മോഹന്‍ലാലിന്‍റെ ഘോഷയാത്ര പരാമര്‍ശത്തെ പിന്തുണച്ച് സംവിധായകന്‍ ജോസ് തോമസ്‌

രാഷ്ട്രീയമായാലും മതമായാലും ഘോഷയാത്രകള്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് റോഡിലൂടെയല്ല നടത്തേണ്ടത് എന്ന മോഹന്‍ലാലിന്‍റെ ബ്ലോഗിനെ പിന്തുണച്ചുകൊണ്ട്...

മോഹന്‍ലാലിന്‍റെ ഘോഷയാത്ര പരാമര്‍ശത്തെ പിന്തുണച്ച് സംവിധായകന്‍ ജോസ് തോമസ്‌

mohanlal-birthday-4_0_0

രാഷ്ട്രീയമായാലും മതമായാലും ഘോഷയാത്രകള്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് റോഡിലൂടെയല്ല നടത്തേണ്ടത് എന്ന മോഹന്‍ലാലിന്‍റെ ബ്ലോഗിനെ പിന്തുണച്ചുകൊണ്ട് സംവിധായകന്‍ ജോസ് തോമസ്‌ രംഗത്ത്.

മോഹന്‍ലാലിന്‍റെ പരാമര്‍ശം ചൂടേറിയ ചാനല്‍ ചര്‍ച്ചകള്‍ക്ക് വിധേയമായ സാഹചര്യത്തിലാണ് ജോസ് തന്‍റെ ഫേസ്ബുക്ക് പേജില്‍ സ്വന്തം അനുഭവം പങ്കുവച്ച്കൊണ്ട് മോഹന്‍ലാലിനെ പിന്തുണച്ചത്‌.

“രാഷ്ട്രീയ പാർട്ടികളുടെയും മതസംഘടനകളുടെയും മറ്റും ജാഥകൾ ജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ശ്രീമാൻ മോഹൻലാലിന്റെ ബ്ലോഗ് എഴുത്ത് വായിച്ചപ്പോൾ ഈ വിഷയവുമായി ബന്ധപ്പെട്ട് എന്റെ അനുഭവങ്ങൾ എഴുതണമെന്ന് കരുതിയിരുന്നു. കഴിഞ്ഞ ദിവസം ഒരു റോഡ് ബ്ലോക്കിൽ ഞാൻ അകപ്പെട്ടു. പെരുന്നാളിനോട്അനുബന്ധിച്ചുള്ള പ്രദിക്ഷണമായിരുന്നു കാരണം. ഒരുമണിക്കൂറോളം പ്രദിക്ഷണം കടന്നുപോകുന്നതിന് വേണ്ടി വഴിയിൽ കിടക്കേണ്ടിവന്നു എനിക്ക് .അതിൽ ഒരു കമ്മറ്റിക്കാരനോട് കടന്നുപോകാനായി അൽപ്പം വഴിതരുമോ എന്ന് ചോദിച്ചതിന് ദേഹോപദ്രവം അല്ലാത്ത എല്ലാകാര്യങ്ങളും അവർ ചെയ്തു. എന്നിട്ടും അവരോട് സംയമനം പാലിക്കുകയായിരുന്നു ഞാൻ ചെയ്തത്. ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ മോഹൻലാലിന്റെ എഴുത്തിനോട് വളരെയധികം യോജിക്കുന്നു,” ജോസ് തോമസ്‌ തന്‍റെ പേജില്‍ കുറിച്ചു.


തന്റെ അനുഭവം പങ്കുവച്ചതിനോടൊപ്പം തന്നെ ചാനല്‍ ചര്‍ച്ചകളില്‍ മോഹന്‍ലാലിനെ അപമാനിച്ച് സംസാരിച്ചവര്‍ക്കുള്ള ചുട്ട മറുപടിയും കൊടുക്കുന്നുണ്ട് ജോസ് തോമസ്‌.

“രാത്രിയിൽ ഏഷ്യാനെറ്റ് ന്യൂസിൽ ഈ വിഷയത്തെക്കുറിച്ചു നടന്നചർച്ചയിൽ കെഎസ്എഫ്ഡിസി ചെയർമാൻ രാജ്മോഹൻ ഉണ്ണിത്താൻ മോഹൻലാലിന്റെ അരാഷ്ട്രീയനിലപാടാണ് ബ്ലോഗ്എഴുത്തിന് പിന്നിൽ എന്ന് ആരോപിക്കുന്നത് കണ്ടു. ഒരു സിനിമപ്രവർത്തകൻ എന്ന നിലയിലും രാജ്യത്തെ നിയമങ്ങളെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പൌരൻ എന്ന നിലയിലും ഉണ്ണിത്താൻന്റെ മറുപടിയിൽ ഞാൻ ലജ്ജിക്കുന്നു.ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഇത്തരം തെറ്റായ പ്രവണതകള്‍ ചൂണ്ടിക്കാട്ടുമ്പോൾ അതിനെ അരാഷ്ട്രീയതയാണെന്ന് പറയുന്നതാണ് ഏറ്റവും വലിയതെറ്റ്," ജോസ് തോമസ്‌ കൂട്ടിച്ചേര്‍ത്തു.