കലോത്സവ വേദിയിലെ ബാലലീല

                                                                                                                                                     ...

കലോത്സവ വേദിയിലെ ബാലലീല

DSC_0151

                                                                                                                                                                                           

കുരുന്നുകളുടെ കളിയും ചിരിയും നിറഞ്ഞ മറ്റൊരു കലോത്സവത്തിന് കൂടി കൊടിയിറങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം അനന്തപുരിയുടെ മണ്ണിലേക്ക് കലോത്സവം മടങ്ങി വന്നപ്പോള്‍ അത് ആഘോഷമാക്കി മാറ്റാന്‍ ഒരുപാട് മാധ്യമങ്ങളും ഒരുപിടി താരങ്ങളും പിന്നെ പേരിന് അല്‍പ്പം കാണികളും ഉണ്ടായിരുന്നു. പതിവ് പോലെ അവിടെയും ഇവിടെയും ഉണ്ടായ ചില ഉരസലുകളും, അപ്പീലുകളും, രാപ്പകല്‍ നീണ്ട മത്സരങ്ങളുമെല്ലാം,, തിരുവനന്തപുരം നഗരത്തെ കലയുടെ ഉത്സവപ്പറമ്പാക്കി മാറ്റി. ഉത്സവം ആഘോഷമാക്കാന്‍ കലാ- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ കൂടി രംഗത്തെത്തിയതോടെ വേദികള്‍ കൂടുതല്‍ ഉഷാറായി.

താരങ്ങളില്‍ പലരും മാധ്യമ സ്റ്റുഡിയോകളിലും വേദികളും എത്തി കാഴ്ചക്കാര്‍ക്ക് ആവേശമായപ്പോള്‍, ബാലഭാസ്കര്‍ എത്തിയത് തീര്‍ത്തും വ്യത്യസ്തനായാണ്. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നോടൊപ്പം വൃന്ദവാദ്യ മത്സരത്തിന് പങ്കെടുത്ത് വിജയിച്ച പഴയ കൂട്ടുകാര്‍ക്കൊപ്പമാണ് ബാലഭാസ്കര്‍ കലോത്സവ വേദിയിലെത്തിയത്. മത്സരം കാണാനും കുട്ടി കലാകാരുമായി കൂട്ടുകൂടാനുമാണ് പ്രശസ്ത വൃന്ദവാദ്യ വിദഗ്ദ്ധനും അതിലുപരി ലോകം അറിയുന്ന വയലിനിസ്റ്റുമായ ബാലഭാസ്കര്‍ വന്നത്.

bala-and-team

ജനിച്ചു വളര്‍ന്ന നഗരത്തിലെ പരിചിതമായ മുഖങ്ങളെ ചിരിച്ചു സ്വീകരിച്ചാണ് ബാലഭാസ്കര്‍ വൃന്ദവാദ്യ മത്സരങ്ങള്‍ നടന്ന വേദികളില്‍ എത്തിയത്. 1994ല്‍ തിരുവനനതപുരം മോഡല്‍ സ്കൂളിനെ പ്രതിനിധീകരിച്ച് അദ്ദേഹവും സംഘവും കലോത്സവത്തില്‍ പങ്കെടുത്തപ്പോള്‍ ഉണ്ടായിരുന്ന ടെന്‍ഷനും ഉത്സാഹവുമെല്ലാം ഇപ്പോഴും ആ മുഖത്ത് പ്രകടമായിരുന്നു. വേദികളില്‍ തന്നെ തിരിച്ചറിഞ്ഞ്, ഓടി എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്‍റെ കൂട്ടുകാരെ പരിചയപ്പെടുത്തിയും അവര്‍ക്കൊപ്പം ഗാനങ്ങള്‍ പാടിയും ബാലഭാസ്കര്‍ കലോത്സവ വേദിയിലേക്കുള്ള തന്‍റെ തിരിച്ചു വരവ് ആഘോഷിച്ചു.

