‍ അച്ഛന്‍ പഠിപ്പിച്ച "ചിന്‍ അപ്, ചിന്‍ ഡൌണ്‍, സ്മയില്‍" ഡയലോഗ് ആവര്‍ത്തിച്ച്‌ കൊണ്ട് ക്യാമറയില്‍ ക്ലിക്ക് ചെയ്യുന്നതിന്റെ അപ്പുറം ഫോട്ടോഗ്രാഫി എന്നത് ഒരു കലയാണ് എന്ന് മനസിലാക്കാന്‍ കഴിയാതെയാണ് നായകന്‍റെ ജീവിതം മുന്നോട്ട് പോകുന്നത്.  ചാച്ചന്‍, അയലത്തെ വീട്ടിലെ ബേബി ചേട്ടന്‍ (അലന്‍സിയര്‍), ബേബി ചേട്ടന്റെ കടയിലെ പണിക്കാരനായ ക്രിസ്പിന്‍ (സൌബിന്‍ ഷബീര്‍), പിന്നെ സൗമ്യ(അനുശ്രീ)..ഇതാണ് മഹേഷിന്റെ ലോകം..ഈ ലോകത്തേക്ക് ജിന്‍സി (അപര്‍ണ ബാലമുരളി) കടന്നു വരുന്നതോട് കൂടി കഥ മറ്റൊരുദിശയിലേക്ക് കൂടി സഞ്ചരിക്കുന്നു.

രാത്രി അച്ഛന്‍ എങ്ങോട്ട് എങ്കിലും ഇറങ്ങി പോകുമോ എന്ന ഭയത്താല്‍ അച്ഛന്റെ അടുത്ത് കിടന്നു ഉറങ്ങുന്ന മഹേഷും അമ്മയെ കെട്ടി പിടിച്ചു കരഞ്ഞു കൊണ്ട് കിടക്കുന്ന സൗമ്യയും എല്ലാം ഗ്രാമീണ കഥാപാത്രങ്ങളുടെ ഉത്തമ ഉദാഹരണങ്ങളാണ്.

ഇങ്ങനെ പോകുന്ന മഹേഷിന്റെ ജീവിതത്തില്‍ അവിചാരിതമായി കടന്നു വരുന്ന അഥിതിയാണ് ജിന്സന്‍. അവിടെ നിന്നും മഹേഷിന്റെ പ്രതികാരം ആരംഭിക്കുന്നു.

കോമഡിക്ക് വേണ്ടി ചളികള്‍ കുത്തി നിറയ്ക്കാതെ സന്ദര്‍ഭത്തിനും സാഹചര്യത്തിനും അനുസരിച്ച് മാത്രം എഴുതിയ തമാശകള്‍ ആദ്യം മുതല്‍ അവസാനം വരെ നിറഞ്ഞു നില്‍ക്കുന്ന ചിത്രം കൂടിയാണ് ഇത്.

ഒരു കൊച്ചു ഗ്രാമത്തില്‍ എന്തെല്ലാം സംഭവിക്കാം എന്നതിനെ പറ്റി വിശദമായി പഠനം നടത്തണം എന്നുള്ളവര്‍ മഹേഷിന്റെ പ്രതികാരം ഒരു ഗൈഡ് ആയി സ്വീകരിക്കുന്നത് അത്യുത്തമമായിരിക്കും.

ചിത്രത്തിന്റെ നിര്‍മ്മാതാവായ ആഷിഖ് അബുവൊ സംവിധായകനായ ദിലീഷ് പോത്തനോ അതും അല്ലെങ്കില്‍ രചയിതാവ് ശ്യാം പുഷ്ക്കറോ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ്.അല്ലെങ്കില്‍ നമ്മുടെ ലാലേട്ടന് ഇട്ട് ഇങ്ങനെ ഒരു ട്രോള്‍ കൊടുക്കേണ്ട വല്ല കാര്യവും ഉണ്ടോ?  (ആഷിഖ് അബു കടുത്ത മമ്മൂട്ടി ഫാന്‍ ആണെന്ന ദുഃഖ സത്യം ഇവിടത്തെ ഒട്ടുമുക്കാല്‍ ലാലേട്ടന്‍ ഫാന്‍സും അറിയാം എന്നുള്ളത് കൊണ്ട് ഈ കാര്യത്തില്‍ ദിലീഷും ശ്യാമും രക്ഷപ്പെടാന്‍ തന്നെയാണ് സാധ്യത)

പാട്ടുകളെ പറ്റി പറയുകയാണെങ്കില്‍, ബിജിബാല്‍ തകര്‍ത്തു എന്ന് തന്നെ പറയാം. ഇടുക്കിയെ വര്‍ണ്ണിക്കുന്ന ഗാനം ഉന്നത നിലവാരം പുലര്‍ത്തുന്ന ഒന്ന് തന്നെയാണ്. മറ്റു ഗാനങ്ങളും മികച്ചു നില്ക്കുന്നവ തന്നെയാണ്.

121 മിനിറ്റ് മാത്രം ദൈര്‍ഖ്യമുള്ള ഈ ചിത്രത്തില്‍ ബോറടിപ്പിക്കാന്‍ വേണ്ടി പോലും ഒരു ഗാനം സംവിധായകന്‍ കരുതി വച്ചിട്ടില്ല. പേരില്‍ മാത്രം ഭാവനയുള്ള മഹേഷ്‌ ഭാവനായുടെ പ്രതികാരത്തെ മികച്ച രീതിയില്‍ ദിലീഷ് പറഞ്ഞവസാനിപിക്കുന്നു. അതിന്റെ ഒപ്പം  ഈ ചിത്രത്തില്‍ എൽദോച്ചായൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും ദിലീഷ് തന്നെയാണ്.

ഒരു നല്ല ചിത്രം വിജയിക്കാന്‍ ഫാന്‍സിന്റെ ആവശ്യമില്ല എന്ന് ഫഹദ് തെളിയിച്ചു. ഇന്നലെ രാത്രി പടം കണ്ടു ഇറങ്ങിയപ്പോള്‍ തീയറ്ററിനു മുന്നില്‍ തൂക്കിയിരുന്ന ഹൌസ് ഫുള്‍ ബോര്‍ഡ് ഇത് വ്യക്തമാക്കുന്നു.

അടികുറിപ്പ്: ആദ്യ ഷോട്ടില്‍ കാണുന്ന വള്ളി ചെരുപ്പില്‍ തന്നെ കഥയുടെ ഇതിവൃത്തം ഒളിച്ചിരിക്കുന്നുണ്ട് എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ സസ്പെന്‍സ് !