ക്ലാര അനശ്വരമായ ഒരു മോഹമാണ്...(ചിലര്‍ക്കെങ്കിലും)

ജയകൃഷ്ണനും ക്ലാരയും തമ്മില്‍ ഉണ്ടായിരുന്ന ബന്ധം സമൂഹത്തിനു അസന്മാര്‍ഗികതയാണ്. എന്നാല്‍, എല്ലാ പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ക്കും മുകളിലായി പത്മരാജന്‍ ആ പ്രണയത്തെ അവതരിപ്പിക്കുമ്പോള്‍, ഒരു ലൈംഗീകതൊഴിലാളി എന്നതിലുപരിയായി ക്ലാര, മലയാളത്തിന് അതിനു മുന്‍പും ശേഷവും അനുഭവിക്കാന്‍ കഴിയാതെ പോയ കഥാപാത്രമായി മാറി.

ക്ലാര അനശ്വരമായ ഒരു മോഹമാണ്...(ചിലര്‍ക്കെങ്കിലും)

Thoovana

പ്രണയം അങ്ങനെയാണ്, പെയ്തൊഴിഞ്ഞ മഴയ്ക്ക് ശേഷം ഇനിയും ഒന്നും അവശേഷിക്കുന്നില്ല എന്ന പ്രതീതി നല്‍കുന്ന ഒരു അനുഭവം. നൂല്‍മഴയില്‍ പാറി നടക്കുന്ന തുമ്പികളെ കാട്ടി തന്ന, വ്യത്യസ്തമായ ഒരു പ്രണയകഥ പറഞ്ഞു തന്ന പത്മരാജന്‍റെ ഓര്‍മ്മകള്‍ക്ക് 25 വയസ്സ് പ്രായമാവുകയാണ് ജനുവരി 24 ന്.

തൂവാനത്തുമ്പികള്‍  ഒരു ജയകൃഷ്ണന്‍ന്‍റെയും ക്ലാരയുടെയും രാധയുടെയും മാത്രം  കഥയായിരുന്നില്ല. കാണുംതോറും തന്‍റെ പ്രണയത്തിന്‍റെ വളപൊട്ടുകള്‍ ഓരോ ആസ്വാദകനും കണ്ടെത്താന്‍ കഴിയുന്ന ഒരു കാവ്യമായിരുന്നു ഈ ചിത്രം. 1987 ല്‍ റിലീസായ ഈ ചിത്രത്തിന്‍റെ കഥ, തിരകഥ, സംവിധാനം എന്നിവ നിര്‍വഹിച്ചത് പത്മരാജന്‍ തന്നെയാണ്. മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക്‌ എന്ന് അംഗീകരിക്കപ്പെട്ട ഈ ചിത്രം പത്മരാജന്‍റെ  തന്നെ ഉദകപ്പോള എന്ന നോവലിന്‍റെ ദൃശ്യാവിഷ്കാരമായിരുന്നു .


ദ്വിവ്യക്തിത്വം പ്രകടിപ്പിക്കുന്ന  കഥാപാത്രമാണ്, ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന  ജയകൃഷ്ണന്‍. നാട്ടിന്‍പുറത്തായിരിക്കുമ്പോള്‍, തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ഒരു നല്ല കര്‍ഷകനും, നഗരത്തിലായിരിക്കുമ്പോള്‍  സുഖലോലുപനുമായ ഒരു ആധുനിക യുവാവുമായിരുന്നു ജയകൃഷ്ണന്‍ . അവന്‍ പ്രണയിക്കുന്നത് മുറപ്പെണ്ണായ രാധയെയാണ്. കാഴ്ചക്കാരന്റെയും നായകന്‍റെയും ചങ്കിലേക്ക്‌ തീക്കനല്‍ കോരിയിടുന്ന ഒരു നായികാ കഥാപാത്രമായി ക്ലാര ഇതിനിടയില്‍ കടന്നു വരുന്നു. രാധയായി പാര്‍വതിയും, ക്ലാരയായി സുമലതയും വേഷമിട്ടു.

