ആക്ഷന്‍ ഹീറോ "എബ്രിഡ് ഷൈന്‍"

ഈ ചിത്രം ഇറങ്ങിയ ശേഷം ആരെങ്കിലും ഷൈന്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ഇതിന്‍റെ സംവിധായകന്‍ എബ്രിഡ് ഷൈന്‍ തന്നെയാണ്. സ്ഥിരം പൈങ്കിളി നായകനായ...

ആക്ഷന്‍ ഹീറോ "എബ്രിഡ് ഷൈന്‍"

Action-Hero-Biju-Poster

ഈ ചിത്രം ഇറങ്ങിയ ശേഷം ആരെങ്കിലും ഷൈന്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ഇതിന്‍റെ സംവിധായകന്‍ എബ്രിഡ് ഷൈന്‍ തന്നെയാണ്. സ്ഥിരം പൈങ്കിളി നായകനായ നിവിന്‍ പോളിക്ക് ഒരു പോലീസ് വേഷം നല്‍കി, വളരെ റിയലിസ്റ്റിക്കായി ഒരു എസ്ഐയുടെ കഥ പറഞ്ഞു ഫലിപ്പിച്ചു, കഥാപാത്രങ്ങള്‍ ഏറെയുള്ള ചിത്രത്തില്‍ ക്ലീഷേ താരങ്ങളെ ഒഴിവാക്കി പുതുമുഖങ്ങളെ വച്ച് നടത്തിയ പരീക്ഷണം വിജയം കണ്ടു, എല്ലാം കൂടി ഒത്തു ചേരുമ്പോള്‍ എബ്രിഡ് ഷൈന്‍ തന്നെയല്ലേ യഥാര്‍ഥ ആക്ഷന്‍ ഹീറോ ?


ഭരത് ചന്ദ്രന്‍ ഐപിഎസ്സും, എസ്ഐ ബാലറാമും, ബാബകല്യാണിയുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന മലയാളി സിനിമ പ്രേക്ഷകരുടെ ഇടയിലേക്കാണ് ഒരു പഞ്ച് ഡയലോഗുപോലും പറയാത്ത ബിജു പോലീസ് കടന്നു വരുന്നത്. ടാഗ് ലൈന്‍ സൂച്ചിപിക്കുന്നത് പോലെ ഒരു പോലീസുകാരന്റെ ജീവിതത്തില്‍ സംഭവിക്കാവുന്ന ഒരു പിടി കാര്യങ്ങളുടെ കൃത്യയതയാര്‍ന്ന ആവിഷ്ക്കാരം തന്നെയാണ് ആക്ഷന്‍ ഹീറോ ബിജു.

ആക്ഷന്‍ ഹീറോ ബിജു ഒരു സാധാരണ എസ്ഐയാണ് അത് കൊണ്ട് തന്നെ അയാള്‍ക്ക് പഞ്ച് ഡയലോഗുകള്‍ ഇല്ല, മന്ത്രിയുടെ മുഖത്ത് നോക്കി ഇംഗ്ലീഷില്‍ തെറി പറയുന്നില്ല, കള്ളന്മാരെ പിടിക്കുമ്പോള്‍ രോമം എഴുന്നേറ്റു നില്‍ക്കുന്ന ബിജിഎമ്മും ഇല്ല. അതിന്റെ ഒപ്പം ലോകം മുഴുവന്‍ ബ്രാഞ്ച് ഉള്ള ഒരു സ്ഥിരം വില്ലനും ഈ ചിത്രത്തില്‍ ഇല്ല. ഇങ്ങനെ ഒരു സാഹചര്യത്തില്‍ നിവിന്‍ പോളിയുടെ പോലീസ് വേഷം തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതായിരുന്നു എന്ന് പറയുന്നതില്‍ എന്ത് പ്രസക്തി എന്ന് അറിയില്ല, എങ്കിലും ഒരു അഭിനേതാവ് എന്ന നിലയില്‍ നിവിന്റെ പരിമിതകള്‍ വ്യക്തമാക്കുന്ന രണ്ടാമത്തെ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു (ആദ്യ ചിത്രം ഇവിടെ)

ഈ ചിത്രത്തില്‍ പറയുന്നത് ഒരൊറ്റ കഥയല്ല. ഒരു എസ്ഐയുടെ മുന്നില്‍ വരുന്ന നിരവധി കേസുകള്‍, അതിലെ പ്രതികളും സാക്ഷികളും, അവരുടെ ജീവിതത്തിലേക്ക് ഇറങ്ങി ചെല്ലുന്ന എസ്ഐ..ഇങ്ങനെയാണ് ഈ കഥ മുന്നോട്ട് പോകുന്നത്.

കഥയാകുമ്പോള്‍ ഒരു നായിക വേണമല്ലോ, സിനിമയാകുമ്പോള്‍ ഒരു ഗാനം വേണമല്ലോ എന്ന് ഒക്കെ പഴമക്കാര്‍ പറയും. ഈ ചിത്രത്തിലെ ഒരു പോരായ്മ (വ്യക്തിപരമായ അഭിപ്രായം) എന്ന് പറയുന്നത് ഗാന രംഗങ്ങളില്‍ മാത്രം ഒരു മൊബൈലും കൊണ്ട് പ്രത്യക്ഷപ്പെടുന്ന നായികയാണ്. പുതുമുഖം അനു ഇമ്മനുവലാണ് ഈ മൊബൈലും പിടിച്ചു കൊണ്ട് നടക്കുന്ന നായിക. നായിക പ്രസക്തി ഇല്ലാത്ത കഥയായത് കൊണ്ട് സിനിമയില്‍ മൊത്തം 5 ഡയലോഗു മാത്രം പറഞ്ഞു കൊണ്ട് അനു തന്റെ ഭാഗം നല്ല രീതിയില്‍ തന്നെ ചെയ്തു.

ഇനി എടുത്ത് പറയാന്‍ ഉള്ള കഥാപാത്രം എന്ന് പറയാന്‍ ഉള്ളത് സുരാജ് വെഞ്ഞാറന്‍മൂട് അവതരിപ്പിച്ച പവിത്രന്‍ എന്ന കഥാപാത്രമാണ്. വെറും 2 സീനില്‍ മാത്രം വന്നു പോകുന്ന പവിത്രന്‍ സുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ്.

ആക്ഷന്‍ ഹീറോ ബിജു ഒരു മാസ് സിനിമയല്ല, പക്ഷെ ഒരിക്കല്‍ കണ്ടിരിക്കാവുന്ന ഒരു നല്ല സിനിമ തന്നെയാണ് ഇത്...