തനിച്ചായിരുന്നില്ല കല്‍പന...

അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ പ്രിയനടി കല്‍പന പ്രിയദര്‍ശിനിക്ക്  മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് ' തനിച്ചല്ല ഞാന്‍ '.ഒരു...

തനിച്ചായിരുന്നില്ല കല്‍പന...

maxresdefault

അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ പ്രിയനടി കല്‍പന പ്രിയദര്‍ശിനിക്ക്  മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് ' തനിച്ചല്ല ഞാന്‍ '.

ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത ചിത്രം നിരൂപക പ്രശംസ പിടിച്ചു പറ്റുകയും മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള  അറുപതാമത് ദേശീയ  പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു.

ചിത്രത്തിന് ഇതിവൃത്തമായത് അമ്പലപുഴയില്‍ നടന്ന ഒരു യഥാര്‍ത്ഥ  സംഭവമാണ്.

റസിയ ബീവി എന്ന അമ്പലപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഒരു ദിവസം രാത്രി അവിചാരിതമായി റയില്‍വേ ട്രാക്കില്‍ നിന്നും ഒരു സ്ത്രീയെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കാന്‍ ഇടയായി. അവരുടെ പേര് ചെല്ലമ്മ അന്തര്‍ജ്ജനം എന്നറിഞ്ഞ റസിയ ബീവി, ഒരു ബ്രാഹ്മണ വനിതയെ വീട്ടില്‍ താമസിപ്പിച്ചാല്‍ ഉണ്ടാകാവുന്ന സാമുദായിക പ്രശ്നങ്ങളെക്കുറിച്ച് അവബോധമുണ്ടായിട്ടും അവരെ വീട്ടില്‍ കൂട്ടിക്കൊണ്ട് വന്ന് സ്വന്തം അമ്മയെപോലെ പരിപാലിച്ചു. ഇന്നും  ചെല്ലമ്മ അന്തര്‍ജ്ജനം അവരുടെ വീട്ടില്‍ ഒരു കുടുംബാംഗത്തെപ്പോലെ സന്തോഷവതിയായി  കഴിയുന്നു.

[trending included_tags="2479" title="Related"]
ഈ സംഭവം പിന്നീട് പത്രമാധ്യമങ്ങളില്‍ വാര്‍ത്തയായി. തനിക്കു കൂട്ടായി ആരോരുമില്ലാത്തതിനാലും ഏകാന്തത ഭീകരമായി തോന്നിയതിനാലുമാണ്  താനന്ന് ആത്മഹത്യക്ക് മുതിര്‍ന്നതെന്ന് പിന്നീട് ചെല്ലമ്മ അന്തര്‍ജ്ജനം പറയുകയുണ്ടായി. ഈ വാര്‍ത്തയില്‍ ആകൃഷ്ടനായ സംവിധായകന്‍ ബാബു തിരുവല്ല പിന്നീട് റസിയ ബീവിയേയും ചെല്ലമ്മ അന്തര്‍ജനത്തിനേയും തേടി പോവുകയും അവരോട് വിശദാംശങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. അങ്ങനെയാണ് 'തനിച്ചല്ല ഞാന്‍' എന്ന ചിത്രം പിറവിയെടുക്കുന്നത്.

ചിത്രത്തില്‍ ചെല്ലമ്മയും റസിയയുമായി  ആരഭിനയിക്കണം എന്ന ചോദ്യം മനസ്സില്‍ ഉയര്‍ന്നപ്പോള്‍ തന്നെ കെ.പി.എ.സി. ലളിതയുടെയും കല്പനയുടെയും  മുഖമാണ് മനസ്സില്‍ തെളിഞ്ഞത് എന്ന് സംവിധായകന്‍ ബാബു തിരുവല്ല  മാധ്യമങ്ങളോട് പറയുകയുണ്ടായി. റസിയയുടെ റോള്‍ ചെയ്യാന്‍ കല്‍പ്പനയെ സമീപിച്ചപ്പോള്‍ ഇത്രയും ശക്തമായ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ തനിക്ക് കഴിയുകയില്ലെന്നും തനിക്കു പകരം തന്‍റെ സഹോദരിയും അഭിനേത്രിയുമായ ഉര്‍വശിയെ ക്ഷണിക്കാനുമാണ് കല്‍പന ബാബു തിരുവല്ലയോടു ആവശ്യപ്പെട്ടത്. പക്ഷേ കല്‍പനയുടെ  കഴിവില്‍ തനിക്കു പരിപൂര്‍ണ വിശ്വാസം ഉണ്ടെന്നും കല്‍പ്പന ചെയ്താലേ  ഈ കഥാപാത്രത്തിന് മാറ്റ് കൂട്ടാനാകൂ എന്നുമുള്ള അദ്ദേഹത്തിന്‍റെ സ്നേഹപൂര്‍ണമായ നിര്‍ബന്ധത്തിന് മുന്നില്‍ ഒടുവില്‍ കല്‍പന വഴങ്ങുകയായിരുന്നു.