പ്രണയിക്കുവാനല്ല ജയകൃഷ്ണന്‍ ക്ലാരയെ കണ്ടുമുട്ടുന്നത്. അത് യൗവനയുക്തനായ ഒരുവന്‍റെ ശരീരത്തിന്‍റെ ആവശ്യമായിരുന്നു. രാധയാല്‍ തിരസ്കരിക്കപ്പെട്ട ജയകൃഷ്ണന്, ക്ലാര ജീവിതമായി മാറി. ലൈംഗീകത പ്രണയത്തിന്‍റെ അതിതീവ്രമായ മറ്റൊരു ഭാവം ആകുന്നതെങ്ങനെ എന്ന് പത്മരാജന്‍ വിവരിക്കുന്നു.

“..ഒരു പെണ്‍കുട്ടിയുടെ നാശത്തിന്‍റെ തുടക്കം എന്നിലൂടെ ആകരുതെന്ന പ്രാര്‍ത്ഥന ഉണ്ടായിരുന്നു. ഒരു പെണ്‍കുട്ടിയുടെയും വിര്‍ജിനിറ്റി ഞാന്‍ കാരണം ഇല്ലാതാവരുതെന്ന് എനിക്ക് നിര്‍ബന്ധം ആയിരുന്നു. അങ്ങനെ സംഭവിച്ചാല്‍, ആ പെണ്‍കുട്ടി മാത്രമേ  പിന്നെ അങ്ങോട്ട്‌ അന്ത്യം വരെ എന്‍റെ ഒപ്പം ഉണ്ടാകു എന്നൊരു ശപഥം എടുത്തിട്ടുണ്ടായിരുന്നു...”
- ജയകൃഷ്ണന്‍


ജീവിതപ്രാരബ്ധങ്ങള്‍ കാരണം ലൈംഗീകവൃത്തി തൊഴിലാക്കേണ്ടി വരുന്ന ക്ലാര, താന്‍ പ്രാപിക്കുമ്പോള്‍ കന്യകയായിരുന്നു എന്ന് മനസിലാക്കുന്ന ജയകൃഷ്ണന്‍ അവളെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത് എത്ര മനോഹരമായിട്ടാണ്.

അവന്‍റെ വാക്കുകള്‍ തിരസ്ക്കരിക്കുവാന്‍ കഴിയാതെ അവള്‍ പുഞ്ചിരിക്കുന്നു. ജയകൃഷ്ണന്‍റെ ജീവിതത്തില്‍ നിന്നും ഒഴിഞ്ഞു മാറുവാന്‍ ക്ലാര നിശ്ചയിച്ചു. കാരണം, അപ്പോഴേക്കും ക്ലാരയും ജയകൃഷ്ണനെ പ്രണയിക്കുവാന്‍ തുടങ്ങിയിരുന്നു. തിരിച്ചറിവില്‍ മടങ്ങിയെത്തിയ രാധയ്ക്ക്‌ ജയകൃഷ്ണനെ ലഭിക്കുവാന്‍, താന്‍ മറ്റൊരു വിവാഹം കഴിക്കെണ്ടതുമുണ്ട്. തനിക്കു ശേഷിക്കുന്നത്, പലരുടെയും കിടപ്പറകളും.

ഒരു സ്വപ്നം പോലെ അപ്രത്യക്ഷമായ ക്ലാരയെ മറന്നിട്ടല്ല ജയകൃഷ്ണന്‍ രാധയെ വിവാഹം കഴിക്കുന്നത്, ആദ്യ പ്രണയത്തിന്‍റെ ശേഷിപ്പുകള്‍ അവരില്‍ ഉണ്ടായിരുന്നത് കൊണ്ട് കൂടിയായിരിക്കണം.

