മേജര്‍ മഹാദേവന്‍ തിരിച്ചു വരുന്നു

മോഹന്‍ലാലിന്‍റെ എക്കാലത്തെയും ത്രസിപ്പിയ്ക്കുന്ന പട്ടാള കഥാപാത്രം മേജര്‍ മഹാദേവന്‍ തിരിച്ചു വരുന്നു. പുതിയ മേജര്‍ രവി ചിത്രത്തില്‍ ഡബിള്‍ റോളിലാണ്...

മേജര്‍ മഹാദേവന്‍ തിരിച്ചു വരുന്നു

mohanlal

മോഹന്‍ലാലിന്‍റെ എക്കാലത്തെയും ത്രസിപ്പിയ്ക്കുന്ന പട്ടാള കഥാപാത്രം മേജര്‍ മഹാദേവന്‍ തിരിച്ചു വരുന്നു. പുതിയ മേജര്‍ രവി ചിത്രത്തില്‍ ഡബിള്‍ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

മേജര്‍ മഹാദേവന്‍റെയും അച്ഛന്‍റെയും കഥ പറയുന്ന ചിത്രത്തിന് 'വാര്‍ 1971' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ അച്ഛനായും മകനായും മോഹന്‍ലാല്‍ തന്നെ എത്തുന്നു. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിന്‍റെ കഥ പറയുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് 2016ന്‍റെ പകുതിയോടെ ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.


മോഹന്‍ലാലും മേജര്‍ രവിയും ഒന്നിക്കുന്ന അഞ്ചാമത്തെ പട്ടാളച്ചിത്രമാണ് 'വാര്‍ 1971'. പ്രശസ്തരായ പല തെന്നിന്ത്യന്‍ നടന്മാരുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും 'വാര്‍ 1971'ലെ മറ്റു അഭിനേതാക്കളെപ്പറ്റിയുള്ള വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല. മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുകെട്ട് മലയാളത്തിനു സമ്മാനിച്ച 'കീര്‍ത്തിചക്ര', 'കുരുക്ഷേത്ര', 'കാണ്ഡഹാര്‍' എന്നീ ചിത്രങ്ങള്‍ വന്‍വിജയങ്ങളായിരുന്നു.

മോഹന്‍ലാലും മേജര്‍ രവിയും അവസാനമായി ഒന്നിച്ച ചിത്രം 2012ല്‍ പുറത്തിറങ്ങിയ 'കര്‍മ്മയോദ്ധ' ആണ്. വൈശാഖ് സംവിധാനം നിര്‍വ്വഹിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ 'പുലി മുരുഗന്‍' ആണ് മോഹന്‍ലാലിന്‍റെതായി അടുത്ത് ഇറങ്ങുന്ന ചിത്രം. മോഹന്‍ലാല്‍ ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന തെലുങ്കു ചിത്രത്തിന്‍റെ ഷൂട്ടിങ്ങും പൂര്‍ത്തിയായി.