നിഷ്കളങ്കതയാണ് കാര്‍ത്തുവിന്റെ ഏറ്റവും വലിയ പരിഭവം; കാര്‍ത്തു: ഒരു അവലോകനം

മലയാള സിനിമയിലെ യുവച്ഛായഗ്രാഹകരില്‍ ഒരാളായ രാജിവ് വിജയ്‌ എന്ന തിരുവനന്തപുരത്തുകാരന്റെ ആദ്യ ഹൃസ്വ ചിത്രമായ കാര്‍ത്തുവിനെ കുറിച്ചൊരു...

നിഷ്കളങ്കതയാണ് കാര്‍ത്തുവിന്റെ ഏറ്റവും വലിയ പരിഭവം; കാര്‍ത്തു: ഒരു അവലോകനം

KARTHU_short_Movie

മലയാള സിനിമയിലെ യുവച്ഛായഗ്രാഹകരില്‍ ഒരാളായ രാജിവ് വിജയ്‌ എന്ന തിരുവനന്തപുരത്തുകാരന്റെ ആദ്യ ഹൃസ്വ ചിത്രമായ കാര്‍ത്തുവിനെ കുറിച്ചൊരു അവലോകനം.

നിഷ്കളങ്കതയാണ് കാര്‍ത്തുവിന്റെ ഏറ്റവും വലിയ പരിഭവം എന്ന്  പറഞ്ഞു കൊണ്ട് തന്നെ തുടങ്ങാം.

എല്ലാവര്ക്കും എല്ലാ നാളിലും താലോലിക്കുന്ന ഓര്‍മ്മയാണ് ബാല്യകാലം. ഈ ബാല്യകാലത്തെയാണ് ഇന്ന് പലരും ചൂഷണം ചെയ്യുന്നത്. ഇതേ ബാല്യത്തെയാണ് നാഗരീകതയുടെ ചില്ല് കൂട്ടില്‍ അടച്ചു പ്രകൃതിയില്‍ നിന്നും നമ്മള്‍ അകറ്റി നിര്‍ത്തുന്നത്. ബാല്യത്തിന്റെ നിഷ്കളങ്കതയും പരിഭവങ്ങളും പ്രകൃതിയുമായും ഇന്നത്തെ സാമൂഹിക വ്യവസ്ഥിതികളുമായും കൂട്ടിയോജിപ്പിച്ച് രാജീവ് ഒരുക്കുന്ന കാര്‍ത്തു പ്രേക്ഷകര്‍ക്ക് വേറിട്ട ഒരു ദൃശ്യ വിരുന്നു തന്നെയായിരിക്കും.


സാമൂഹിക പ്രതിബദ്ധതയുടെ ഒരു വേറിട്ട മുഖമാണ് ഈ കൊച്ചു ചിത്രം എന്ന് പറയുന്ന സംവിധായകന്‍, ഇത് കാര്‍ത്തുവിന്റെ കഥയാണ് എന്നും കാര്‍ത്തു നമ്മുടെ സമൂഹത്തിനു ഇന്ന് നഷ്ടമായി കൊണ്ടിരിക്കുന്ന നന്മയുടെ മുഖമാണ് എന്നും കൂട്ടിചേര്‍ക്കുന്നു.

പ്രകൃതി എന്താ എന്ന് ചോദിച്ചാല്‍ “എന്റെ ഫ്ലാറ്റിന്റെ ജനാലയിലൂടെ കാണുമ്പോള്‍ ദൂരെ കാണുന്ന കുറച്ചു മരച്ചില്ലകള്‍” എന്ന് ഇന്നത്തെ കുട്ടികള്‍ പറയുന്ന അവസ്ഥയിലേക്ക് നമ്മുടെ പ്രകൃതി ചുരുങ്ങിയിരിക്കുന്നു. ഇതേ സമൂഹത്തിന്റെ ഭാഗമായിയാണ് 15 വയസുകാരി കാര്‍ത്തുവിനെ സംവിധായകന്‍ അവതരിപിക്കുന്നത്.

