2016ലെ മലയാള സിനിമാ പ്രതീക്ഷകള്‍

മലയാള സിനിമയിലെ മുന്‍നിരതാരങ്ങളുടെ  നിരവധി ചിത്രങ്ങളാണ് 2016ല്‍  പ്രേക്ഷകരെ കാത്തിരിക്കുന്നത്.മോഹന്‍ലാലിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങളില്‍  വൈശാഖ്...

2016ലെ മലയാള സിനിമാ പ്രതീക്ഷകള്‍

upcoming-malayalam-movies-2016

മലയാള സിനിമയിലെ മുന്‍നിരതാരങ്ങളുടെ  നിരവധി ചിത്രങ്ങളാണ് 2016ല്‍  പ്രേക്ഷകരെ കാത്തിരിക്കുന്നത്.

മോഹന്‍ലാലിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങളില്‍  വൈശാഖ് സംവിധാനം നിര്‍വ്വഹിക്കുന്ന 'പുലിമുരുകന്‍' ആണ് പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രം. പ്രശസ്ത തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ- സിബി.കെ.തോമസ്‌ സഖ്യത്തിലെ ഉദയകൃഷ്ണ ആദ്യമായി സ്വതന്ത്രമായി തിരക്കഥ രചിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹോളിവുഡ് സ്റ്റണ്ട് സംവിധായകന്‍ പീറ്റര്‍ ഹൈന്‍ ആണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഒരു മികച്ച ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും ചിത്രം എന്നാണ് മോഹന്‍ലാലിന്‍റെ ആരാധകരുടെ പ്രതീക്ഷ. പുലിമുരുകനെ കൂടാതെ ജിബു ജേക്കബ്‌ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിലും രണ്ടു തെലുങ്ക് ചിത്രങ്ങളിലും മോഹന്‍ലാല്‍ ഈ വര്‍ഷം അഭിനയിക്കും.


മമ്മൂട്ടിയുടെ 'പുതിയ നിയമം'മാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. നയന്‍താര നായികയാകുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടി കമ്മ്യൂണിസ്റ്റ്‌ വിശ്വാസിയായ ഒരു അഡ്വക്കേറ്റിനെ അവതരിപ്പിക്കുന്നു. എ.കെ. സാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തെ കൂടാതെ ശ്യാമപ്രസാദും മമ്മൂട്ടിയും ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന  പേര് നിശ്ചയിച്ചിട്ടില്ലാത്ത ചിത്രവും ഈ വര്ഷം റിലീസ് ചെയ്യും. ദേശീയ അവാര്‍ഡ് ജേതാവായ തമിഴ് സംവിധായകന്‍ റാമിന്‍റെ പുതിയ തമിഴ് ചിത്രം 'പേരന്‍പ്' ആണ് ഈ വര്ഷം മമ്മൂട്ടി അഭിനയിക്കുന്ന മറ്റൊരു ചിത്രം.

കഴിഞ്ഞ വര്ഷം തുടര്‍ച്ചയായ നാല് വിജയചിത്രങ്ങളുടെ തിളക്കത്തില്‍ നില്‍ക്കുന്ന പ്രിഥ്വിരാജിന്‍റെ  ഈ വര്‍ഷത്തെ ആദ്യ ചിത്രം 'പാവാട' തീയറ്ററുളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സുജിത് വാസുദേവന്‍റെ 'ജെയിംസ്‌ ആന്‍ഡ്‌ ആലിസ്', ജിജോ ആന്റണിയുടെ 'ഡാര്‍വിന്‍റെ പരിണാമം' എന്നിവയാണ് അദ്ദേഹത്തിന്റേതായി റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍ .  റോഷന്‍ ആണ്ട്രൂസ് സംവിധാനം ചെയ്യുന്ന 'നാളെ രാവിലെ' , ജീതു  ജോസെഫിന്‍റെ 'പുതിയ ചിത്രം', പ്രശസ്ത സംവിധായകന്‍ ഹരിഹരന്‍റെ പേരിടാത്ത ചരിത്ര ചിത്രം  എന്നിവയാണ് പ്രിഥ്വിരാജ് ഈ വര്ഷം ഭാഗമാകുന്ന മറ്റു ചിത്രങ്ങള്‍.

