രോഹിത് വെമുലയുടെ ആത്മഹത്യ; രാജ്യവ്യാപക പ്രതിഷേധം

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം രാജ്യവ്യാപകമാകുന്നു. രോഹിതിന്റേത് ആത്മഹത്യയല്ല...

രോഹിത് വെമുലയുടെ ആത്മഹത്യ; രാജ്യവ്യാപക പ്രതിഷേധം

rohit-protest

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം രാജ്യവ്യാപകമാകുന്നു. രോഹിതിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് കാണിച്ച് ഇന്ത്യ മുഴുവന്‍ പ്രതിഷേധം വ്യാപിക്കുകയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക കാമ്പസുകളിലും തെരുവുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

ഡല്‍ഹിയില്‍ മാനവവിഭവശേഷി മന്ത്രാലയത്തിന് മുന്നില്‍ പ്രതിഷേധിച്ചെത്തിയ വിദ്യാര്‍ത്ഥികളെ പോലീസ് ക്രൂരമായി നേരിട്ടു. നിരവധി വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.


ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും ശക്തമായ പ്രതിഷേധ പ്രകടനം നടന്നു. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യന്‍ സയന്‍സില്‍ രോഹിതിന്റെ മരണത്തിന്റെ കുറ്റക്കാരെ ശിക്ഷിക്കുക എന്നാവശ്യപ്പെട്ടു വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. മദ്രാസ് ഐ.ഐ.ടി, ദല്‍ഹി യൂണിവേഴ്‌സിറ്റി, ഒസ്മാനിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും പ്രതിഷേധം അലയടിച്ചു.

അതേസമയം, രോഹിതിന്റെ ശവസംസ്‌കാരം പോലീസ് നിര്‍ബന്ധിച്ച് നടത്തുകായിരുന്നെന്ന് അമ്മ പറഞ്ഞു. പോലീസിന്റെ നിര്‍ബന്ധം മൂലമാണ് ഹൈദരാബാദിലെ ആംബര്‍ട്ട് ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. തങ്ങള്‍ താമസിക്കുന്ന ഉപ്പലില്‍ വെച്ച് സംസ്‌കാരം നടത്താനായിരുന്നു ആഗ്രഹമെന്നും രോഹിതിന്റെ അമ്മ പറഞ്ഞു.

അതീവ രഹസ്യമായാണ് പോലീസ് രോഹിത് വെമുലയുടെ ശവസംസ്‌കാരം നടത്തിയത്. ഉപ്പലില്‍ നടത്തുമെന്നായിരുന്നു രോഹിതിന്റെ സുഹൃത്തുക്കളെയടക്കം പോലീസ് അറിയിച്ചിരുന്നത്. വിദ്യാര്‍ത്ഥികള്‍ ഉപ്പലിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടയിലാണ് രഹസ്യമായി ആംബര്‍ട്ട് ശ്മശാനത്തില്‍ സംസ്‌കാരം നടത്തിയത്.

അതിനിടയില്‍, കാണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഹൈദരാബാദ് യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ചിരുന്നു. കാമ്പസുകളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വിവേചനം അംഗീകരിക്കാനാകില്ലെന്നും രോഹിത് വെമുലയ്ക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

Story by