മംമ്ത വീണ്ടും പാടി... ജയറാമിന് വേണ്ടി

രോഗങ്ങള്‍ക്ക് അവധി കൊടുത്ത് മംമ്ത വീണ്ടും സിനിമാ ലോകത്ത് സജീവമാവുകയാണ്. ഷാഫിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായ ‘ടൂ കണ്‍ട്രീസ്’ എന്ന ചിത്രത്തിലൂടെ...

മംമ്ത വീണ്ടും പാടി... ജയറാമിന് വേണ്ടി

mamtha

രോഗങ്ങള്‍ക്ക് അവധി കൊടുത്ത് മംമ്ത വീണ്ടും സിനിമാ ലോകത്ത് സജീവമാവുകയാണ്. ഷാഫിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായ ‘ടൂ കണ്‍ട്രീസ്’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയ മംമ്ത ഇപ്പോഴിതാ തന്നിലെ ഗായികയേയും തിരിച്ചു കൊണ്ട് വന്നിരിക്കുന്നു.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ജയറാം ചിത്രമായ ‘ആട് പുലി ആട്ടം’ എന്ന ചിത്രത്തിലൂടെയാണ് മംമ്ത വീണ്ടും ഗായികയുടെ വേഷമണിയുന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ രതീഷ്‌ വേഗയാണ് ഈ വിവരം തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ എല്ലാവരെയും അറിയിച്ചത്.


“ഇന്നൊരു നല്ല ദിവസമായിരുന്നു. ‘ആട് പുലി ആട്ടം’ എന്ന ചിത്രത്തിന് വേണ്ടി മംമ്ത മോഹന്‍ദാസ്‌ പാടിയ പാട്ടിന്‍റെ റെക്കോര്‍ഡിങ്ങ് കഴിഞ്ഞു. മംമ്ത നിങ്ങളൊരു നല്ല വ്യക്തിയാണ്. എനിക്കീ അവസരം തന്ന സംവിധായകന്‍ കണ്ണന്‍ ചേട്ടനും ‘ആട് പുലി ആട്ട’ത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി. പ്രിയപ്പെട്ടവരേ, ഈ പാട്ടിനായി കാത്തിരിക്കുക,” എന്നാണ് രതീഷ്‌ തന്‍റെ പേജില്‍ കുറിച്ചത്.

കര്‍ണ്ണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചിട്ടുള്ള മംമ്ത ജൂനിയര്‍ എന്‍ടിആര്‍ നായകനായ ‘രാഖി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സംഗീത രംഗത്തേക്ക് കടന്നു വരുന്നത്. വിജയ്‌ നായകനായ ‘വില്ല്’ എന്ന ചിത്രത്തിലെ ‘ഡാഡി മമ്മി വീട്ടില്‍ ഇല്ലൈ...’ എന്ന ഗാനമാണ് മംമ്തയുടെ ഹിറ്റ്‌ ചാര്‍ട്ടിലെ ഏറ്റവും വലിയ ഹിറ്റ്‌.

മലയാളത്തിലും, തമിഴിലും, തെലുങ്കിലുമായി ഒരുപിടി നല്ല പാട്ടുകള്‍ സമ്മാനിച്ച മംമ്ത അവസാനമായി പാടിയത് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘അരികെ’ എന്ന ചിത്രത്തിന് വേണ്ടിയാണ്.