കായല്‍ കയ്യേറ്റം; നടന്‍ ജയസൂര്യയ്ക്ക് എതിരെ അന്വേഷണ ഉത്തരവ്

മൂവാറ്റുപുഴ: നടന്‍ ജയസൂര്യ എറണാകുളം കൊച്ചു കടവന്ത്രയില്‍ ചിലവന്നൂര്‍ കായല്‍ കൈയേറി ചുറ്റുമതിലും ബോട്ട്‌ ജെട്ടിയും നിര്‍മിച്ചുവെന്ന പരാതിയില്‍...

കായല്‍ കയ്യേറ്റം; നടന്‍ ജയസൂര്യയ്ക്ക് എതിരെ അന്വേഷണ ഉത്തരവ്


jayasurya

മൂവാറ്റുപുഴ: നടന്‍ ജയസൂര്യ എറണാകുളം കൊച്ചു കടവന്ത്രയില്‍ ചിലവന്നൂര്‍ കായല്‍ കൈയേറി ചുറ്റുമതിലും ബോട്ട്‌ ജെട്ടിയും നിര്‍മിച്ചുവെന്ന പരാതിയില്‍ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു.


പൊതുപ്രവര്‍ത്തകന്‍ കളമശേരി സ്വദേശി ഗിരീഷ്‌ ബാബു സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ വിജിലന്‍സ്‌ ജഡ്‌ജി പി. മാധവന്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. കേസിൽ അ‌ഞ്ചാം പ്രതിയാണ് ജയസൂര്യ. എക്‌സിക്യൂട്ടിവ് എൻജിനീയർ എൻ.എം. ജോർജ്, നിലവിലെ അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ എ. നിസാർ, കണയന്നൂർ താലൂക്ക് ഹെഡ് സർവേയർ, രാജീവ് ജോസഫ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.


എറണാകുളം വിജിലന്‍സ്‌ യൂണിറ്റ്‌ ഡിവൈ.എസ്‌.പിക്കാണ്‌ അന്വേഷണചുമതല. ഭൂമി കൈയേറ്റം സംബന്ധിച്ച്‌ 2013 ഓഗസ്‌റ്റ്‌ ഒന്നിന്‌ കൊച്ചി കോര്‍പറേഷനില്‍ പരാതി ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ അനധികൃത നിര്‍മാണം പൊളിച്ചു നീക്കാന്‍ ആവശ്യപ്പെട്ട്‌ 2014 ഫെബ്രുവരി 25ന്‌ കോര്‍പറേഷന്‍ നോട്ടീസ്‌ നല്‍കി.


എന്നാല്‍ നിര്‍മാണം നീക്കാന്‍ താരം തയാറായില്ല. ഇതേ തുടര്‍ന്ന്‌ ഭൂമി അളന്ന്‌ തിട്ടപ്പെടുത്താന്‍ കണയന്നൂര്‍ താലൂക്ക്‌ സര്‍വേയറെ ചുമതലപ്പെടുത്തി. എന്നാല്‍ കൊച്ചിന്‍ കോര്‍പറേഷന്‍ അധികൃതരേയും താലൂക്ക്‌ സര്‍വേയറേയും സ്വാധീനിച്ച്‌ തുടര്‍ നടപടികള്‍ മരവിപ്പിച്ചെന്ന്‌ ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു.