കെപി യോഹന്നാനും കുടുംബവും കോടിക്കണക്കിന് ഡോളറിന്റെ തിരിമറി നടത്തിയതായി പരാതി

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഗോസ്പെല്‍ ഫോര്‍ ഏഷ്യ’ യുടെ സ്ഥാപകനായ കെപി യോഹന്നാനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്

കെപി യോഹന്നാനും കുടുംബവും കോടിക്കണക്കിന് ഡോളറിന്റെ തിരിമറി നടത്തിയതായി പരാതി

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഗോസ്പെല്‍ ഫോര്‍ ഏഷ്യ’ യുടെ  സ്ഥാപകനായ കെപി യോഹന്നാനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. ഗോസ്പെല്‍ ഫോര്‍ ഏഷ്യയും മറ്റു ചില വ്യാജ സംഘടനകളും ചേര്‍ന്ന് സംഭാവനയുടെ പേരില്‍ കോടിക്കണക്കിന് ഡോളറിന്റെ തിരിമറി നടത്തുകയും, ഈ പണം മുഴുവന്‍ കെപി യോഹന്നാന്‍ തന്‍റെ പേരിലേക്ക് മാറ്റി സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്തു എന്നാണ് പരാതി.

ഡാല്ലാസ് ആസ്ഥാനമായുള്ള 'സ്റ്റാന്‍ലി ലോ ഗ്രൂപ്പ്' ആണ് വെസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് ആര്‍കനാസില്‍ ഉള്ള യുഎസ് ജില്ലാ കോടതിയില്‍ ഇത് സംബന്ധിച്ച കേസ് നല്‍കിയിട്ടുള്ളത്. ഇവാന്‍ജെലിക്കല്‍ കൌണ്‍സില്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൌന്‍ഡബിലിറ്റി നിലനിര്‍ത്തിയിരുന്ന 7 പ്രധാന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്‍റെ പേരില്‍ യോഹന്നാന്‍റെ സംഘടനയുമായുള്ള ഇടപാടുകള്‍ കഴിഞ്ഞ ഒക്ടോബറില്‍ അവര്‍ നിര്‍ത്തിവച്ചിരുന്നു.


‘ദി ക്രിസ്ത്യന്‍ പോസ്റ്റ്‌’ ചൊവ്വാഴ്ച സമര്‍പ്പിച്ച 108 പേജുള്ള പരാതിയില്‍  ‘ഗോസ്പെല്‍ ഫോര്‍ ഏഷ്യ’ സ്ഥാപകന്‍ കെപി യോഹന്നാനും മറ്റ് ജിഎഫ്എ ഉദ്യോഗസ്ഥരും ചേര്‍ന്ന് സഹായം നല്‍കുന്ന ദാതാവിനോട്;  നല്‍കുന്ന പണം എങ്ങനെ, എപ്പോള്‍, എവിടെ, എന്ത് കാര്യത്തിന് ചിലാവാക്കും എന്നതിനെ സംബന്ധിച്ച് തെറ്റായ രേഖകള്‍ നല്‍കിയെന്നാണ് പരാതിക്കാരന്‍റെ പ്രധാന ആരോപണം. കൂടാതെ, ഈ തുക മുഴുവന്‍ ആഡംബരത്തിനും സംഘടനയുടെ ആസ്ഥാനമന്ദിരം നിര്‍മ്മിക്കുന്നതിനും മറ്റു ബിസിനസുകള്‍ക്കുമായാണ് ഉപയോഗിച്ച് എന്നും രേഖയില്‍ ആരോപിക്കുന്നു.

തട്ടിപ്പും അന്യായമായ സ്വത്തുചേര്‍ക്കലും ആര്‍ഐസിഓ ലംഘിക്കലും സഹിതം ആര്‍ക്കനാസ് ഡിസപ്ടിവ് ട്രേഡ് പ്രാക്ടീസ് ആക്ടില്‍ ആണ് മാത്യുവും ജെന്നിഫറും ചേര്‍ന്ന് പരാതി നല്‍കിയിരിക്കുന്നത്.