തിരുവനന്തപുരം വിമന്‍സ് കോളേജ് വേദി മൂന്നില്‍ ,ഹൈസ്കൂള്‍ വിഭാഗം വൃന്ദവാദ്യ മത്സരങ്ങള്‍ മുന്‍ നിരയില്‍ തന്നെയിരുന്ന് അദ്ദേഹം ആസ്വദിച്ചു. തിരിച്ചിറങ്ങുന്ന വേളയില്‍ ഞങ്ങളോടൊപ്പം കുറച്ചു സമയം ചിലവഴിക്കാമോ എന്ന ചോദ്യത്തിന് തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍, “ഒരു ചായ കുടിച്ചിട്ട് പോരെ?”, എന്നായിരുന്നു മറുപടി.

വിമന്‍സ് കോളേജിന്‍റെ മുന്‍ ഗേറ്റിനു സമീപമുള്ള താല്‍കാലിക ചായക്കടയില്‍ നിന്നും 2 ചായ ഓര്‍ഡര്‍ ചെയ്തു, ചൂടോടെ ചായ കൈയ്യില്‍ കിട്ടിയതോടെ, “ഇപ്പോള്‍ മൂഡായി, ഇനി തുടങ്ങാം...” എന്നായി ബാലഭാസ്കര്‍.

ബാലഭാസ്കര്‍, ജയന്‍ പിഷാരഡി, ഫെലിക്സ്, ശരത്, അഭയദേവ്,രമേശ്‌, ഗിരീഷ്‌ ഇവരടങ്ങുന്നതാണ് 1994ലെ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ വൃന്ദവാദ്യസംഘം. ഇവര്‍ക്കൊപ്പമിരുന്ന് ബാലഭാസ്കര്‍ പഴയ കഥകളും പുതിയ വിശേഷങ്ങളും പങ്കുവച്ചു.

12565527_954715821283078_5043162713937655873_n

പഴയ കൂട്ടുകാര്‍ക്കൊപ്പം വീണ്ടും ഈ വേദിയില്‍ എത്തുമ്പോള്‍, ഒരിക്കല്‍ കൂടി ഇവരോടൊപ്പം ഒന്നിച്ചൊരു പരിപാടി ചെയ്യണം എന്ന സ്വപ്നം ബാലഭാസ്കര്‍ വെളിപ്പെടുത്തി. “വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറെ ചാക്ക് ചരടുകളും സെല്ലോ ടേപ്പുകളും എല്ലാം ചേര്‍ത്ത് വച്ച് കെട്ടിയാണ് ഞങ്ങള്‍ വിജയം കൈ വരിച്ചത്‌. വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വീണ്ടും ഇവരോടൊപ്പം ഒരു വേദി പങ്കിടണം എന്നത് ഒരു സ്വപ്നമായും ആഗ്രഹമായും മനസ്സില്‍ സൂക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.

പഴയ സംഘം ഇനിയെന്നാണ് വേദിയിലേക്ക് എത്തുക എന്ന ചോദ്യത്തിന്, "അന്നത്തെ കുട്ടികള്‍ അല്ലല്ലോ ഞങ്ങള്‍ ഇന്ന്. ഇവര്‍ക്കോരോരുത്തര്‍ക്കും അവരുടേതായ ബുദ്ധിമുട്ടുകളും പ്രാരാബ്ധങ്ങളുമുണ്ട്. ഇതെല്ലാം മാറ്റി നിര്‍ത്തി വളരെ പെട്ടെന്ന് തന്നെ ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്,” എന്നായിരുന്നു മറുപടി.

തന്‍റെ ബാന്‍ഡ് ട്രൂപ്പായ 'ബാലലീല'യോടൊപ്പം നാലഞ്ചു ഗാനങ്ങളടങ്ങുന്ന ഒരു പുതിയ ഹിന്ദി ആല്‍ബത്തിന്‍റെ ജോലിത്തിരക്കുകളിലാണ് ബാലഭാസ്കറും സുഹൃത്തുക്കളും ഇപ്പോള്‍.

