ജയിലറകളില്‍ അവസാനിക്കുന്ന ആദിവാസി സ്വപ്‌നങ്ങള്‍

പണിയ ആചാരപ്രകാരം പെണ്‍കുട്ടി വയസ്സറിയിച്ചാല്‍ ഇഷ്ടമുള്ളയാളുടെ കൂടെ ജീവിക്കാം. ഇരുവീട്ടുകാരുടെയും അറിവോടെയും സമ്മതത്തോടെയും കൂടി വിവാഹിതരായതാണെങ്കിലും നിയമത്തിന്റെ അനുവാദമില്ലാത്തതിനാല്‍ ഈ 21 കാരന്‍ കൊടുംകുറ്റവാളിയായി മുദ്രകുത്തപ്പെട്ട് ജയിലില്‍ കഴിയുകയാണ്.

ജയിലറകളില്‍ അവസാനിക്കുന്ന ആദിവാസി സ്വപ്‌നങ്ങള്‍

naseeba-story

വയനാട് ജില്ലയിലെ ഇടിയംവയല്‍ പണിയ ആദിവാസി കോളനിയിലെ ബിനുവിന്റെ അമ്മ മിനി ജോലിക്ക് പോയിട്ട് രണ്ട് മാസം കഴിഞ്ഞു. ജയിലിലായ മകന്‍ പുറത്തിറങ്ങാന്‍ നിയമത്തിന്റെ ദയ കാത്തിരിക്കുന്നു. മകന്‍ പുറത്തിറങ്ങാതെ ആ കുടുംബത്തിന് ഇനി മറ്റൊന്നും ചെയ്യാനാവില്ല. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനായി കൊണ്ടു വന്ന 'പോക്‌സോ' നിയമപ്രകാരമുള്ള കേസിലാണ് ബിനു വൈത്തിരി ജയിലില്‍ അടക്കപ്പെട്ടിരിക്കുന്നത്. മറ്റുവിവിധ മത-ജാതി വിഭാഗങ്ങളെ പോലെ പരമ്പരാഗത ആചാര പ്രകാരം വിവാഹം കഴിച്ചതാണ് ബിനു ചെയ്്ത ഏകകുറ്റം. പീഡനത്തിനിരയായെന്നു നിയമം പറയുന്ന പെണ്‍കുട്ടി ബിനുവിന്റെ ഭാര്യയാണ്. എന്നാല്‍, പെണ്‍കുട്ടിക്ക് 18 വയസാവാത്തതിനാല്‍ നിയമത്തിന്റെ കണ്ണില്‍ ബിനു കുറ്റവാളിയായി.


പണിയ ആചാരപ്രകാരം പെണ്‍കുട്ടി വയസ്സറിയിച്ചാല്‍ ഇഷ്ടമുള്ളയാളുടെ കൂടെ ജീവിക്കാം. ഇരുവീട്ടുകാരുടെയും അറിവോടെയും സമ്മതത്തോടെയും കൂടി വിവാഹിതരായതാണെങ്കിലും നിയമത്തിന്റെ അനുവാദമില്ലാത്തതിനാല്‍ ഈ 21 കാരന്‍ കൊടുംകുറ്റവാളിയായി മുദ്രകുത്തപ്പെട്ട് ജയിലില്‍ കഴിയുകയാണ്.

സമാനമായ കുറ്റം ചുമത്തപ്പെട്ട് മൂന്നുമാസം മാനന്തവാടി ജയിലില്‍ കഴിഞ്ഞ തിരുവണ്ണൂര്‍ കോളനിയിലെ ശിവദാസന്‍(19) കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ഒരുമാസം മുമ്പ് ജാമ്യം ലഭിച്ചെങ്കിലും ജാമ്യക്കാരില്ലാത്തതിനാല്‍ ശിവദാസന് പുറത്തിറങ്ങാനായിരുന്നില്ല. കോളനിക്ക് സമീപമുള്ള ഇഷ്ടിക ചൂളയില്‍ ജോലി ചെയ്തിരുന്ന ശിവദാസന്റെ തുച്ഛമായ കൂലിയെ ആശ്രയിച്ചാണ് ഒമ്പതംഗ കുടുംബം കഴിഞ്ഞിരുന്നത്. അരയ്ക്ക് താഴേക്ക് തളര്‍ന്ന ശിവദാസാന്റെ അച്ഛന്‍ ജോലിക്ക് പോയിട്ട് വര്‍ഷങ്ങളായി. അമ്മയുടെ 250 രൂപ ദിവസക്കൂലിയിലാണ് ഈ കുടംബം ഇന്ന് കഴിയുന്നത്. ശിവദാസനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച നിയമപ്രകാരം 'ഇരയായി' വ്യാഖ്യാനിക്കപ്പെട്ട പെണ്‍കുട്ടി നിര്‍ഭയ സെന്ററിലാണുള്ളത്.

