'എന്തു പറഞ്ഞാലും നീ എന്റെതല്ലേ വാവേ': പിതൃസ്നേഹത്തില്‍ ദീപികയുടെ കണ്ണുനീര്‍

ഹൃദയത്തെ തൊടുവാന്‍ കഴിവുള്ളതാണ് ചിലരുടെ വരികള്‍. അക്ഷരങ്ങള്‍ അടുക്കി വച്ച കാവ്യങ്ങള്‍ അല്ലെങ്കില്‍ കൂടിയും മിഴികളില്‍ കണ്ണുനീര്‍ പൊഴിക്കുവാന്‍ ആ...

deepika

ഹൃദയത്തെ തൊടുവാന്‍ കഴിവുള്ളതാണ് ചിലരുടെ വരികള്‍. അക്ഷരങ്ങള്‍ അടുക്കി വച്ച കാവ്യങ്ങള്‍ അല്ലെങ്കില്‍ കൂടിയും മിഴികളില്‍ കണ്ണുനീര്‍ പൊഴിക്കുവാന്‍ ആ വരികള്‍ക്ക് കഴിയുന്നുവെങ്കില്‍, , അവ പറയുന്ന അര്‍ത്ഥങ്ങള്‍ ജീവിതത്തില്‍ ശേഷിക്കുന്നു എന്നര്‍ത്ഥം.

ഒരു അച്ഛനും മകളും തമ്മിലുള്ള ഹൃദയ സ്പര്‍ശിയായ കഥ പറയുന്ന  'പീക്കൂ' എന്ന ചിത്രത്തിന്  മികച്ച നടിക്കുള്ള അവാര്‍ഡ്‌ ഏറ്റു വാങ്ങുമ്പോള്‍, ബോളിവുഡ് താരം ദീപിക പദുക്കോണ്‍, വികാരാധീനയായി പൊട്ടി കരഞ്ഞു. ലോകത്തിന്‍റെ നെറുകയില്‍ നില്‍ക്കുന്ന മകള്‍ക്ക്  സമ്മാനമായി ലഭിച്ചത് അച്ഛന്റെ ഒരു കത്താണ്. ദേശീയ ബാഡ്മിന്റന്‍ താരമായിരുന്ന പ്രകാശ്‌ പദുകോനിന്‍റെ മകളാണ് ദീപിക.


അച്ഛന്‍റെ മനസ്സ് വരികളിലൂടെ അനുഭവിക്കുവാന്‍ കഴിഞ്ഞ 'പിക്കൂ'വിന്നു പിന്നെ കണ്ണുനീര്‍ നിയന്ത്രിക്കുവാന്‍ കഴിഞ്ഞില്ല . തന്‍റെ ചുറ്റും മിന്നുന്ന ക്യാമറ കണ്ണുകളുടെ മുന്നില്‍ അഭിനയങ്ങള്‍ ഏതുമില്ലാതെ അച്ഛന്റെ മനസിലെ മാളൂട്ടിയായി മാറി ഈ താര സുന്ദരി.
ഒരു ഇടത്തരം കുടുംബത്തിലെ, പിതാവിന്‍റെ മനസ്സാണ് പ്രകാശ്‌ പദുകോണ്‍ മകള്‍ക്കെഴുതിയ കത്തില്‍ തെളിഞ്ഞു നില്‍ക്കുന്നത്. 'മാനത്തെ അമ്പിളിയെ കൈക്കുമ്പിളില്‍ പിടിച്ചു തരാം' എന്ന വാഗ്ദാനം നല്‍കാതെ, 'കയ്യെത്തി നക്ഷത്രങ്ങളെ തൊടുവാനാണ്' ഈ അച്ഛന്‍ മകളെ ഉപദേശിക്കുന്നത്.

കത്തിന്‍റെ പൂര്‍ണ്ണ രൂപം

പ്രിയപ്പെട്ട ദീപികയും,അനിഷയും,


നിങ്ങള്‍ ജീവതത്തിന്റെ ആരംഭത്തില്‍ നില്‍ക്കുമ്പോള്‍, എന്നെ ജീവിതം പഠിപ്പിച്ച ചില സത്യങ്ങള്‍ നിങ്ങളോട് പങ്കു വയ്ക്കണം എന്ന് കരുതുന്നു.



വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരു ബാലനായി, ബാഡ്മിന്റനോടുള്ള അഭിനിവേശവുമായി ബാംഗ്ലൂരിൽ ഞാൻ വളർന്നു.അന്ന് അവിടെ സ്പോർട്സ് പരിശീലനത്തിലുള്ള കോർട്ടുകളോ സ്‌റ്റേഡിയങ്ങളോ ഒന്നും തന്നെയുണ്ടായിരുന്നില്ല.

എന്റെ വീടിന്റെ സമീപത്തുള്ള കാനറാ യൂണിയൻ ബാങ്കിന്റെ വിവാഹ ഹാളിലായിരുന്നു ഞങ്ങളുടെ ബാഡ്മിന്റൺ കോർട്ട് ക്രമീകരിച്ചിരുന്നത്. അവിടെ നിന്നാണ് ഞാൻ ബാഡ്മിന്റണിനെ കുറിച്ച് എല്ലാം പഠിക്കുന്നതും. ഒരോ ദിവസവും ഞങ്ങൾ ഹാളിൽ മറ്റ് പരിപാടികൾ വല്ലതും ഉണ്ടോ എന്ന് നോക്കിയിരിക്കും. ഇല്ലായെന്നാല്‍ പിന്നെ ഞങ്ങൾ അവിടേയ്ക്ക് പറക്കും ...ഞങ്ങളുടെ ഹൃദയാഭിലാഷം പൂർത്തീകരിക്കുവാൻ!


ഇപ്പോൾ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ തിരിച്ചറിയുന്ന ഒന്നുണ്ട്- ബാല്യത്തിലും യൌവനത്തിലും ഞാൻ ഒന്നിനും പരാതിപ്പെട്ടിരുന്നില്ലായെന്ന്. ഷട്ടിൽ കളിക്കുവാൻ ലഭിച്ചിരുന്ന, ഒരു ആഴ്ച്ചയിലെ ഏതാനും മണിക്കൂറുകൾക്ക് ഞാൻ എപ്പോഴും നന്ദിയുള്ളവനായിരുന്നു. ഒന്നിനെ കുറിച്ചും
പരാതിപ്പെടുവാൻ ഞാൻ ശ്രമിക്കാതിരുന്നതിലാണ്  എനിക്ക് എന്റെ കരിയർ പടുത്തുയർത്തുവാന്‍ കഴിഞ്ഞതും.


അത് കൊണ്ട് തന്നെ എന്റെ പ്രിയപ്പെട്ട മക്കളെ, എനിക്കു പറയുവാനുള്ളതും  ഇത് തന്നെയാണ് - കഠിനാധ്വാനത്തിനും, ദൃഢനിശ്ചയത്തിനും പകരം വയ്ക്കത്തക്കതായി ഒന്നും തന്നെയില്ല.  നിന്റെ പ്രവൃത്തികളെ നീ സ്നേഹിക്കുന്നുവെങ്കിൽ , മറ്റൊന്നും അതിന്നു  ബാധകമല്ല ...അത് അവാർഡുകളോ, പാരിതോഷികങ്ങളോ, മാധ്യമങ്ങളിലെ പ്രശസ്തിയോ.... എന്തുമാകട്ടെ !


ഞാൻ ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ് വിജയിച്ചപ്പോൾ എനിക്ക് ലഭിച്ച സമ്മാനതുക ഇന്ന് താരതമേന്യ കുറവായ 3000 പൗണ്ട് ആയിരുന്നു.പക്ഷെ അതുകൊണ്ട്  മാത്രം ഇന്ത്യയുടെ പ്രശസ്തി ലോക നിലവാരത്തിൽ എത്തിച്ചതിൽ ഞാൻ ദു:ഖിച്ചില്ല .


