പാവത്തുങ്ങളുടെ സൗന്ദര്യം അസ്തമിച്ചു... നടി കല്‍പന ഇനി ഓര്‍മ്മ...

കുറുനിര മുന്നിലേക്ക്‌ വളച്ചു വച്ച്, കണ്ണുകള്‍ തുടരെ തുടരെ ചിമ്മിച്ച്, ശ്വാസം എടുത്തു വിട്ടു നമ്മളെ നോക്കാന്‍ ഇനി കല്‍പ്പനയില്ല. ‘പാവത്തുങ്ങള്‍ക്കിത്ര...

പാവത്തുങ്ങളുടെ സൗന്ദര്യം അസ്തമിച്ചു... നടി കല്‍പന ഇനി ഓര്‍മ്മ...

Untitled-1

കുറുനിര മുന്നിലേക്ക്‌ വളച്ചു വച്ച്, കണ്ണുകള്‍ തുടരെ തുടരെ ചിമ്മിച്ച്, ശ്വാസം എടുത്തു വിട്ടു നമ്മളെ നോക്കാന്‍ ഇനി കല്‍പ്പനയില്ല. ‘പാവത്തുങ്ങള്‍ക്കിത്ര സൗന്ദര്യം കൊടുക്കല്ലേ’ എന്ന ഒറ്റ ഡയലോഗ് മതി കല്‍പനയെ മലയാളികള്‍ എന്നും ഓര്‍ക്കാന്‍. സിനിമയില്‍ ചെയതതേറെയും ഹാസ്യകഥാപാത്രങ്ങള്‍ ആയിരുന്നുവെങ്കിലും പ്രതിസന്ധികളില്‍ ആരെയും കൂട്ടുപിടിക്കാതെ തന്‍റെ പ്രശ്നങ്ങള്‍ സ്വയം കൈകാര്യം ചെയ്യാന്‍ തക്ക മനക്കരുത്തുള്ള സ്ത്രീയായിരുന്നു കല്‍പന.


ഹാസ്യവേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന അപൂര്‍വ്വം നടിമാരില്‍ മികച്ചയാളായിരുന്നു കല്‍പന. എത്തരത്തിലുള്ള വേഷവും അവരില്‍ ഭദ്രമായിരുന്നു. സിനിമാലോകത്തെ കാലത്തിനൊത്ത ചുവടുമാറ്റം നടത്തിയ ചുരുക്കം അഭിനേതാക്കളില്‍ ഒരാളായിരുന്നു അവര്‍. ഒരേസമയം ന്യൂജെനറേന്‍ സിനിമകളുടേയും സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകളുടേയും ഭാഗമാകാന്‍ അവര്‍ക്ക് കഴിഞ്ഞു.

നാടക പ്രവര്‍ത്തകരായ വി.പി. നായരുടേയും വിജയലക്ഷ്മിയുടേയും രണ്ടാമത്തെ മകളായി 1965 ഒക്ടോബര്‍ 5നായിരുന്നു ജനനം. ബാലതാരമായി അഭിനയ ജീവിതത്തിന് തുടക്കമിട്ട കല്‍പനയ്ക്ക് 1983ല്‍ പുറത്തിറങ്ങിയ എം.ടി.യുടെ ‘മഞ്ഞ്’ സിനിമയിലേക്കുള്ള വാതില്‍ തുറന്നു കൊടുത്തു. സിനിമാ ജീവിതത്തിന്‍റെ ആദ്യ കാലങ്ങളില്‍ തന്നെ ഹാസ്യ വേഷങ്ങളും അതിനോടൊപ്പം തന്നെ വ്യക്തതയുള്ള ബോള്‍ഡായ വേഷങ്ങളും ചെയ്തു. ബാബു തിരുവല്ല സംവിധാനം ചെയ്ത ‘തനിച്ചല്ല ഞാന്‍’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്ക്കാരം നേടി.

