താജികിസ്ഥാനില്‍ 'തീവ്രവാദം' തടയാന്‍ നിര്‍ബന്ധിത പരിഷ്‌കരണം

ദുഷാന്‍ബെ: തീവ്രവാദത്തെ ചെറുക്കാനെന്ന പേരില്‍ വിചിത്രമായ നടപടിയുമായി എത്തിയിരിക്കുകയാണ് താജികിസ്ഥാന്‍ സര്‍ക്കാര്‍. രാജ്യത്തെ 13,000 ഓളം പേരുടെ...

താജികിസ്ഥാനില്‍

tajikisthan

ദുഷാന്‍ബെ: തീവ്രവാദത്തെ ചെറുക്കാനെന്ന പേരില്‍ വിചിത്രമായ നടപടിയുമായി എത്തിയിരിക്കുകയാണ് താജികിസ്ഥാന്‍ സര്‍ക്കാര്‍. രാജ്യത്തെ 13,000 ഓളം പേരുടെ താടിയാണ് നിര്‍ബന്ധിതമായി പോലീസ് വെട്ടിച്ചത്. കൂടാതെ രാജ്യത്ത് പരമ്പരാഗത മുസ്ലീം വസ്ത്രങ്ങള്‍ വില്‍ക്കുന്ന 160 ല്‍ അധികം കടകളും അടപ്പിക്കുകയും സ്ത്രീകള്‍ക്ക് ശിരോവസ്ത്രം ധരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി.

അഫ്ഗാനിസ്ഥാനിലേത് പോലെ തീവ്രവാദ പ്രവര്‍ത്തനം രാജ്യത്ത് വളരാതിരിക്കാനാണ് പുതിയ 'പരിഷ്‌കാരം' എന്നാണ് സര്‍ക്കാര്‍ നയം നടപ്പാക്കുന്ന പോലീസിന്റെ വിശദീകരണം.


ഇതുകൊണ്ടും അവസാനിക്കുന്നില്ല താജികിസ്ഥാനിലെ 'തീവ്രവാദ വിരുദ്ധ' പ്രവര്‍ത്തനങ്ങള്‍. യുവാക്കള്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നത് രാജ്യത്തെ മതേതര സര്‍ക്കാര്‍ നേരത്തേ തന്നെ നിരോധിച്ചിരുന്നു. കഴിഞ്ഞ ആഴ്ച്ച അറബിക് അര്‍ത്ഥം വരുന്ന പേരുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് താജികിസ്ഥാന്‍ പാര്‍ലമെന്റ് നിരോധിച്ചു. താജികിസ്ഥാനിലെ ഏക മുസ്ലീം രാഷ്ട്രീയ പാര്‍ട്ടിയായ ഇസ്ലാമിക് റെനസാന്‍സ് പാര്‍ട്ടിയെ സുപ്രീം കോടതി നേരത്തേ തന്നെ നിരോധിച്ചിരുന്നു.

മതേതര സര്‍ക്കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇമാമലി രാഖമോണാണ് രാജ്യം ഭരിക്കുന്നത്. 1994 ല്‍ അധികാരത്തിലെത്തിയ സര്‍ക്കാറിന്റെ കാലവധി അവസാനിക്കുന്നത് 2020 ലാണ്. കഴിഞ്ഞ ഡിസംബറില്‍ പ്രസിഡന്റിനേയും കുടുംബത്തേയും നിയമനടപടി ക്രമങ്ങളില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള പ്രത്യേക നിയമം താജികിസ്ഥാന്‍ പര്‍ലമെന്റ് പുറപ്പെടുവിച്ചിരുന്നു. 'രാഷ്ട്ര നേതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസിഡന്റിനെ രാജ്യത്ത് ഐക്യവും സമാധാനവും സ്ഥാപിച്ച നേതാവെന്ന വിശേഷണവുമുണ്ട്.

മുന്‍ സോവിയറ്റ് യൂണിയന്‍ രാജ്യങ്ങളില്‍ ഏറ്റവും ദരിദ്രമായ താജികിസ്ഥാന്‍. രാജ്യത്തെ ജനസംഖ്യയില്‍ 95 ശതമാനത്തിന് മുകളില്‍ മുസ്ലിങ്ങളാണ്. രാജ്യത്തെ 7.1 മില്യണ്‍ ജനങ്ങളും ദരിദ്രരാണെന്നാണ് ഔദ്യോഗിക കണക്കുകള്‍.

Read More >>