അയ്യപ്പന്‍മൂലയിലെ ബാബുവിനെ ജാമ്യം ലഭിച്ചതിന് ശേഷവും ജയിലില്‍ എത്തിച്ചത് ഇതേ നിയമമാണ്. ജാമ്യം ലഭിച്ച ബാബു ഭാര്യയെ തേടിയെത്തിയത് മറ്റൊരു അതിക്രമമായാണ് നിയമം കണ്ടത്. ബാബുവിന് പെണ്‍കുട്ടി ഭാര്യയാണെങ്കില്‍ നിയമത്തിന്റെ കണ്ണില്‍ ബാബു പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റവാളിയാണ്. കൂടാതെ, ജാമ്യത്തിലിറങ്ങിയതിന് ശേഷം ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ച കൊടുംക്രിമിനലും.


ബിനുവിന്റെയും ബാബുവിന്റെയും ശിവദാസന്റെയുമൊന്നും ജീവിതം ഒറ്റപ്പെട്ട സംഭവങ്ങളല്ല. വയനാട് ജില്ലയിലെ വിവിധ കോളനികളിലായി ഇരുപതോളം ആദിവാസി യുവാക്കളാണ് ഗോത്രാചാര പ്രകാരം വിവാഹം കഴിച്ചതിന് ജയിലില്‍ അടക്കപ്പെട്ടിരിക്കുന്നത്. വിവിധ ജനവിഭാഗങ്ങളെയും അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും പരിഗണിക്കാതെ കൊണ്ടുവന്ന നിയമമാണ് ഇന്ന് ആദിവാസി യുവാക്കളെ കുട്ടികളെ പീഡിപ്പിക്കുന്നവരാക്കി ചിത്രീകരിച്ച് ജയിലില്‍ അടക്കുന്നത്. പെണ്‍കുട്ടികളാവട്ടെ നിയമവും കോടതികളും കൊണ്ടു പോയ ഭര്‍ത്താക്കന്‍മാരെ കാത്ത് നിര്‍ഭയ കേന്ദ്രങ്ങളില്‍ കഴിയുന്നു.

കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ തടയാനും കര്‍ശനമായി ശിക്ഷിക്കാനും 1989ലെ കുട്ടികളുടെ അവകാശ ഉടമ്പടിയും ഇന്ത്യന്‍ ഭരണഘടനയും ഉറപ്പു നല്‍കുന്ന കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ലിംഗഭേദമില്ലാതെ ബാലസൗഹൃദമായ നടപടിക്രമങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിയമമാണ് പോക്‌സോയെന്നാണ് (Protection Of Children from Sexual Offences Act 2012) പറയുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം(ഐപിസി), ബാലനീതി നിയമം(2000), ഗാര്‍ഹിക പീഡനത്തില്‍ നിന്ന് സ്ത്രീകള്‍ക്കുള്ള സംരക്ഷണ നിയമം(2005), ഐടി ആക്ട്(2000), കേരളാ പോലീസ് ആക്ട്(2011) തുടങ്ങിയ നിയമങ്ങള്‍ നിലനില്‍ക്കേയാണ് 2012ല്‍ പോക്‌സോ നിയമം പാസാക്കുന്നത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് മറ്റു നിയമങ്ങള്‍ ഫലപ്രദമല്ലെന്നു പറഞ്ഞായിരുന്നു പുതിയ നിയമം കൊണ്ടുവന്നത്.

ആരെയും വിശ്വസിക്കാത്ത ഈ നിയമ പ്രകാരം 'കുറ്റകൃത്യം' റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തുന്നവര്‍ ആറ് മാസം തടവും പിഴയും അനുഭവിക്കണം. അതിനാല്‍ ട്രൈബല്‍ പ്രമോട്ടര്‍മാരുടേയും അംഗനവാടി ടീച്ചര്‍മാരുടേയും ഡോക്ടര്‍മാരുടേയും പരാതി പ്രകാരമാണ് അധിക കേസുകളുമെടുക്കുന്നത്. ' മുഖ്യധാരാ' സമൂഹങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ ആചാരങ്ങളും രീതികളുമായി ജീവിക്കുന്ന ആദിവാസികള്‍ ഈ നിയമത്തിന് മുന്നില്‍ കുറ്റവാളികളാണ്. സാമൂഹികമായും സാമ്പത്തികമായും സാംസ്‌കാരികമായും അടിച്ചമര്‍ത്തപ്പെട്ടു കൊണ്ടിരിക്കുന്ന ആദിവാസികളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നതിന് മാത്രമേ ഈ നിയമം സഹായിക്കുന്നുള്ളൂ. വയനാട്ട് ജില്ലയില്‍ മാത്രം 90ഓളം പേര്‍ക്കെതിരെ ഈ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷവും ആദിവാസികളാണ്. വൈത്തിരി ജയിലില്‍ 12ഉം മാനന്തവാടി ജയിലില്‍ 8ഉം ആദിവാസി യുവാക്കളാണ് പോക്‌സോ ചുമത്തപ്പെട്ട് കഴിയുന്നത്. ഒരേ സമയം 'പ്രതിയും ഇരയും' നിയമത്തിന്റെ ഇരയായി മാറുന്ന വിചിത്രമായ സ്ഥിതിവിശേഷം !