തുമ്പിയെ പിടിക്കുന്ന കുട്ടി, പോപ്‌ കോണിലും മാളിലും അല്ല മറിച്ചു പൂവിലും പൂമ്പാറ്റയിലുമാണ് പ്രകൃതിയെന്നു സ്വയം തിരിച്ചറിയുന്ന കുട്ടി, ന്യൂ ജനറേഷന്‍ സംവിധായകര്‍ പറയുന്ന സിനിമ കഥകളെക്കാള്‍ അമ്മുമ്മ പറയുന്ന മുത്തശ്ശി കഥകള്‍ കേട്ടു ഉറങ്ങാന്‍ ആഗ്രഹിക്കുന്ന കുട്ടി.ഇതൊക്കെയാണ് കാര്‍ത്തു.

അമ്മയുടെ ശകാരവും, അനിയന്‍റെ അവഗണനയും, അപ്പുപ്പന്റെ വാത്സല്യവും ഒക്കെ കാര്‍ത്തുവിനു പറയാന്‍ ഒരുപാട് കഥകളും വിശേഷങ്ങളുമുണ്ട്. അവളുടെ ഈ വിശേഷങ്ങളിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്.

നമുക്ക് നഷ്ടമാകുന്ന ഈ പ്രകൃതിയുടെ കഥ പറഞ്ഞു കൊണ്ട് തുടങ്ങുന്ന കാര്‍ത്തു, പിന്നീട് അവളുടെ ജീവിതത്തില്‍ സംഭവിച്ച ഇതുവരെ ആരോടും പറയാതെയിരുന്ന വലിയ ഒരു രഹസ്യം കാഴ്ചക്കാരോട് മാത്രമായി പറയുകയാണ്.

ഗള്‍ഫുകാരനായ തന്റെ അച്ഛന്‍ നാട്ടില്‍ വന്നപ്പോള്‍ കൂടെ ശ്രീലങ്കകാരനായ ഒരു സുഹൃത്തും ഉണ്ടായിരുന്നു. തങ്ങള്‍ക്ക് വേണ്ടി പുത്തന്‍ ടിവിയുമായി വന്ന അച്ഛനും സിഗരറ്റിന്റെ ഗന്ധം ഒരു ഹരമായി മാറിയ അച്ഛന്റെ സുഹൃത്തും വന്ന ദിവസത്തെ കുറിച്ച് കാര്‍ത്തുവിനു ചിലത് പറയാന്‍ ഉണ്ട്.

ഇന്നത്തെ സമൂഹം എന്താണ് എന്നും, അവരുടെ ചിന്താഗതികള്‍ എങ്ങനെയാണ് എന്നും കാര്‍ത്തുവിന്റെ ഒപ്പം സഞ്ചരിച്ചു കൊണ്ട് പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് സംവിധായകന്‍ ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്.

എന്നും കേള്‍ക്കുന്ന കഥകളിലും വായിക്കുന്ന വാര്‍ത്തകളിലും പരിതപിക്കുകയും സഹതാപിക്കുകയും ചെയ്യുന്ന നമ്മുടെ മുന്നിലേക്ക് നിശകളങ്കയായ ഒരു പെണ്‍കുട്ടിയുടെ പരിഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് രാജീവ് വിജയ്‌.

കാര്‍ത്തുവിന്റെ കഥ ഒരു മുന്നറിയിപ്പാണ് എന്ന് സ്വയം പറഞ്ഞു കൊണ്ട് നിങ്ങള്‍ ഈ ചിത്രം കണ്ടു അവസാനിപിക്കും. പക്ഷെ ആ മുന്നറിയിപ്പ് നിങ്ങളെ ഒരിക്കലും മടുപിക്കില്ല എന്ന് സംവിധായകന്‍ ഉറപ്പ് പറയുന്നു. ഈ ഹൃസ്വ ചിത്രം കണ്ട നിരവധി പ്രമുഖരും രാജീവ്‌ വിജയ്യെ പ്രശംസിച്ചു രംഗത്ത് എത്തിയിരുന്നു.

ആതിര രാജീവാണ് ‘കാര്‍ത്തു’വിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സത്യന്‍ നമ്പ്യാരുടെ വരികള്‍ക്ക് ജയന്‍ പിഷാരടി ഇണം പകര്‍ന്നിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് ആതിര ലാല്‍.

മലയാള സിനിമയുടെ കാരണവരായ നെടുമുടി വേണു തന്റെ ശബ്ദസാനിധ്യം കൊണ്ട് ഈ കൊച്ചു ചിത്രത്തിന്റെ ഭാഗമാകുന്നു.

https://youtu.be/bGkLSK0bkTs

Read More >>