ജിഎഫ്എയില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ യോഹന്നാന്‍റെ ഭാര്യ ജിസേല, മകന്‍ ഡാനിയേല്‍ പൊന്നൂസ്, ജിഎഫ്എ വൈസ് പ്രസിഡന്റും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ആയ ഡേവിഡ്‌ കരോള്‍, കാനഡയില്‍ സംഘടനയുടെ ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന അമേരിക്കകാരനായ എമറിക് എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു പ്രതികള്‍.

കേസിനോട് അനുബന്ധിച്ച് ചൊവ്വാഴ്ച ജിഎഫ്എയുടെ അമേരിക്കയിലെ ബ്രോഡ്കാസ്റ്റ് ആന്‍ഡ്‌ മീഡിയ റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ടോണ്‍ കോര്‍റ്റാഡോയെ ബന്ധപ്പെടുവാന്‍ ശ്രമിച്ചപ്പോഴൊന്നും അദ്ധേഹം  സഹകരിച്ചില്ല എന്ന് ദി ക്രിസ്ത്യന്‍ പോസ്റ്റ്‌ ആരോപിക്കുന്നു. ഇതേസമയം, ജിഎഫ്എ ക്രിസ്ത്യാനികളുടെ നല്ല മനസിനെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ഈ പണമെല്ലാം ദാനം ചെയ്തവര്‍ക്ക് തന്നെ തിരിച്ചു നല്‍കണമെന്നും ലീഡ് അറ്റോണി മാര്‍ക്ക്‌ ആര്‍ സ്റ്റാന്‍ലി പറഞ്ഞു.

“2007നും 2013നും ഇടയില്‍ 450,000,000 ഡോളറോളം അമേരിക്കയില്‍ നിന്ന് മാത്രം ജിഎഫ്എയ്ക്ക് ചാരിറ്റിയുടെ പേരില്‍ ലഭിച്ചു. സ്പോണ്‍സര്‍ഷിപ്‌ അടിസ്ഥാനത്തില്‍ ഓരോ മാസവും ആയിരക്കണക്കിനു ഡോളര്‍ ഓരോ അമേരിക്കക്കാരനില്‍ നിന്നും കിട്ടുന്നുണ്ട്. ഇതില്‍ ചെറിയ ഒരളവ് മാത്രമേ അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തുന്നുള്ളൂ ബാക്കി മുഴുവന്‍ സംഘടനയുടെ നടത്തിപ്പുകാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉപയോഗിക്കുകയാണ്,” കേസില്‍ പറയുന്നു.

“മതസ്ഥാപനമായതിനാലും ധര്‍മ്മസ്ഥാപനമായതിനാലും അമേരിക്കയില്‍ ഇവര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ഇന്റെര്‍ണല്‍ റെവന്യു സര്‍വിസില്‍ ബോധിപ്പിക്കേണ്ട ആവശ്യമില്ല, എന്നാല്‍ ഇന്ത്യയില്‍ ഈ സൌകര്യം അവര്‍ക്കില്ല. 2010ലെ ഇന്ത്യന്‍ ഫോറിന്‍ കോണ്‍ട്രിബ്യുഷന്‍ റെഗുലേഷന്‍ ആക്ട്‌ പ്രകാരം ജിഎഫ്എ നിര്‍ബന്ധമായും ഇന്ത്യയില്‍ ചിലവഴിക്കുന്ന പണത്തിനു രേഖ കാണിക്കേണ്ടതുണ്ട്,” കേസില്‍ ആരോപിക്കുന്നു.

“ഇത്കൂടാതെ, ദാതാക്കളെ കൊണ്ട് നിര്‍ബന്ധിതമായും ജിഎഫ്എ വില്‍ക്കുന്ന സാധനങ്ങള്‍, പ്രധാനമായും ഒട്ടകങ്ങള്‍, പുതപ്പുകള്‍, ബൈക്കുകള്‍ എന്നിവ വാങ്ങിപ്പിച്ചിരുന്നു. ഏറ്റവും ഒടുവില്‍ കിട്ടുന്ന വിവരം അനുസരിച്ച് ജിഎഫ്എ ആഗോളതലത്തില്‍ 115,000,000 ഡോളര്‍ ശേഖരിച്ചിട്ടുണ്ട്, ഇതില്‍ 14,644,642 ഡോളര്‍ മാത്രമാണ് ഇവര്‍ ധര്‍മ്മപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ ചിലവഴിച്ചിട്ടുള്ളത്,” കേസില്‍ പറയുന്നു.

Read More >>