മുലച്ചിപ്പറമ്പിലെ ചിരുകണ്ടന്‍ ഭാര്യ നങ്ങേലി

നങ്ങേലിയുടെ ധീരമായ ചെറുത്തു നിൽപ്പിനും രക്ത സാക്ഷിത്വത്തിനും 216 വർഷം

മുലച്ചിപ്പറമ്പിലെ ചിരുകണ്ടന്‍ ഭാര്യ നങ്ങേലി

nanjeli1

ശക്തമായ വാക്കുകള്‍ ഉണ്ടായിരുന്നില്ല... താങ്ങായി മാറാന്‍ ബലിഷ്ടമായ കരങ്ങളും ഉണ്ടായിരുന്നില്ല... എന്നിട്ടും അവള്‍ നായകനായി.

ചരിത്രത്തില്‍ അധികം പ്രചാരണം ലഭിച്ചിട്ടില്ലാത്ത രക്തസാക്ഷിയായിരുന്നു നങ്ങേലി. പ്രവര്‍ത്തിയില്‍ ധീരത പ്രകടമാക്കുന്നവരെ, ലിംഗഭേദമില്ലാതെ തന്നെ നായകനായി അംഗീകരിക്കുമെങ്കില്‍ നങ്ങേലിയും അങ്ങനെയാണ്...

ചരിത്രം ഇങ്ങനെ:

മദ്ധ്യതിരുവിതാംകൂറിന്‍റെ പത്തൊന്‍പതാം നൂറ്റാണ്ടിലെ ഏടുകളിലൊന്നില്‍ നമ്മുക്ക് നങ്ങേലിയെ കാണാം.


....നങ്ങേലി സുന്ദരിയായിരുന്നു

ജാതി വ്യവസ്ഥിതികള്‍ കൊടി കുത്തി വാണിരുന്ന ആ കാലത്ത് നാടിന്‍റെ വരുമാനം മുഖ്യമായും കണ്ടെത്തിയിരുന്നത്, പിന്നോക്ക വിഭാഗങ്ങളിലെ ജനങ്ങളില്‍, ആണ്‍/ പെണ്‍ വ്യത്യാസമില്ലാതെ, ശരീര ഭാഗങ്ങള്‍ക്ക് കരം ഏര്‍പ്പെടുത്തി കൊണ്ടായിരുന്നത്രെ. ആഭരണങ്ങള്‍ ധരിക്കുന്നതിന്നുള്ള നികുതി മുതല്‍ മീശ വളര്‍ത്തുന്നതിന്നുള്ള നികുതി വരെ അധിഷ്ടിത വര്‍ഗ്ഗം നല്‍കേണ്ടിയിരുന്ന ഒരു കാലം.

അസംബന്ധം എന്ന് ഇപ്പോള്‍ തോന്നിയേക്കാവുന്ന ഒരു നികുതിയിനമായിരുന്നു ‘മുലക്കരം'.

പൊതു സ്ഥലങ്ങളില്‍, സവര്‍ണരായ സ്ത്രീകള്‍ക്ക് മാത്രമേ തങ്ങളുടെ മാറിടം മറയ്ക്കുവാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. ദളിതര്‍ എന്ന് ഗ്രാമ്യമായ ഭാഷയില്‍ അറിയപ്പെട്ടിരുന്ന അവര്‍ണ്ണരായ സ്ത്രീകള്‍ക്ക് തങ്ങളുടെ മാറിടം മറയ്ക്കുവാന്‍ ഭീമമായ കരം നല്‍കേണ്ടിയിരുന്നു. അതിമാത്രമായ പണം നല്‍കി ‘മുലക്കരം’ അടയ്ക്കുവാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.

വീടിനു പുറത്തിറങ്ങുന്ന ദളിത യുവതികളുടെ മാറിടങ്ങള്‍ ജന്മികള്‍ക്കുള്ള പ്രദര്‍ശന വസ്തുക്കളായി മാറി. മാറ് മറയ്ക്കുവാന്‍ അനുവാദമില്ലാത്ത സ്ത്രീകള്‍ വീടുകളില്‍ തന്നെ ഒളിച്ചു. പിന്നോക്കസമുദായങ്ങളുടെ ആത്മാഭിമാനത്തിന് ഇതില്‍ കൂടുതല്‍ എന്ത് ക്ഷതമേല്‍ക്കാനാണ്?
തൊട്ടു തീണ്ടായ്മ എന്ന ദുരാചാരത്തിന്‍റെ മറ്റൊരു വിവര്‍ത്തനമായി ‘മുലക്കരം’ നിലനിന്നു വന്നു.