ഡോ. പശുപതിയിലെ യു.ഡി.സി, പഞ്ചവടിപ്പാലത്തിലെ അനാര്‍ക്കലി, കാബൂളിവാലയിലെ ചന്ദ്രിക, ഗാന്ധര്‍വത്തിലെ കൊട്ടാരക്കര കോമളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ടിലെ പൊന്നമ്മ, കോട്ടപ്പുറത്തെ കൂട്ട് കുടുംബത്തിലെ ചന്ദ്രിക, ഇഷ്ടത്തിലെ മറിയാമ്മ ചാക്കോ, അദ്ഭുതദ്വീപിലെ മല്ലിക ഈ കഥാപാത്രങ്ങളിലൂടെയെല്ലാം മലയാളികളില്‍ മരിക്കാത്ത ഓര്‍മ്മകള്‍ സമ്മാനിക്കാന്‍ കല്‍പനയ്ക്കായി.

ന്യൂജെനറേന്‍ സിനിമകളുടെ കാലത്തും രഞ്ജിത്ത് സിനിമകളായ ‘സ്പിരിറ്റ്’, ‘ഇന്ത്യന്‍ റുപ്പി’ എന്നിവയിലെ സാധാരണക്കാരിയുടെ വേഷങ്ങള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു.

‘ബംഗ്ലൂര്‍ ഡേയ്സ്’ല്‍ കുട്ടന്‍റെ അമ്മയായി വന്ന് നാട്ടുമ്പുറത്തെ ഒരു സാധാരണ സ്ത്രീയില്‍ നിന്നും ഹൈ-ടെക് അമ്മയിലേക്കുള്ള ഭാവമാറ്റം അസാധാരണമായ തന്മയത്വത്തോടെ അവതരിപ്പിച്ച് അവര്‍ ഒരേസമയം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും പിടിച്ചു പറ്റി. തമിഴിലെ ന്യൂജെനറേന്‍ സൂപ്പര്‍ താരം ശിവകാര്‍ത്തികേയനോടൊപ്പം അഭിനയിച്ച ‘കാക്കിച്ചട്ട’യിലെ അമ്മ വേഷം ഒരേ സമയം ഹാസ്യവും - കരുത്തുറ്റതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ കല്പനയുടെ കൈയ്യടക്കം വിളിച്ചോതുന്നതായിരുന്നു.

അവസാനമായി പുറത്തിറങ്ങിയ ‘ചാര്‍ളി’യിലെ ‘ക്യൂന്‍ മേരി’ എന്ന കഥാപാത്രവും എടുത്തു പറയേണ്ടതാണ്. കടലമ്മയെ കാണാന്‍ പോകുന്ന പോക്കില്‍ നടുക്കടലിലെവിടെയോ വച്ച് അപ്രത്യക്ഷയായത്‌ പോലെ ജീവിതത്തില്‍ നിന്നും നിനച്ചിരിക്കാത്ത നേരത്ത് അവര്‍ ഇല്ലാതെയായി. ക്യൂന്‍ മേരിയെ പോലെ തന്നെ കല്പനയും മനസ്സില്‍ ഒരു നീറ്റല്‍ അവശേഷിപ്പിക്കുന്നു.

ഭാഗ്യരാജിന്‍റെ ‘ചിന്നവീട്’ എന്ന തമിഴ് ചിത്രത്തിലൂടെ കല്‍പന ആദ്യമായി നായികയായി. ‘സതി- ലീലാവതി’ എന്ന തമിഴ് ചിത്രത്തില്‍ കമല്‍ ഹാസന്‍റെ നായികയാവാനുള്ള ഭാഗ്യവും വൈകാതെ അവരെ തേടിയെത്തി. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഏകദേശം മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു.

തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രത്തില്‍ അഭിനയിച്ചു വരികയായിരുന്നു അവര്‍. ഈ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി ഹൈദരാബാദില്‍ ഉണ്ടായിരിക്കവെയാണ് മരണം സംഭവിച്ചത്.