പതിനെട്ടാം വയസ്സിൽ മോഡലിംഗിനായി മുംബൈക്ക്  പോകണം എന്ന നിന്റെ ആവശ്യം ദീപികാ... ഞങ്ങൾ അംഗീകരിച്ചിരുന്നില്ല. മുംബൈ  പോലെയുള്ള ഒരു മഹാ നഗരത്തിൽ ഒറ്റയ്ക്ക് ജീവിക്കുവാൻ നീ തീരെ ചെറുപ്പമാണെന്നും, അനുഭവസമ്പത്ത് കുറഞ്ഞവളാണെന്നും അന്ന്  ഞങ്ങൾ കരുതി. ഞങ്ങളും ഇക്കാര്യങ്ങളെ കുറിച്ച് അജ്ഞരായിരുന്നു.


ഒടുവിൽ നിന്നെ പോകുവാൻ ഞങ്ങൾ അനുവദിച്ചു. ഞങ്ങളുടെ കുട്ടിയുടെ ജീവിതവും ശ്വാസവുമായ ഈ സ്വപ്നത്തെ തടുക്കുന്നത് , നിന്നോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കും എന്ന് ഞങ്ങൾ മനസ്സിലാക്കി. വിജയിച്ചാൽ, നീ ഞങ്ങളുടെ അഭിമാനമായി മാറുമെന്നും,  ഇനി പരാജയപ്പെട്ടിരുന്നെങ്കിൽ തന്നെ, നിന്‍റെ സ്വപ്നങ്ങള്‍  ഒരിക്കല്‍ നേടുവാന്‍ വേണ്ടി നീ ശ്രമിച്ചിരുന്നുവെന്നെങ്കിലും  നിനക്ക് അഭിമാനിക്കുവാൻ കഴിയുമെന്നു ഞങ്ങള്‍ ചിന്തിച്ചു  ...ദീപികാ .


ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന പോലെ നമ്മുക്ക് വിജയിക്കവാന്‍ കഴിഞ്ഞു എന്നു വരില്ല എന്നും  ഞാൻ മനസ്സിലാക്കിയിരുന്നു. ചിലത് നേടാൻ ചിലത് നഷ്ടപ്പെടണ! ജയവും പരാജയവും ഒരു പോലെ ജീവിതത്തിൽ നിലനിർത്തുവാൻ നമ്മുക്ക് കഴിയണം.


എന്റെ കരിയറിന്റെ ആദ്യാന്തം, ഒരേ ആവേശത്തോടെ അതിനെ സമീപിക്കുവാൻ എനിക്ക് സാധിച്ചു.
ഏറ്റവും കഠിനമായ ദിനങ്ങളിൽ പോലും, എനിക്ക് നേടുവാൻ സാധിക്കാതെ പോയതിനെ കുറിച്ചല്ല, മറിച്ച് നേട്ടങ്ങളെ കുറിച്ചു മാത്രമാണ് ഞാൻ  എപ്പോഴും ഓർത്തത്. ഏറ്റവും മോശമായതിനെ പോലും മികച്ചതാക്കുവാനും, ലക്ഷ്യം വഴിമാറി പോകാതെയിരിക്കുവാനും എനിക്ക് കഴിഞ്ഞു.


നീ ഓർക്കുന്നുണ്ടാവും. ... മാതാപിതാക്കൻമാരുടെ ആശ്രയത്തിനായി കാക്കാതെ ജീവിതം സ്വയം പടുത്തുയർത്തുവാൻ ഞാൻ നിങ്ങളോട് നിരന്തരം പറഞ്ഞിരുന്നത് ? വച്ച് നീട്ടപ്പെടുന്ന ഒരു ജീവതത്തിനായി കാത്തിരിക്കാതെ, കുട്ടികൾ അവരുടെ ആഗ്രഹപ്രകാരമുള്ള ജീവിതം കഠിനാധ്വാനം ചെയ്തു ,സ്വയം സൃഷ്ടിക്കണമെന്നും ഞാൻ വിശ്വസിച്ചു.