പ്രശസ്ത സംവിധായകന്‍ സിദ്ധിക്ക് കുറച്ച് കാലങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം 'കിംഗ്‌ ലയര്‍' ആണ് ദിലീപിന്‍റെ ഈ വര്‍ഷത്തെ ചിത്രങ്ങളില്‍ ഏറ്റവും പ്രതീക്ഷയുളവാക്കുന്നത്. ഹാസ്യചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ സിദ്ധിക്കും ദിലീപും ഒന്നിക്കുമ്പോള്‍ ഒരു മുഴു നീള എന്റര്‍ടൈനര്‍ തന്നെ പ്രതിക്ഷിക്കാം. 'കുമാരസംഭവം', 'വെല്‍കം ടു സെന്‍ട്രല്‍ ജയില്‍' എന്നിവയാണ് ദിലീപിന്‍റെ മറ്റു സിനിമകള്‍.

സുരേഷ് ഗോപി- ഷാജി കൈലാസ്- രണ്‍ജി പണിക്കര്‍ ടീം ഒരു ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്നു എന്നതാണ് സിനിമാലോകത്തെ ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകത. ഇത് സംബന്ധിച്ച മറ്റു വിവരങ്ങള്‍ ലഭ്യമല്ല.

സൂപ്പര്‍ താരങ്ങളെ കൂടാതെ യുവനായകന്മാരുടെയും നിരവധി സിനിമകള്‍ കാണികളുടെ മുന്നിലേക്കെത്തുന്നു. സമീപകാലത്ത് മലയാള  സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ പ്രേമത്തിലെ നായകന്‍ നിവിന്‍ പോളിയുടെ  വരാന്‍ പോകുന്ന  ഒരുപിടി ചിത്രങ്ങള്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നു. അദ്ദേഹം തന്നെ നിര്‍മ്മിച്ച് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന 'ആക്ഷന്‍ ഹീറോ ബിജു' ആണ് ഉടന്‍ റിലീസ് ചെയ്യാന്‍ പോകുന്ന നിവിന്‍ ചിത്രം. കൂടാതെ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിക്കുന്ന 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം' എന്ന ചിത്രത്തിലും അദ്ദേഹം നായകവേഷം കൈകാര്യം ചെയ്യുന്നു.

'ചാര്‍ലി'യുടെ വിജയത്തിന് ശേഷം ദുല്‍ക്കര്‍ അടുത്തതായി നായകനാകുന്നത് പ്രതാപ് പോത്തന്‍ തിരക്കഥയെഴുതി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്ത്രതിലാണ്. തുടര്‍ന്ന് അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും  അദ്ദേഹം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ജയസൂര്യ തന്‍റെ രണ്ടു വിജയ ചിത്രങ്ങളുടെ രണ്ടാം ഭാഗവുമായി എത്തുന്നു എന്നത് ശ്രദ്ധേയമാണ്. 'പുണ്യാളന്‍ അഗര്‍ബത്തീസ്-2' , 'ആട്-2' എന്നിവയാണ് ഈ ചിത്രങ്ങള്‍.

ഫഹദ് ഫാസിലിന്‍റെ  'മണ്‍സൂണ്‍ മാന്ഗോസ്' എന്ന ചിത്രം ഇതിനോടകം തന്നെ റിലീസ് ചെയ്ത് കഴിഞ്ഞു. 'മഹേഷിന്‍റെ പ്രതികാരം' എന്ന ആഷിക് അബു സിനിമയിലാണ് ഫഹദ് അടുത്തതായി നായകവേഷം അണിയുന്നത്. കൂടാതെ ഒരു  അന്‍വര്‍ റഷീദ് ചിത്രത്തിലും അദ്ദേഹം ഭാഗമാകുന്നു.

രാജേഷ്‌ പിള്ള മഞ്ജു വാര്യരെ നായികയാക്കി  ചെയ്യുന്ന 'വേട്ട' എന്ന ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്‌ കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ആണ്. കുഞ്ചാക്കോ ബോബന്‍റെ 'വള്ളിയും തെറ്റി പുള്ളിയും തെറ്റി', ഇന്ദ്രജിത്തിന്‍റെ 'അടൂരും തോപ്പിലും അല്ലാത്ത ഭാസി' എന്നീ ചിത്രങ്ങളും ഈ വര്ഷം റിലീസ് കാത്തിരിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ ആക്ഷേപഹാസ്യ ചിത്രം 'വെള്ളിമൂങ്ങ'യിലെ നായകന്‍ ബിജു മേനോന്‍ 2016ല്‍ ചില പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.  രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ലീല' എന്ന ചിത്രമാണ് ഇവയില്‍ ഏറ്റവും പ്രതീക്ഷയുളവാക്കുന്നത്. ആസിഫ് അലി നായകനാകുന്ന 'അനുരാഗ കരിക്കിന്‍ വെള്ളം' എന്ന ചിത്രത്തിലും ഇദ്ദേഹം, ഒരു പ്രധാന വേഷം കൈകാര്യം  ചെയ്യുന്നു.