രോഹിത് വെന്മുലയുടെ ആത്മഹത്യ; സമരവേദിയില്‍ രാഹുല്‍; പ്രതിഷേധവുമായി എബിവിപി

ആത്മഹത്യ ചെയ്ത പിന്നോക്ക സമുദായ വിദ്യാര്‍ഥി രോഹിത് വെമുലക്ക് നീതി നല്കാനാവശ്യപ്പെട്ടു  നിരാഹാരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി...

രോഹിത് വെന്മുലയുടെ ആത്മഹത്യ; സമരവേദിയില്‍ രാഹുല്‍; പ്രതിഷേധവുമായി എബിവിപി

rohith759

ആത്മഹത്യ ചെയ്ത പിന്നോക്ക സമുദായ വിദ്യാര്‍ഥി രോഹിത് വെമുലക്ക് നീതി നല്കാനാവശ്യപ്പെട്ടു  നിരാഹാരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി സമരപ്പന്തലിലേക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തി.

വെള്ളിയാഴ്ച രാത്രി സമരപ്പന്തലില്‍ എത്തിയ രാഹുല്‍ ഗാന്ധി ഇന്ന് മുഴുവന്‍ അവിടെ ചിലവഴിക്കും എന്ന് എന്‍.എസ്.യു ദേശിയ അദ്ധ്യക്ഷന്‍ റോജി.എം.ജോണ്‍ മാധ്യമങ്ങളെ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കൊപ്പം മെഴുകുതിരിയേന്തിയ പ്രകടനത്തിലും രാഹുല്‍ പങ്കെടുക്കും.


രോഹിത്തിന്റെ സഹോദരനും രോഹിത്തിന്റെ കൂടെ പുറത്താക്കപ്പെട്ട മറ്റു നാല് വിദ്യാര്‍ത്ഥികളുമാണ് സമരത്തെ നയിക്കുന്നത്.

സര്‍വ്വകലാശാലയില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരെയുള്ള അനീതിക്കു തടയിടാനായി 'രോഹിത് ആക്റ്റ്' നടപ്പാക്കുക എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. സര്‍വ്വകലാശാല വൈസ്-ചാന്‍സലര്‍ വി.സി.അപ്പറാവുവിനെ അറസ്റ്റ് ചെയ്യുക എന്നതും ഇവരുടെ മറ്റൊരു ആവശ്യമാണ്‌. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുള്ള നിവേദനം സമരസമിതിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിക്കു സമര്‍പ്പിക്കും.വെള്ളിയാഴ്ച രാത്രി നടന്ന പ്രകടനത്തില്‍ 2000ത്തില്‍ പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നാണ്‌ സമരം നിരാഹാരത്തിലേക്ക് കടന്നത്‌. തങ്ങളുടെ പ്രിയ കൂട്ടുകാരന്‍ രോഹിത്തിന് നീതി ലഭിക്കും വരെ സമരം തുടരും എന്നാണ് സമരക്കാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

നിരാഹാരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രോഹിത്തിന്റെ 27ആം ജന്മദിനമായ ഇന്ന് ശക്തമായ പ്രക്ഷോഭത്തിന് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ തയാറെടുക്കുന്നു എന്ന് പോലീസിന് സൂചന ലഭിച്ചിട്ടുള്ളതിനാല്‍ സര്‍വ്വകലാശാല അതീവ സുരക്ഷാവലയത്തിലാണ്.

രാഹുല്‍ ഗാന്ധി സമരവേദിയില്‍ എത്തി സമരം ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ചു ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായ എബിവിപി ഇന്ന് തെലുങ്കാനയില്‍ വിദ്യാഭ്യാസ ബന്ദ്‌ പ്രഖ്യാപിച്ചു.

Read More >>