കതിരൂര്‍ മനോജ് വധം: പി ജയരാജന്‍ റിമാന്‍ഡില്‍

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കീഴടങ്ങി. തലശ്ശേരി സെഷന്‍സ് കോടതിയിലെത്തിയാണ് ജയരാജന്‍...

കതിരൂര്‍ മനോജ് വധം: പി ജയരാജന്‍ റിമാന്‍ഡില്‍

p-jayarajan

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കീഴടങ്ങി. തലശ്ശേരി സെഷന്‍സ് കോടതിയിലെത്തിയാണ് ജയരാജന്‍ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ജയരാജന്റെ കീഴടങ്ങല്‍.

കീഴടങ്ങിയ ജയരാജനെ ഒരു മാസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് ജയരാജനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.  ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി മാര്‍ച്ച് 11 വരെയാണ് റിമാന്‍ഡ്. ആശുപത്രിയിലേക്ക് മാറ്റണമോ എന്ന് അധികൃതര്‍ക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.


കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് ജയരാജന്‍ വ്യക്തമാക്കി. സിപിഐഎം നേതാക്കളെ കേസില്‍ കുടുക്കാന്‍ ഗൂഢപദ്ധതി നടക്കുന്നതായും ജയരാജന്‍ ആരോപിച്ചു.

കേസ് സിബിഐയെ ഏല്‍പ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ആര്‍എസ്എസ് സംസ്ഥാന നേതൃത്വം അമിത്ഷായ്ക്ക് അയച്ച കത്ത് ഇതിന് തെളിവാണ്. ആര്‍എസ്എസ് നീക്കത്തിന് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നു. ഇതിന്റെ ഭാഗമാണ് തനിക്കെതിരെ ചുമത്തിയ യുഎപിഎ എന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയരാജന്‍ ആശുപത്രിയില്‍ നിന്നുമാണ് കോടതിയിലെത്തി കീഴടങ്ങുന്നത്.

സിപിഐഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട പ്രവര്‍ത്തകനായതിനാലാണ് തന്നെ ആര്‍എസ്എസ് നോട്ടമിടുന്നത്. ആര്‍എസ്എസ്സില്‍ നിന്നും കൂടുതല്‍ പേര്‍ ചോര്‍ന്നു പോകുമെന്ന ഭീതിയാണ് ഇത്തരം കേസുകള്‍ക്ക് പടച്ചുണ്ടാക്കാന്‍ കാരണം. വ്യക്തിപരമെന്നതിനേക്കാള്‍ രാഷ്ട്രീയപരമായ ആക്രമണമാണിത്. സിപിഐഎമ്മിനെ ഭീകരസംഘടനയായി പൊതുജനമധ്യത്തില്‍ അവതരിപ്പിക്കാനാണ് ശ്രമമെന്നും ജയരാജന്‍ ആരോപിച്ചു.

Read More >>