മുലക്കരം നിശ്ചയിക്കുന്ന രീതിക്കുമുണ്ടായിരുന്നു കൗതുകരമായ വ്യവസ്ഥകള്‍. ഓരോരുത്തരുടേയും മാറിടങ്ങളുടെ മുഴുപ്പിനും, ആകൃതിക്കും അനുസരിച്ചായിരുന്നു കരം ഈടാക്കിയിരുന്നത്. ചൂഷകരായ സവര്‍ണ പുരുഷന്മാരുടെ കണ്ണുകളും കരങ്ങളും, ദളിതന്‍റെ പെണ്ണുങ്ങളുടെ മാറുകള്‍ക്ക് കരം നിശ്ചയിച്ചു.

ഇങ്ങനെയുള്ള ഒരു കാലഘട്ടത്തിലാണ് നങ്ങേലി ജീവിച്ചിരുന്നത്. ചേര്‍ത്തല (ആലപ്പുഴ ) എന്ന ഗ്രാമത്തിലെ ചിരുകണ്ടന്‍റെ ഭാര്യയായിരുന്നു നങ്ങേലി.

സുന്ദരിയായ നങ്ങേലിക്ക് പുരുഷന് ആകര്‍ഷകമായ മുലകളും ഉണ്ടായിരുന്നിരിക്കണം.
അതുകൊണ്ട് വീടിനു പുറത്തിറങ്ങരുത് എന്നുണ്ടോ?... നങ്ങേലി ചിന്തിച്ചത് ഇങ്ങനെയാണ്. സമാനമായ ചിന്താഗതിയുള്ള സ്ത്രീകള്‍ അന്ന് വേറെയും ഉണ്ടായിരുന്നുവെങ്കിലും ആരും പ്രതികരിക്കുവാന്‍ ധൈര്യപ്പെട്ടിരുന്നില്ല.

പുറത്തിറങ്ങിയാല്‍ മുലക്കരം നല്‍കുവാനുള്ള സാമ്പത്തിക അടിത്തറയും, എതിര്‍ക്കുവാനുള്ള ശക്തിയും തങ്ങളുടെ പുരുഷന്മാര്‍ക്കില്ല എന്ന തിരിച്ചറിവില്‍ അവര്‍ സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും കാണാതെ തങ്ങളുടെ വീടുകളില്‍ ഒളിച്ചു.

പൊരുതുവാനല്ലെങ്കില്‍ക്കൂടി പ്രതിഷേധിക്കുവാന്‍ നങ്ങേലി നിശ്ചയിച്ചു. മാറ് മറച്ചു തന്നെ അവള്‍ പുറത്തിറങ്ങി, ദളിതര്‍ക്ക് നിഷിദ്ധമായ സ്വാഭിമാനത്തിന്‍റെ വിശാലതയിലേക്ക്...

കാത്തിരുന്ന കഴുകന്‍ കണ്ണുകള്‍ക്ക്‌ മുന്നില്‍ നങ്ങേലിയുടെ മുലകള്‍ മറയ്ക്കപ്പെട്ടു. നാടാകെ നങ്ങേലിയുടെ ‘ധിക്കാരം’ അതിവേഗം പരന്നു. ചിരുകണ്ടന്‍റെ ഭാര്യക്ക് ഇത്ര അഹങ്കാരമോ?
കരം പിരിക്കുവാന്‍ ഏര്‍പ്പെടുത്തിയിരുന്ന രാജകിങ്കരന്മാര്‍ വിവരം അറിഞ്ഞു ചിരുകണ്ടന്‍റെ വീട്ടില്‍ എത്തി, നങ്ങേലിയോടു കരം ആവശ്യപ്പെട്ടു. പുഞ്ചിരിയോടെ അവരെ വരവേറ്റ നങ്ങേലി, ആചാരാനുഷ്ടാനുസരണം, കരം സമര്‍പ്പിക്കുവാനുള്ള വാഴയില തറയില്‍ വിരിച്ചു. 
അവര്‍ണ്ണന്‍റെ പണത്തിന്നു തൊട്ടുകൂടായ്മ ഇല്ലെങ്കിലും, അത് നല്‍കുന്ന കൈകള്‍ തീണ്ടിക്കൂടാ എന്നല്ലേ.


