കതിരൂര്‍ മനോജ് വധക്കേസ്: ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കണ്ണുര്‍ : കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തലശ്ശേരി ജില്ലാ...

കതിരൂര്‍ മനോജ് വധക്കേസ്: ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

p-jayarajan

കണ്ണുര്‍ : കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. ആദ്യം ജാമ്യം തള്ളിയ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ പ്രതിയല്ലാത്തതിനാല്‍ ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുന്നുവെന്ന പ്രസ്താവനയാണ് കോടതി നടത്തിയത്. ഇത് രണ്ടാം തവണയാണ് ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.


ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം പൂര്‍ത്തിയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ജയരാജന് ചോദ്യം ചെയ്യലിനായി സി.ബി.ഐ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകേണ്ടി വരും.

സി.ബി.ഐ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. സംഭവം നടന്നിട്ട് 505 ദിവസമായെന്നും കേസില്‍ അന്വേഷണം നടക്കുകയാണെന്നും പി. ജയരാജനെ പ്രതിയാക്കുന്നതിനോ തെളിവ് ഹാജരാക്കുന്നതിനോ സി.ബി.ഐക്ക് ഇതുവരെ സാധിച്ചില്ലെന്നും അതുകൊണ്ട് ജാമ്യം നല്‍കണമെന്നുമായിരുന്നു ജാമ്യാപേക്ഷയില്‍ ജയരാജന്‍ പറഞ്ഞിരുന്നത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാകുന്നതിന് അനുസരിച്ച് ചോദ്യം ചെയ്യലിന് സിബിഐ മുമ്പാകെ ഹാജരാകാമെന്ന് ജയരാജന്‍ അഭിഭാഷകന്‍ മുഖേന സിബിഐയെ അറിയിച്ചിരുന്നു.

ആര്‍.എസ്.എസ് നേതാവ് കിഴക്കേ കതിരൂരിലെ എളന്തോടത്ത് മനോജിനെ കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സി.ബി.ഐ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.