ദീപികാ , നീ വീട്ടിലെത്തുമ്പോൾ, നിന്റെ മുറി വൃത്തിയാക്കുന്നതും, ഭക്ഷണശേഷം മേശ ശുചിയാക്കുന്നതും, നീ തന്നെയാണ്.വിരുന്നുകാരുണ്ടെങ്കിൽ പലപ്പോഴും നിനക്ക് തറയിൽ കിടക്കേണ്ടതായും വന്നിട്ടുണ്ട്.
നിന്നെ ഞങ്ങൾ വീട്ടിൽ ഒരു ചലചിത്ര താരമായി അംഗീകരിക്കുന്നില്ലായെന്ന് നിനക്ക് തോന്നിയിട്ടുമുണ്ടാകും. നീ ഞങ്ങൾക്ക്  മകളാണ് ..... അതിന്നു ശേഷം മാത്രമാണ്
വെള്ളിത്തിരയിലെ നക്ഷത്രം!


യാഥാർത്ഥ്യങ്ങളുടെ ലോകത്തിൽ നിന്നെ ശേഷിപ്പിച്ച്, നിനക്ക് ചുറ്റുമുള്ള ഫ്ലാഷ് ലൈറ്റുകൾ ഒരിക്കൽ അസ്തമിക്കും.എത്ര നിസ്സാരയാണെങ്കിലും, വലിയ മാറ്റങ്ങൾക്ക് ശ്രമിക്കുന്ന ഒരു ധന്യാത്മക ചൈതന്യമാകുവാൻ നിനക്ക് കഴിയണം. നീ നിൽക്കുന്ന ലോകത്ത് സമ്പത്ത് ഒരു വലിയ ഘടകമാണ്, പക്ഷെ സമ്പത്തിലുപരിയായി മികച്ചത്  പ്രവർത്തിക്കുന്നതിലാണ് പ്രാധാന്യം . മാതാപിതാക്കൻമാരോടും മുതിർന്നവരോടും സത്യസന്ധതയും ബഹുമാനവും പുലർത്തുന്നത് ബന്ധങ്ങളിൽ സൂക്ഷിക്കേണ്ടതായ ഒരു ബൃഹത് കാര്യമാണ്.


ജീവിതത്തിൽ വിജയം ആവശ്യമാണ്, പക്ഷെ നിന്‍റെ  മനസ്സിന്റെ സന്തോഷത്തിനും സമാധാനത്തിനും ഉപരിയല്ല അത്.


പ്രാർത്ഥനയും വിശ്വാസവും പകർന്നു തരുന്ന ഊർജ്ജം എത്രയാണെന്ന് എനിക്ക് പറഞ്ഞു തരുവാൻ കഴിയുന്നില്ല. കണ്ണുകൾ മുറുക്കെ അടച്ചു മനസ്സിനെ സ്വസ്ഥമായി ധ്യാനിക്കുവാൻ അനുവദിക്കണം. ദിവസത്തിലെ അൽപ്പ നിമിഷങ്ങൾ ഇതിനായി മാറ്റി വയ്ക്കണം. ഈശ്വരനിലുള്ള നിന്റെ വിശ്വാസം നിന്നെ എത്ര ശക്തിപ്പെടുത്തുമെന്ന് നിനക്ക് അപ്പോൾ തിരിച്ചറിയുവാൻ സാധിക്കും.


എല്ലാറ്റിനുമൊടുവിൽ, നിന്റെ കരിയർ അവസാനിക്കുമ്പോഴും, നിന്നെ കുടുംബവും, സുഹത്തുക്കളും, നീ നേടിയവയും ശേഷിക്കുന്നുണ്ടാവും.

നിന്റെ വിവേചനബുദ്ധി ഉപദേശിക്കുന്ന ആരോഗ്യകരമായ ദിനങ്ങൾ മാത്രം നീ  ജീവിക്കുക.



.....എല്ലാം ക്ഷണികമാണ്!!


ഓർമ്മിക്കുക... നീ എന്തു തന്നെയായാലും, ഞങ്ങൾ കൂടെയുണ്ടാവും... എപ്പോഴും!
സ്നേഹത്തോടെ,
പപ്പ...prakash


കരിയറിലെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന മകള്‍ക്ക്, പ്രകാശ്‌ പദുകോണ്‍ നല്‍കിയ  ഹൃദയ സ്പര്‍ശിയായ സമ്മാനം തന്നെയാണിത്, മക്കളെ എന്നും മനസിലാക്കുന്ന മാതാപിതാക്കന്മാരുടെ സ്നേഹ സമ്മാനം !