ഇന്ത്യന്‍ സാഹിത്യത്തിന്‍റെ പുതിയ ശബ്ദമായി കനിഷ്ക് തരൂര്‍

തന്‍റെ ആദ്യ പുസ്തകത്തിലൂടെ തന്നെ ഇന്ത്യന്‍ സാഹിത്യത്തിന്‍റെ പുതിയ ശബ്ദമായി മാറുകയാണ് കനിഷ്ക് തരൂര്‍.അച്ഛന്‍ ശശി തരൂരിനെ പോലെ തന്നെ സാഹിത്യ ഭാഷ...

ഇന്ത്യന്‍ സാഹിത്യത്തിന്‍റെ പുതിയ ശബ്ദമായി കനിഷ്ക് തരൂര്‍

Screenshot_4

തന്‍റെ ആദ്യ പുസ്തകത്തിലൂടെ തന്നെ ഇന്ത്യന്‍ സാഹിത്യത്തിന്‍റെ പുതിയ ശബ്ദമായി മാറുകയാണ് കനിഷ്ക് തരൂര്‍.

അച്ഛന്‍ ശശി തരൂരിനെ പോലെ തന്നെ സാഹിത്യ ഭാഷ തനിക്കും വഴങ്ങും എന്ന് തെളിയിക്കുകയാണ് തന്‍റെ ആദ്യ പുസ്തമായ ‘സ്വിമ്മര്‍ എമങ്ങ് ദി സ്റ്റാര്‍സ്’ലൂടെ കനിഷ്ക്.

‘സ്വിമ്മര്‍ എമങ്ങ് ദി സ്റ്റാര്‍സ്’ലെ ‘ദി ഫാള്‍ ഓഫ് ആന്‍ ഐലാഷ്’ എന്ന ഏടിന്‍റെ ഇതിവൃത്തമാണ് താഴെ;

അടര്‍ന്നു വീഴുന്ന കണ്‍പീലികളിലൂടെ വിധിയെ മാറ്റി എഴുതുവാന്‍ ശ്രമിക്കുകയാണ് അഭയാര്‍ത്ഥികളായ ജോനാസും ഫോറോയും.


അടര്‍ന്നു വീഴുന്ന കണ്‍പീലികള്‍ അവളുടെ ചുരുട്ടിയ മുഷ്ടിക്ക് മുകളില്‍ വച്ച് അവളെ കൊണ്ട് തന്നെ ഊതിപ്പറത്തുമ്പോള്‍ അവള്‍ മനസ്സില്‍ ആഗ്രഹിച്ചത്‌ നടക്കുമെന്നാണ് ജോനാസിന്‍റെ വിശ്വാസം, എന്നാല്‍ അത് വിശ്വസിക്കാന്‍ ഫോറോ തയ്യാറല്ല. മറിച്ച് അവളെ സംബന്ധിച്ചിടത്തോളം അതൊരപശകുനമാണ്. അവളുടെ അച്ഛനമ്മമാര്‍ ദൂരെയാണ്, അവളുടെ നാടിന്‍റെ വാതില്‍ അവര്‍ക്ക് മുന്നില്‍ ഇപ്പോഴും അടയപ്പെട്ടു കിടക്കുന്നു. ഒരിക്കലും നടക്കാത്ത ഒന്നാണെങ്കില്‍ക്കൂടി, ഒരു പുനസമാഗമം... അത് മാത്രമാണ് അവളുടെ സ്വപ്നം. ഒരു കണ്‍പീലിക്കളിയിലൂടെ അതൊന്നും നടക്കാന്‍ പോകുന്നില്ല. പകരം, നടക്കാന്‍ സാദ്ധ്യതയുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ ആഗ്രഹിച്ച് നടത്തി സന്തോഷം കണ്ടെത്തുകയാണ് അവര്‍. അവന്‍ കുടിച്ചിട്ട് വരുമ്പോള്‍ അവള്‍ പറയും എന്‍റെ കണ്‍പീലികള്‍ നിനക്ക് വേണ്ടി, നിന്‍റെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരിക്കുന്നു.

