രാംജി ഒരിക്കലും ചോദിച്ചിട്ടില്ലാത്ത നാല്‍പതിനായിരം രൂപ തിരിച്ചു നല്‍കണം

“ഈ കത്ത് വായിക്കുന്ന നിങ്ങള്‍ക്ക് എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍, എഴുമാസത്തെ ഫെലോഷിപ്പ് ആയി എനിക്ക് ഒരുലക്ഷത്തി...

രാംജി ഒരിക്കലും ചോദിച്ചിട്ടില്ലാത്ത നാല്‍പതിനായിരം രൂപ തിരിച്ചു നല്‍കണം

rohith-vemula-protest

“ഈ കത്ത് വായിക്കുന്ന നിങ്ങള്‍ക്ക് എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍, എഴുമാസത്തെ ഫെലോഷിപ്പ് ആയി എനിക്ക് ഒരുലക്ഷത്തി എഴുപത്തയ്യായിരം രൂപ ലഭിക്കാനുണ്ട്. അത് എന്‍റെ കുടുംബത്തിന് ലഭിച്ചോ എന്ന് നോക്കണം. രാംജിയ്ക്ക് നാല്പതിനായിരം രൂപ കൊടുക്കാനുണ്ട്. അദ്ദേഹം ഒരിക്കലും അത് തിരികെ ചോദിച്ചിട്ടില്ല. ആ കാശില്‍ നിന്നും അദ്ദേഹത്തിനുള്ളത് കൊടുക്കണം.”
ആത്മാഹൂതി ചെയ്ത രോഹിത് വെമൂലയുടെ ഈ വരികളില്‍ നിന്ന് തന്നെ, ആ വിദ്യാര്‍ഥി അനുഭവച്ചിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മനസിലാക്കാവുന്നതെ ഉള്ളു.മരണത്തില്‍ ഒളിക്കുവാന്‍ തുടങ്ങുമ്പോഴും ,കടങ്ങള്‍ ഒന്നും ബാക്കി ഉണ്ടാകരുത് എന്ന ചെറിയ ആഗ്രഹം രോഹിത് പ്രകടിപ്പിക്കുന്നു.


രാജ്യത്തെ ദളിത്‌-ആദിവാസി വികസനത്തിന്ന് കോടികള്‍ വകയിരുത്തുകയും ,നിയമങ്ങള്‍ നിര്‍മ്മിച്ച്‌ അധിഷ്ഠിത വിഭാഗത്തിന്നു പരിരക്ഷ ഉറപ്പാക്കി എന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോളും, മരണത്തിലും തീര്‍ക്കാന്‍ കഴിയാത്ത കടങ്ങള്‍ ഈ വിഭാഗക്കാര്‍ക്ക് എങ്ങനെ അവശേഷിക്കുന്നു എന്ന് ചര്‍ച്ച ചെയ്യേപെടെണ്ടതുണ്ട്.
ജാതി പ്രശ്‌നം കാരണമല്ല വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്നും രോഹിതിന് മാനസിക രോഗമുണ്ടെന്നതിന് അദ്ദേഹമെഴുതിയ ആത്മഹത്യ കുറിപ്പ് തെളിവാണെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു ആരോപിക്കുന്നതില്‍ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍.
"രാഷ്ട്രമീമാംസയോ,സാമൂഹ്യ ശാസ്ത്രമോ പഠിച്ചത് കൊണ്ടുമാത്രം ഒരാൾക്ക് മനസ്സിലാവണമെന്നില്ല ഇതിലെ ജാതിപ്രസ്താവന. ഈ മുറിവുകൾ എങ്ങനെയാണ് ഒരാൾക്ക് കാട്ടിക്കൊടുക്കേണ്ടത്? ." ഹൈദാരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അധ്യാപകനായിരുന്ന  ഡോ. കെ. വൈ രത്നത്തിന്‍റെ വാക്കുകള്‍ക്ക് മറ്റെന്തിലും മൂര്‍ച്ചയുണ്ട്.
വോട്ട് ചെയ്യുവാനുള്ള അവകാശവും ഒപ്പം, അധിഷ്ഠിതര്‍ക്ക് ഭരണഘടന ഉറപ്പാക്കിയിട്ടുള്ള പ്രത്യേകാല്‍ സാമൂഹിക,സാമ്പത്തിക,രാഷ്ട്രീയ നീതിയും കൊണ്ട് മാത്രം അവര്‍ സംരക്ഷിക്കപ്പെടുന്നില്ലെന്നു വ്യക്തം.
രോഹിത് വെമൂലക്കൊപ്പം പുറത്താക്കപ്പെട്ട മറ്റു നാല് വിദ്യാര്‍ത്ഥികളെ  തിരിച്ചെടുക്കാന്‍ ഇന്ന് സര്‍വകലാശാല തീരുമാനിച്ചു.

നക്ഷത്രങ്ങള്‍ക്കൊപ്പം,ചങ്ങാത്തം കൂടാന്‍ പോകും മുന്പേ രോഹിത് ആവശ്യപെട്ട അവകാശം കൂടി നിര്‍വഹിക്കേണ്ടതുണ്ട്. ഏഴ് മാസത്തെ ഫെലോഷിപ്പ്  തുകയും അതില്‍ തന്നെ കടമായി അവശേഷിക്കുന്ന ,രാംജി ഒരിക്കലും തിരിച്ചു ചോദിച്ചിട്ടില്ലാത്ത നാല്‍പതിനായിരം രൂപയും.
രോഹിത് വെമൂലയെ രാജ്യ ദ്രോഹിയായും,മാനസിക രോഗിയായും,ദളിതനല്ലാതെയും ചിത്രീകരിക്കുന്നവര്‍,ഈ നീതിയെങ്കിലും,‘നിഴലുകളില്‍ നിന്നും നക്ഷത്രങ്ങളിലേക്ക്’ രക്ഷപെട്ട ആ യുവാവിന്‍റെ കുടുംബത്തോട് ചെയ്യട്ടെ.