18 വയസിന് താഴെയുള്ള പെണ്‍കുട്ടിയുമായി, അവരുടെ സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകൃത്യമായി കാണരുതെന്നു 2013 ആഗസ്റ്റില്‍ ഡല്‍ഹിയിലെ ഒരു കോടതി വിധിച്ചിരുന്നു. സമ്മതമില്ലാത്ത ലൈംഗിക ഇടപെടലുകളെ മാത്രം അതിക്രമമായി കണ്ടാല്‍ മതിയെന്നായിരുന്നു കോടതിയുടെ നിലപാട്. 18 വയസിന് താഴെയുള്ള കുട്ടികളുടെ എല്ലാ ലൈംഗിക ഇടപെടലുകളെയും നിയമവിരുദ്ധമായി കാണണമെന്ന പോലീസിന്റെ വാദം അംഗീകരിക്കാതെയുള്ള അന്നത്തെ കോടതി പരാമര്‍ശം ഇങ്ങനെ, ''ഡല്‍ഹി പോലിസിന്റെ വാദം അംഗീകരിക്കുകയാണെങ്കില്‍ 18 വയസിന് താഴെയുള്ള എല്ലാ ശരീരങ്ങളും ഭരണകൂടത്തിന്റെ സ്വത്തായി മാറും. ശരീരിക ആവശ്യങ്ങള്‍ അനുഭവിക്കാന്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് കഴിയുകയുമില്ല''- എന്നാല്‍, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം നടത്തണം. 15 വയസുകാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ച 22കാരനെയാണ് അന്ന് കോടതി വെറുതെ വിട്ടിരുന്നു. പ്രതിയെ ജയിലില്‍ അടച്ചതിനോടും കോടതി കടുത്ത എതിര്‍പ്പു പ്രകടിപ്പിച്ചു. ഭര്‍ത്താവിനെ ജയിലില്‍ അടക്കുന്നത് പെണ്‍കുട്ടിക്കു ഗുണം ചെയ്യില്ല. ഇന്ത്യന്‍ശിക്ഷാ നിയമപ്രകാരമുള്ള തട്ടിക്കൊണ്ടുപോവല്‍, നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളും ഭര്‍ത്താവിനെതിരെ നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. വയനാട്ടിലെ ആദിവാസി യുവാക്കളെ നിയമത്തിന്റെ സാങ്കേതികത്വത്തില്‍ കുരുക്കി കുറ്റവാളികളായി കാണുന്ന കോടതികള്‍ ഡല്‍ഹി കോടതി വിധി കൂടി പരിശോധിക്കേണ്ടതാണ്.

ഒരു ജനത എങ്ങനെ ജീവിക്കണം എന്തെല്ലാം ചെയ്യണം തുടങ്ങി എല്ലാ കാര്യങ്ങളും ഭരണകൂടം നിശ്ചയിക്കുന്ന അവസ്ഥ ജനാധിപത്യവിരുദ്ധമാണ്. സ്വതന്ത്രവും വേറിട്ടതുമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള ഒരു പ്രത്യേക വിഭാഗത്തിന് നേരെയുള്ള കൈയ്യേറ്റമാണിത്. 'പരിഷ്‌കൃത സമൂഹം' എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ സംസ്‌കാരത്തിലേക്ക് നിര്‍ബന്ധിതമായി ലയിപ്പിക്കാന്‍ ശ്രമിക്കുകയും അതുവഴി ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യുകയാണ് നമ്മുടെ നിയമവ്യവസ്ഥ. വിവേചനരഹിതമായി പോക്‌സോ പോലുള്ള നിയമങ്ങള്‍ വംശഹത്യ നേരിടുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് മേല്‍ ചുമത്തുമ്പോള്‍ വംശീയ ഉന്മൂലനമാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്.

Read More >>