നിങ്ങളുടെ അവകാശങ്ങളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു 'സിഫ്ല'

'നിങ്ങളുടെ അവകാശങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് ഇല്ലാതെ പോകുന്ന അറിവാണ് നിങ്ങളെ ചൂഷണം ചെയ്യുന്നവരുടെ പ്രധാന ആയുധം' . തങ്ങളുടെ ചുറ്റുമുള്ള സമൂഹത്തില്‍,...

നിങ്ങളുടെ അവകാശങ്ങളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു

Untitled-1

'നിങ്ങളുടെ അവകാശങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് ഇല്ലാതെ പോകുന്ന അറിവാണ് നിങ്ങളെ ചൂഷണം ചെയ്യുന്നവരുടെ പ്രധാന ആയുധം' . തങ്ങളുടെ ചുറ്റുമുള്ള സമൂഹത്തില്‍, ദൈനംദിന ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമപരമായ അവകാശങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുന്ന വിദ്യാര്‍ഥികളുടെ സംഘടനയാണ് 'സിഫ്ല'.

'സമര്‍പ്പണ ബോധമുള്ള ഒരു സമൂഹത്തിലാണ് നാളെയുടെ ഭദ്രത' എന്ന ചിന്തയില്‍ നിന്നും ഒരു കൂട്ടം നിയമ വിദ്യാര്‍ഥികള്‍ കെട്ടിപ്പടുത്ത ആശയവും ആവിഷ്കാരവുമാണ്

സിഫ്ല (SIFLA:  SOCIETY FOR IMPARTING FUNDAMENTAL LEGAL AWARENESS)

സഹപാഠികളുമായി സൗഹൃദ സംഭാഷണം നടത്തുന്നതിന്‍റെ ഇടയിലാണ്  തിരുവനന്തപുരം ലോ അക്കാദമിയിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയായ വിഷ്ണു നായര്‍ക്ക് ഇങ്ങനെ ഒരു ചിന്ത മനസ്സില്‍ വന്നത്. രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്‍റെ ഘടന, അധികാരങ്ങള്‍, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൌരന്‍റെ മൌലികാവകാശങ്ങൾ, കടമകൾ, രാഷ്ട്ര ഭരണത്തിനായുള്ള നിർദ്ദേശകതത്വങ്ങൾ തുടങ്ങി സാധാരണക്കാരന് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരുപാട് കാര്യങ്ങളുണ്ട് നമ്മുടെ നിയമപുസ്തകത്തില്‍. ഈ കാര്യങ്ങള്‍  എന്ത് കൊണ്ട് നിയമം പഠിക്കുന്ന തങ്ങള്‍ക്കു തന്നെ സിമ്പിളായി സാധരണക്കാരന് പറഞ്ഞു കൊടുത്തുകൂടാ എന്ന ചിന്ത വന്ന ഉടന്‍ തന്നെ സുഹൃത്തും സീനിയര്‍ വിദ്യാര്‍ഥിയുമായ അമല്‍ ദര്‍ശനുമായി ഈ ആശയം പങ്കുവയ്ക്കുകയും തുടര്‍ന്ന് 'സിഫ്ല' എന്ന കൂട്ടായ്മ രൂപപ്പെടുകയുമായിരുന്നു.

[caption id="attachment_4570" align="aligncenter" width="620"]തിരുവനന്തപുരത്തെ ഒരുഒരു പ്രമുഖ സ്കൂളില്‍ സിഫ്ല ക്ലാസ് എടുക്കുന്നു തിരുവനന്തപുരത്തെ ഒരു പ്രമുഖ സ്കൂളില്‍ സിഫ്ല ക്ലാസ് എടുക്കുന്നു[/caption]

ഓരോ ഇന്ത്യക്കാരനും രാജ്യം അനുവദിച്ചു കൊടുത്തിട്ടുള്ള ചില മൌലിക അവകാശങ്ങള്‍ ഉണ്ട്. പണ്ട് സോഷ്യല്‍ സയന്‍സ് ടെക്സ്റ്റ്‌ ബുക്ക്‌ കാണാപ്പാഠം പഠിച്ചു നിങ്ങള്‍ അവസാനിപ്പിച്ച ആ അവകാശങ്ങള്‍ നിങ്ങള്‍ക്ക് എത്രമാത്രം ആവശ്യമാണ് അല്ലെങ്കില്‍ സഹായകരമാണ് എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് സിഫ്ലയുടെ അടിസ്ഥാന ലക്ഷ്യം.

നിയമം പഠിക്കുന്നവര്‍ അല്ലെങ്കില്‍ നിയമം അറിയാവുന്നവര്‍ നിയമം മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്നതില്‍ എന്താണ് പ്രത്യേകത എന്ന് ചോദിച്ചാല്‍ ഒന്നുമില്ല. പക്ഷേ കേരളത്തിന്‌ അകത്തും പുറത്തുമുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളിലടക്കം സൗജന്യമായി ക്ലാസുകളും സെമിനാറുകളും മറ്റു അനുബന്ധ പരിപാടികളും സംഘടിപ്പിച്ച് വളര്‍ന്നു വരുന്ന നാളത്തെ തലമുറയിലേക്കാണ് ഇവര്‍ വെളിച്ചം പകരുന്നത്. ഇന്ത്യയിലെ സമകാലിക നിയമ സംവിധാനങ്ങളില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍, ഇന്ത്യന്‍ നിയമം അനുസരിച്ച് എന്താണ് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശവും തുടങ്ങി നിരവധി വിഷയങ്ങളില്‍ ഒട്ടനവധി പ്രമുഖര്‍ രസകരവും കൌതുകകരവുമായ ക്ലാസുകള്‍ എടുക്കുന്നുവെന്നതും സിഫ്ലയുടെ പ്രത്യേകതയാണ്.

[caption id="attachment_4569" align="aligncenter" width="620"]മുതിര്‍ന്ന പൌരന്മാര്‍ക്ക് വേണ്ടി സിഫ്ല സംഘടിപ്പിച്ച ക്ലാസ്സ്‌ മുതിര്‍ന്ന പൌരന്മാര്‍ക്ക് വേണ്ടി സിഫ്ല സംഘടിപ്പിച്ച ക്ലാസ്സ്‌[/caption]

“ഒരു ട്രെയിന്‍ യാത്രയ്ക്ക് ഇടയില്‍ എങ്ങനെയോ മനസിലേക്ക് കടന്നു വന്ന പേരാണ് സിഫ്ല. പിന്നീട് എല്ലാവരും ആ പേര് അംഗീകരിച്ചു," വ്യത്യത്യമായ ഈ പേരിന്റെ പിന്നിലെ രഹസ്യം വിഷ്ണു പറഞ്ഞു.

നിയമമെന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും വിദൂരമായ ഒരു സംഗതിയല്ലെന്നും അത് ജീവിത ബന്ധിയായ ഒരു ഘടകമാണെന്നും സാക്ഷ്യപ്പെടുത്തുകയാണ് സിഫ്ല. നിയമം ലംഘിക്കുന്ന ഒരാള്‍ ആ നിയമം തനിക്കജ്ഞാതമായിരുന്നു എന്നു സമാധാനം പറയുന്നത് അപരാധിത്വത്തില്‍ നിന്ന് മുക്തനാകാന്‍ കാരണമല്ലെന്നതാണ് മൗലിക തത്വം. ഈ അവസ്ഥ ഒഴിവാക്കുവാന്‍ വേണ്ടി നമുക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും നല്ല കാര്യം നാളത്തെ തലമുറയ്ക്ക് നിയമ സാക്ഷരത നല്‍കുക എന്നതാണ്. ഓരോ കൊച്ചു കുട്ടിക്കും തങ്ങളുടെ അവകാശങ്ങളെയും ബാധ്യതകളെയും കുറിച്ച് ബോധ്യപ്പെടുത്തുന്ന ഉള്‍ക്കാഴ്ച നല്‍കി അവരെ ശക്തരാക്കുക എന്നാണ് നിയമ സാക്ഷരതയെന്നത് കൊണ്ട് സിഫ്ല ഉദ്ദേശിക്കുന്നത്.

തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ആഴത്തിലുള്ളതും ശക്തവുമായ അവബോധം പകര്‍ന്നു കൊടുക്കുന്നതിലൂടെ മാത്രമേ ജീവിതത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചുമുള്ള വ്യക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അവര്‍ക്കു സാധിക്കുകയുള്ളൂ എന്ന് സിഫ്ല വിശ്വസിക്കുന്നു.

ഈ വിദ്യാര്‍ഥി കൂട്ടായ്മയ്ക്ക് മാര്‍ഗ നിര്‍ദ്ദേശികളായി പ്രൊഫസര്‍ ഡോ. വേര്ണന്‍ നീസ് (എച്.ഓ.ഡി, കാര്ട്ടിന്‍ സര്‍വകലാശാല, ഓസ്ട്രേലിയ), പ്രൊഫസര്‍ ഫ്രാങ്ക് ഫ്ലാക്കര്സ് (വിസിറ്റിംഗ് പ്രൊഫസര്‍, ഹാര്‍വേര്‍ഡ് ലോ സ്കൂള്‍), പ്രൊഫസര്‍ ഡോ. ഡോ വാന്‍ കിം (പ്രസിഡന്റ്‌, കൊറിയന്‍ അസ്സോസിയേഷന്‍ ഓഫ് സ്പേസ് ആന്‍ഡ്‌ ലോ), പ്രൊഫസര്‍ സാലിഗ്രാം ഭട്ട് (പ്രൊഫസര്‍ ഓഫ് ലോ, ബ്രൂസല്‍സ് സര്‍വകലാശാല), ഡോ. ലക്ഷ്മി നായര്‍ (പ്രിന്‍സിപ്പല്‍, കേരള ലോ അക്കാദമി),അഡ്വക്കേറ്റ്. നായര്‍ അജയകൃഷ്ണന്‍, പ്രൊഫസര്‍ അനില്‍കുമാര്‍ (അസോസിയേറ്റ് പ്രൊഫസര്‍, കേരള ലോ അക്കാദമി) എന്നിവരും ഉണ്ട്.