തലസ്ഥാന നഗരിയില്‍ കലോത്സവത്തിന് കൊടിയുയര്‍ന്നു

തിരുവനന്തപുരം: ഏഴ് നാൾ നീളുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ കൊടിയുയര്‍ന്നു. ഇന്ന് രാവിലെ 9.30ന് പൊതു...

തലസ്ഥാന നഗരിയില്‍ കലോത്സവത്തിന് കൊടിയുയര്‍ന്നു

56th_kerala_school_kalolsavam_2016_tvm

തിരുവനന്തപുരം: ഏഴ് നാൾ നീളുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ കൊടിയുയര്‍ന്നു. ഇന്ന് രാവിലെ 9.30ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി എം.എസ്. ജയയാണ് കൊടി ഉയർത്തി കലോത്സവത്തിന് തുടക്കം കുറിച്ചത്.

സ്വാഗതസംഘം ഓഫിസ് പ്രവര്‍ത്തിക്കുന്ന തൈക്കാട് ഗവ. മോഡല്‍ സ്കൂളില്‍ രാവിലെ പത്തു മുതല്‍ തന്നെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഓരോ ജില്ലകള്‍ക്ക് വേണ്ടിയും വെവ്വേറെ കൌണ്ടറുകളാണ് പ്രവര്‍ത്തിക്കുന്നത്.


ഉത്ഘാടന ചടങ്ങുകളുടെ ഭാഗമായി ഉച്ചക്കുശേഷം രണ്ടു മണിക്ക് പാളയം ഗവ. സംസ്കൃത കോളജില്‍നിന്ന് വര്‍ണ്ണഭമായ ഘോഷയാത്ര ഉണ്ടായിരിക്കും. ഘോഷയാത്ര  പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് വൈകീട്ട് അഞ്ചിന് പ്രധാനവേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  56ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. സംവിധായകന്‍ ജയരാജ് മുഖ്യാതിഥിയാവും.

വരും ദിവസങ്ങളില്‍ നടന്മാരായ മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, സുരാജ് വെഞ്ഞാറമൂട്, നിവിന്‍ പോളി എന്നിവര്‍ അതിഥികളായി എത്തുന്നതോടെ മേള കൂടുതല്‍ സജീവമാവുകയും ചെയ്യും.

25ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

ഇത്തവണ 232 ഇനങ്ങളില്‍ 12000ത്തോളം പ്രതിഭകള്‍ 19 വേദികളില്‍ മാറ്റുരക്കും. അപ്പീലുകളുടെ എണ്ണം കുറക്കാനുള്ള ശ്രമമായിരുന്നു ഇത്തവണ കലോത്സവത്തിന്‍റെ പ്രത്യേകത. നഗരത്തിലെ 13 സ്കൂളുകളിലാണ് കലോത്സവത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കിയത്.

Read More >>