കത്തി കൊണ്ടറുത്ത തന്‍റെ മുലകള്‍ രണ്ടും  കൈകളില്‍ പിടിച്ചു കൊണ്ടായിരുന്നു മുറിയിലേക്ക് പോയ നങ്ങേലി തിരികെ വന്നത്. ചോരയില്‍ പൊതിഞ്ഞ ആ മാംസപിണ്ഡങ്ങള്‍ അവള്‍ ഇലയില്‍ വച്ചു. ഭയന്ന് വിറച്ചു പോയ രാജകിങ്കരന്മാര്‍ക്ക് മുന്നില്‍ എക്കാലത്തെയും ഉയര്‍ന്ന മുലക്കരം തന്നെ നല്‍കി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചോര വാര്‍ന്നു നങ്ങേലി മരിച്ചു.
കാഴ്ചക്കാരായി തടിച്ചു കൂടിയ ആളുകള്‍ക്ക് മുന്നില്‍ ഒരു ആത്മാഹൂതി..

എല്ലാ ആത്മഹത്യകള്‍ക്കും ജീവിച്ചിരിക്കുന്നവരോട് പലതും സംവാദിക്കുവാന്‍ ഉണ്ടാകും. മറുത്തൊന്നും പറയാതെയുള്ള ഒരു സംവാദം. ആ മരണങ്ങള്‍ക്ക് അര്‍ത്ഥങ്ങള്‍, നമ്മള്‍ നല്‍കുന്നതാണ്.


തന്‍റെ പ്രിയപ്പെട്ടവളുടെ ജീവത്യാഗത്തില്‍, ഒറ്റപ്പെട്ടു പോയ ചിരുകണ്ടന്‍, അവളുടെ ചിതയില്‍ തന്നെ ചാടി മരണം വരിച്ചു. സതി അനുഷ്ഠിച്ച ആദ്യ പുരുഷനായി ചരിത്രത്തില്‍ ചിരുകണ്ടന്‍ സ്ഥാനം പിടിച്ചു.
പ്രതിഷേധങ്ങള്‍ മൗനമായി സംസാരിക്കുന്നു എന്ന് മനസിലാക്കിയ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് അടുത്ത ദിവസം തന്നെ മുലക്കരം നിര്‍ത്തലാക്കുവാന്‍ ആജ്ഞ പുറപ്പെടുവിച്ചു.

(പ്രതിഷേധങ്ങള്‍ ചോദ്യംചെയ്യലുകളായി കരുതുന്ന അധികാരികള്‍ ആയിരുന്നെങ്കില്‍, നങ്ങേലിയുടെ ഈ താഗ്യം ഒരു പക്ഷേ ഒരു ഭീരുവിന്‍റെ ആത്മഹത്യയായി മാറി പോയിരുന്നേനെ.)


പിന്നീടിങ്ങോട്ട്, എല്ലാ സ്ത്രീകളും മാറ് മറച്ചു തന്നെ നടന്നു... നിണമണിഞ്ഞ നങ്ങേലിയുടെ മുലകള്‍ കരമായി നല്കിയിരുന്നല്ലോ.
ഒരു നിശബ്ദ ഇതിഹാസമായ നങ്ങേലിയുടെ വീട് ഇന്ന് 'മുലച്ചിപ്പറമ്പ്' എന്ന് അറിയപ്പെടുന്നു.

ദളിത് സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ക്കും, ആത്മാഭിമാനതിനും വേണ്ടി രക്തസാക്ഷിയായ നങ്ങേലിയുടെ ഈ ത്യാഗത്തിന്‍റെ ചരിത്രം അധികം എവിടെയും രേഖപ്പെടുത്തിയിട്ടില്ല.

ആത്മഹത്യ ചെയ്തവര്‍ എന്നും പരാജിതരാണല്ലോ....
നങ്ങേലി അറിയപ്പെടേണ്ടത് ആരാധിക്കാന്‍ തക്ക ഉത്തമഗുണങ്ങള്‍ ഉള്ള നായകനായി തന്നെയാണ്.

(ഇന്നും തുടരുന്ന ദളിത ആത്മഹത്യകള്‍ക്ക് മുന്നില്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ചു കൊണ്ട്....)