കഥാപാത്രം സ്വീകരിക്കാന്‍ തുടക്കത്തില്‍ കല്‍പന  പ്രകടിപ്പിച്ച  വൈമുഖ്യം പിന്നീട് ക്യാമറയ്ക്കു  മുന്നില്‍ എത്തിയപ്പോള്‍ മാറുകയും കഥാപാത്രത്തോട്  അവര്‍ പെട്ടെന്ന് തന്നെ താദാത്മ്യം പ്രാപിക്കുകയുമായിരുന്നു. ഒരുപാടു സാമൂഹിക പ്രതിസന്ധികളെ തരണം ചെയ്ത്, തന്‍റെ തീരുമാനത്തില്‍ ഉറച്ചുനിന്ന കരുത്തയായ ആ മുസ്ലിം വനിതയുടെ വേഷം കല്പനയുടെ കൈയ്യില്‍ ഭദ്രമായിരുന്നു. കെ.പി.എ.സി ലളിത ഒരു മികച്ച അഭിനേത്രിയായിട്ടുകൂടി അവരുടെ പ്രകടനത്തെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കല്‍പ്പന കാഴ്ച വെച്ചത്. അതിനുള്ള അംഗീകാരമായി തന്നെ 2013-ല്‍  ദേശീയ പുരസ്കാരം അവരെ തേടിവന്നു.

ഇതിനുമുന്‍പും പല ചിത്രങ്ങളിലും ശ്രദ്ധേയമായ  പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, ഏകദേശം മുന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടുണ്ടെങ്കിലും കല്‍പനയെ തേടി വലിയ ബഹുമതികള്‍ ഒന്നും തന്നെ കല്പനയെ തേടി വന്നിരുന്നില്ല. അര്‍ഹിക്കുന്ന അംഗീകാരം പോലും തനിക്ക് കിട്ടിയിട്ടില്ല എന്ന് പലപ്പോഴും അവര്‍ വേദനയോടെ  അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്തന്നെ ദേശീയ ബഹുമതി തനിക്കാണെന്ന് അറിഞ്ഞപ്പോള്‍ സ്വാഭാവികമായ നര്‍മ്മബോധത്തോടെ 'അത് വേറെ ഏതെങ്കിലും കല്‍പനയായിരിക്കും' എന്നാണ് അവര്‍ പ്രതികരിക്കുകയുണ്ടായത്. വൈകി വന്ന ആ അംഗീകാരം അവരെ ഒരുപാട് ആഹ്ലാദിപ്പിച്ചു. ഇനി മുതല്‍ സ്ഥിരം വേഷങ്ങള്‍ ചെയ്യാതെ അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ മാത്രമേ ചെയ്യുകയുള്ളൂ എന്നാണ് പുതിയ തീരുമാനമെന്ന് പിന്നീട് പല അവസരങ്ങളിലും അവര്‍ പറയുകയുണ്ടായി. തുടര്‍ന്ന് അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളിലും ആ തീരുമാനത്തിന്‍റെ പരിണിത ഫലം കാണാനുണ്ടായിരുന്നു.

പക്ഷേ അധികകാലം അത് തുടരാന്‍ വിധി അവരെ അനുവദിച്ചില്ല. ഒരുപാടു ചെയ്യാന്‍ ബാക്കി വച്ച് കല്‍പന കാലയവനികക്കുള്ളില്‍ മറഞ്ഞു. എന്നിരുന്നാലും അവരുടെ അഭിനയജീവിതത്തിലെ ഒരു പൊന്‍തൂവലായി 'തനിച്ചല്ല ഞാന്‍' എന്ന ചിത്രം ഇന്നും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.