അടുത്ത ദിവസം അവസാനിച്ചത്‌ ഒരു നല്ല വാര്‍ത്തയുമായിട്ടാണ്‌. അപ്രതീക്ഷിതമായി വന്ന ഫോണ്‍ കോളിലൂടെ അവളുടെ മാതാപിതാക്കള്‍ അറിയിക്കാന്‍ ഏല്‍പ്പിച്ച ഒരു സന്ദേശം ബന്ധു വഴി അവളെ തേടിയെത്തി. “മരുപ്പാതയിലൂടെ നിന്‍റെ സഹോദരനെ ഞങ്ങള്‍ അങ്ങോട്ട് അയക്കുന്നു. രാജ്യത്തിന്‍റെ അതിരുകള്‍ കടന്നു ഈ ആഴ്ചയുടെ അവസാനത്തോടെ അവന്‍ നിങ്ങളുടെ അടുത്തെത്തും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,” ഇതായിരുന്നു സന്ദേശം. ജോനാസ് അവുടെ അഭയാര്‍ത്ഥി സങ്കേതത്തില്‍ ഫോറോയുടെ സഹോദരന് വേണ്ട താമസസൗകര്യം ഒരുക്കുന്നതിനും അധികാരികളുമായി വേണ്ട ചര്‍ച്ചകള്‍ നടത്തുന്നതിനുമായി ഓടി നടന്നു. ഒടുവില്‍, അയാള്‍ക്ക് വേണ്ട താമസസൗകര്യവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഉറപ്പു വരുത്തി.

തങ്ങളാലാവും വിധം ആ കൊച്ചു മുറിയിലെ സൗകര്യങ്ങള്‍ അവളുടെ സഹോദരന് വേണ്ടി അവര്‍ കുറച്ചു കൂടി ഭംഗിയായി ഒരുക്കി. മങ്ങിയ വെളിച്ചമുള്ള ആ മുറിയില്‍ ഫോറോ ഉറക്കം വരാതെ അവളുടെ സഹോദരന് വേണ്ടി കാത്തിരുന്നു. അടുത്ത ദിവസം, തന്‍റെ കണ്‍പീലികള്‍ പൊഴിഞ്ഞു മുഖത്ത് വീണിട്ടുണ്ടോ എന്ന് ജീവിതത്തില്‍ ആദ്യമായി ഫോറോ ജോനാസിനോട് ചോദിച്ചു.

അവളുടെ സഹോദരന്‍ അതിര്‍ത്തിയോട് അടുക്കാറായി, കണ്‍പീലിക്കളിയിലൂടെയുള്ള ഒരു ആഗ്രഹം അവനെ അതിര്‍ത്തി കടക്കാന്‍ കൂടുതല്‍ സഹായിച്ചാലോ എന്ന അവളുടെ ചിന്ത ജോനാസ് അറിഞ്ഞു. പക്ഷെ ഇത്തവണ പൊഴിയാന്‍ അവളുടെ കണ്‍പീലികള്‍ വിസമ്മതിച്ചു. കണ്‍പീലിക്കളിയിലൂടെ അവള്‍ക്ക് ആവശ്യമില്ലാത്ത ഒരു വിശ്വാസം ഉണ്ടാക്കി കൊടുത്തതില്‍ ജോനാസ് സ്വയം ഖേദിച്ചു.

ഉറക്കത്തില്‍ നിന്നും അയാളെ ഉണര്‍ത്താതെ ഫോറോ കുളിമുറിയില്‍ എത്തി. അവിടെ സൂക്ഷിച്ചിരുന്ന ചവണ ഉപയോഗിച്ച് തന്‍റെ കണ്‍പീലികളിലൊന്നു അടര്‍ത്തിയെടുത്തു. രാജ്യാതിര്‍ത്തി കടക്കുന്നതിനും തന്നോടൊപ്പം ഈ രാജ്യത്ത് ജീവിക്കുന്നതിനും ആവശ്യമായ ആധാരങ്ങളും നെഞ്ചോടു ചേര്‍ത്ത് ആ മണലാരണ്യത്തിലൂടെ ഒറ്റയ്ക്ക് നടക്കുന്ന തന്‍റെ സഹോദരനെ മനസ്സിലോര്‍ത്ത് അവളാ കണ്‍പീലി വായുവില്‍ ഊതിപ്പറത്തി.