ജയകൃഷ്ണന്‍ തന്നെ ഇന്നും മറ്റാരേക്കാളും അധികം സ്നേഹിക്കുന്നു എന്ന് മനസിലാക്കുന്ന ക്ലാര, മടങ്ങിയെത്തുന്നത് തന്‍റെ ഭര്‍ത്താവിനൊപ്പമാണ്. ഇനി ഒരിക്കലും പരസ്പരം കാത്തിരിക്കേണ്ടതില്ല എന്ന സന്ദേശം നല്‍കി ക്ലാര മടങ്ങുന്നു.

ഒരിക്കലും മനസിലാകുവാനാകാത്തതും, തിരിച്ചു നല്‍കുവാന്‍ കഴിയാത്തതുമായ  ഒരു പ്രണയത്തിന്‍റെ ബാന്ധവം പ്രേക്ഷകനും അനുഭവപ്പെടുമ്പോള്‍ ചിത്രം അവസാനിക്കുന്നു.  ജയകൃഷ്ണനും ക്ലാരയും തമ്മില്‍ ഉണ്ടായിരുന്ന ബന്ധം സമൂഹത്തിനു അസന്മാര്‍ഗികതയാണ്. എന്നാല്‍, എല്ലാ പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ക്കും മുകളിലായി പത്മരാജന്‍ ആ പ്രണയത്തെ അവതരിപ്പിക്കുമ്പോള്‍, ഒരു ലൈംഗീകതൊഴിലാളി എന്നതിലുപരിയായി  ക്ലാര, മലയാളത്തിന് അതിനു മുന്‍പും ശേഷവും അനുഭവിക്കാന്‍ കഴിയാതെ പോയ കഥാപാത്രമായി മാറി.

ജയകൃഷ്ണന് രാധയുമായുള്ള ബന്ധതിന് നല്‍കിയതിലും അധികം നിറങ്ങള്‍ ക്ലാരയുമായി ഉള്ള ബന്ധതിന്നു നല്‍കി പത്മരാജന്‍ സങ്കീര്‍ണമായ ഒരു ബന്ധതിന്നു പ്രേക്ഷകന്‍റെ അംഗീകാരം നേടുന്നു.

29 വര്‍ഷങ്ങള്‍ക്കിപ്പുറത്തെ ജീവിതങ്ങളാണ് പത്മരാജന്‍ അന്ന് അഭ്രപാളികളില്‍ ഒരുക്കിയത്.

പത്മരാജന്‍ ചിത്രങ്ങളില്‍, സ്ത്രീ ഒരിക്കലും ഒരു പരസ്യമായിരുന്നില്ല. ‘കന്യാകത്വം’ ഒരു മഹാ സംഭവുമായിരുന്നില്ല. മുന്തിരിതോപ്പുകളിലെ സോഫിയെയും, ഗന്ധര്‍വ ലോകത്തെ ഭാമയും  ഒരു നേര്‍ത്ത നൂലിഴയില്‍, നെഗറ്റീവ് കഥാപാത്രമായി മാറി പോയേക്കാവുന്ന ക്ലാരയെയും, സംവിധായകന്‍ എക്കാലത്തെയും ശക്തമായ സ്ത്രീ കഥാപാത്രങ്ങളാക്കി മാറ്റി.

25 വര്‍ഷങ്ങള്‍ ഒന്നുമല്ല.... ജയകൃഷ്ണനും, ക്ലാരയും ,ഗന്ധര്‍വനും, നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകളില്‍ അമര്‍ത്യരായി തുടരുമ്പോള്‍, മരണം ഒരു ശ്വാസത്തിന്‍റെ കുറവ് മാത്രമാണ്.

പത്മരാജന്‍ അനുസ്മരണം ഹരിപ്പാട് ,മുതുകുളം,ഞാറയ്ക്കല്‍ തറവാട്ടില്‍ ജനുവരി 23, 24 തീയതികളില്‍ നടക്കുന്നു.

Read More >>