പഠിപ്പുമുടക്ക് സമരങ്ങള്‍ക്ക് ഹൈക്കോടതി വിലക്ക്

കൊച്ചി:കേരളത്തിലെ വിദ്യാര്‍ഥി സംഘടനകള്‍ നടത്തി വരുന്ന പടിപ്പുമുടക്ക് സമരങ്ങള്‍ക്ക് അവസാനമാകുന്നു. കൊച്ചി സ്കൂൾ ഓഫ്‌ ലീഗൽ സ്റ്റഡീസിലെ വിദ്യാർഥികളുടെ...

പഠിപ്പുമുടക്ക് സമരങ്ങള്‍ക്ക് ഹൈക്കോടതി വിലക്ക്

09TV_SFI_1714835f

കൊച്ചി:കേരളത്തിലെ വിദ്യാര്‍ഥി സംഘടനകള്‍ നടത്തി വരുന്ന പടിപ്പുമുടക്ക് സമരങ്ങള്‍ക്ക് അവസാനമാകുന്നു. കൊച്ചി സ്കൂൾ ഓഫ്‌ ലീഗൽ സ്റ്റഡീസിലെ വിദ്യാർഥികളുടെ ഹർജിയിൽ ജസ്റ്റിസ്‌ വി ചിദംബരേഷാണ് പഠിപ്പുമുടക്ക് സമരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

പഠനം മുടക്കിയുള്ള വിദ്യാർഥി സമരങ്ങള്‍ ഇനി ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ലയെന്നും കോളജ്‌ അധികൃതരുടെ പരാതി ലഭിച്ചാൽ ഇക്കാര്യത്തിൽ പൊലീസിന്‌ ഇടപെടാമെന്നും സിംഗിൾബെഞ്ച്‌ ഉത്തരവില്‍ പറയുന്നു. സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റുള്ള കുട്ടികളുടെ പഠനത്തെ തടസപ്പെടുത്തുന്നതിനു അവകാശമില്ലെന്നു ഹൈക്കോടതി നേരത്തെ തന്നെ ഉത്തരവിട്ടിട്ടുള്ളതാണെന്നു സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.


സമരത്തിലോ, ധര്‍ണയിലോ പങ്കെടുക്കേണ്ട വിദ്യാര്‍ഥികള്‍ അവരവരുടെ ക്ലാസ് വേണ്ടെന്നു വെച്ച് സമരത്തിനു ഇറങ്ങുകയാണ് വേണ്ടത്.  പഠിക്കാന്‍ തയ്യാറായ വിദ്യാര്‍ഥിയെ ശല്യപ്പെടുത്തി ക്ലാസ് ഇല്ലാതാക്കരുത്. ഒരു വിദ്യാര്‍ഥിയെങ്കിലും ക്ലാസില്‍ ഇരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ക്ലാസ് എടുക്കാന്‍ അധ്യാപകര്‍ക്ക് അവസരം വേണം. ഇങ്ങനെ ക്ലാസ് നടക്കുന്ന സമയം അധ്യയന സമയമായി തന്നെ കണക്കാക്കാം.

അക്കാദമിക പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍  മാനേജ്‌മെന്റിന് അധികാരം ഉണ്ട്. കോളജിലോ, ക്ലാസിലോ ഏതെങ്കിലും വിദ്യാര്‍ഥി പ്രവേശിക്കുന്നത് സമരം, ധര്‍ണ എന്നീവയുടെ പേരില്‍ തടയാന്‍ സമരക്കാര്‍ക്ക് അധികാരമില്ല.  ഉന്നത വിദ്യാഭ്യാസം  മൗലികാവകാശമല്ലെങ്കിലും വ്യക്തി വികാസത്തിനു വേണ്ടിയുള്ള മനുഷ്യാവകാശമായി കണക്കാക്കാമെന്നും കോടതി പറഞ്ഞു.

കൊച്ചി സർവകലാശാലയുടെ കീഴിലുള്ള ലീഗൽ സ്റ്റഡീസിൽ ഒന്നുമുതൽ ഒൻപതുവരെയുള്ള എൽഎൽബി സെമസ്റ്ററുകളിൽ ആകെ 648 മണിക്കൂർ അധ്യയനം വേണമെന്നിരിക്കെ 304 മണിക്കൂർ മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. വിദ്യാർഥിസമരം, ഹോസ്റ്റൽ നവീകരണം എന്നിവയെ തുടർന്ന്‌ അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ടു. സെമസ്റ്റർ പരീക്ഷയായപ്പോഴേക്കും കോഴ്സിന്റെ ഭാഗമായുള്ള പല സിലബസുകളും ബാക്കിയായി. അതുകൊണ്ട്‌ പരീക്ഷ നീട്ടിവെച്ച്‌ ക്ലാസുകൾ ഒരുമാസംകൂടി നീട്ടണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. വിദ്യാർഥികളായ ലിയോ ലൂക്കോസ്‌, ആദിത്യ തേജസ്‌ കൃഷ്ണൻ എന്നിവർ നൽകിയ ഹർജി തീർപ്പാക്കിയാണ്‌ കോടതി ഉത്തരവ്‌.

Read More >>