'ബാലലീല', ആ പേരുണര്‍ത്തുന്ന കൌതുകത്തെ പറ്റിയുള്ള ചോദ്യത്തിന് ആദ്യം ഒരു ചിരിയായിരുന്നു മറുപടി, “'ബാലന്‍' എന്ന് പറഞ്ഞാല്‍ 'കുട്ടി', 'ലീല' എന്നാല്‍ 'വികൃതി', തന്നിലെ കുട്ടി കാണിക്കുന്ന വികൃതികളാണ് 'ബാലലീല'”, കൂട്ടുകാര്‍ സ്നേഹത്തോടെ 'ബാലു' എന്ന് വിളിക്കുന്ന ബാലഭാസ്കര്‍ വിശദീകരിച്ചു.

'ഗൃഹാതുരത്വം' എന്ന വാക്കിന് 'സൗഹൃദം' എന്നാണ് അര്‍ത്ഥം എന്ന് പറയുന്ന ബാലഭാസ്കര്‍ 'സൗഹൃദം' എന്ന വാക്കിന് നല്‍കുന്ന മറ്റൊരര്‍ത്ഥം 'ഓര്‍മ്മകള്‍' എന്നാണ്. ഗൃഹാതുരമായ ഓര്‍മകളില്‍ നല്ല സൗഹൃദങ്ങള്‍ ഒളിഞ്ഞിരിക്കുന്നു എന്ന് പറയുന്ന ബാലഭാസ്ക്കര്‍ തന്നെ നേടി വന്ന പ്രശസ്തിയും നേട്ടങ്ങളും ഒന്നും തന്നെ അദ്ദേഹത്തെ സുഹൃത്തുക്കളില്‍ നിന്നും അകറ്റിയിട്ടില്ല എന്ന് പറഞ്ഞു.

“ജാഡ എന്നൊരു വാക്കില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. മറിച്ച് ഓരോരുത്തരും കാത്ത് സൂക്ഷിക്കേണ്ട ഒരു ആത്മാഭിമാനം ഉണ്ട്. ഒരാളുടെ കഴിവുകളേയും കുറവുകളേയും അയാള്‍ സ്വയം മാനിക്കണം, അതിനെ എല്ലാവരും ഒരുപോലെ മാനിക്കണം എന്ന് ഒരിക്കലും വാശി പിടിക്കാന്‍ പാടില്ല,” ബാലഭാസ്കര്‍ പറഞ്ഞു.

“നിങ്ങളില്‍ പലരും ആരാധിക്കുന്നത് എന്നെയല്ല മറിച്ച് എന്‍റെ സൃഷ്ടികളെ മാത്രമാണ്, എന്ന ബോധം എനിക്ക് ഉള്ളിടത്തോളം കാലം ഞാന്‍ ജാഡ കാണിക്കുന്നതില്‍ എന്ത് അര്‍ത്ഥം?” അദ്ദേഹം ചോദിക്കുന്നു.

കലോത്സവങ്ങളെക്കുറിച്ചും അദ്ദേഹത്തിന് ചിലത് പറയാനുണ്ട്, “ഇന്ന് പേരില്‍ മാത്രമേ ഉത്സവം ഉള്ളൂ, അതൊഴിച്ച് നിര്‍ത്തിയാല്‍ ഇപ്പോള്‍ നടക്കുന്നത് വെറും മത്സരം മാത്രമാണ്. സ്വതസിദ്ധമായ കലാവാസനകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരു കുട്ടിക്ക് ലഭിക്കുന്ന അപൂര്‍വ്വ വേദി എന്നതിനപ്പുറം 3 മാസം കൊണ്ട് പഠിച്ച 'ക്രാഷ് കോഴ്സ്' പ്രകടിപ്പിച്ചു, മറ്റു നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കുന്ന വേദിയായി ഇത് മാറിയിരിക്കുന്നു".

"കലാമത്സരങ്ങള്‍ എന്നത് മാറി 'കലോത്സവം' എന്ന പേര് അന്വര്‍ത്ഥമാകണം. കുട്ടികള്‍ക്ക് പ്രഗത്ഭര്‍ക്കു മുന്നില്‍ തങ്ങളുടെ കഴിവുകള്‍ അവതരിപ്പിക്കാനുള്ള വേദിയായി മാത്രം ഇത് മാറണം. ആ പ്രതിഭകളെ തേടിയാകണം അംഗീകാരങ്ങള്‍ വരേണ്ടത്. പക്ഷെ ഇവിടെ, കിട്ടുന്ന 'എ ഗ്രേഡും' ഗ്രേസ്സ് മാര്‍ക്കും' ഒക്കെ എടുത്ത് കളഞ്ഞു ഇതൊരു കലാ പ്രദര്‍ശനം മാത്രമായാല്‍ എത്രത്തോളം പങ്കാളിത്തം കലോത്സവങ്ങള്‍ക്ക് കിട്ടും എന്ന്  ഒരുറപ്പുമില്ല," അദ്ദേഹം പറഞ്ഞു.

എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരമുള്ള ബാലഭാസ്കര്‍, ഇപ്പോഴത്തെ വിധി കര്‍ത്താക്കളെ കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്ര സുഖമുള്ളതല്ല എന്നും അതേസമയം, എല്ലാവരും അവരവരുടെ ജോലികള്‍ പൂര്‍ണ മനസ്സോടും സത്യസന്ധതയോടും കൂടിയാണ്‌ ചെയ്യുന്നത് എന്നാണ് തന്‍റെ വിശ്വസമെന്നും പറഞ്ഞു.

മാധ്യമങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന്, “മാധ്യമങ്ങളെയല്ല മറിച്ച് മാധ്യമ വിചാരണകളെയാണ് താന്‍ അകറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്നത്, എന്നായിരുന്നു മറുപടി. "'കണ്ടു' എന്ന് പറഞ്ഞാല്‍ 'കൊണ്ടു' എന്ന് എഴുതുന്ന ഒരു തരം വിപത്ത് ഇന്നത്തെ മാധ്യമങ്ങള്‍ക്ക് പിടിപ്പെട്ടിരിക്കുന്നു. അത് കൊണ്ട് തന്നെ ഞാന്‍ കഴിവതും അതില്‍ നിന്നും അകന്നു നില്‍ക്കുവാനാണ് ശ്രമിക്കുന്നത്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഇന്നത്തെ മാധ്യമ ധര്‍മ്മം എന്ന് പറയുന്നത് വാര്‍ത്ത കണ്ടെത്തല്‍ അല്ല, മറിച്ച് വാര്‍ത്ത വളച്ചൊടിക്കലാണ്, ഈ പ്രവണത പുതിയ തലമുറയിലെ മാധ്യമ പ്രവര്‍ത്തകര്‍ മാറ്റേണ്ടിയിരിക്കുന്നു, എനിക്ക് അവര്‍ക്ക് കൊടുക്കാനുള്ള ഒരേയൊരു ഉപദേശം ഇതാണ്” ബാലഭാസ്കര്‍ പറഞ്ഞു.

കലോത്സവങ്ങളിലും മറ്റു സംഗീത പരിപാടികളും സജീവ സാന്നിധ്യമായ ബാലഭാസ്കര്‍  ഈ വേദികളില്‍ എവിടെയെങ്കിലും വളര്‍ന്നു വരുന്ന മറ്റൊരു ബാലഭാസ്കറിനെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് “ഉണ്ട്, അവന്‍റെ പേര് പ്രീത്ത്,” എന്നായിരുന്നു മറുപടി. "വയലിനില്‍ അല്ല ഗിത്താറില്‍ ആണ് അവന്‍ എന്നെ ഞെട്ടിച്ചത്. ഒരു സ്കൂള്‍ പരിപാടിയില്‍ അതിഥിയായി പോയപ്പോഴാണ് ആദ്യമായി ഞാനവനെ കാണുന്നത്. പിന്നീടിങ്ങോട്ട് എന്‍റെ പരിപാടികളുടെ ഭാഗമായി അവന്‍ എപ്പോഴും എന്‍റെ കൂടെയുണ്ട്,” അഭിമാനത്തോടെ ബാലഭാസ്കര്‍ പറഞ്ഞു.

"ആരാധകരെ ഞാന്‍ ആരാധനയോട് കൂടി കാണുന്നു," എന്ന് പറയുന്ന ബാലഭാസ്കര്‍ ഒരിക്കല്‍ തന്നെ കണ്ടു, കെട്ടിപ്പിടിച്ചു കരഞ്ഞ കുഞ്ഞു ആരാധകന്‍റെ മുഖം വളരെക്കാലം മനസ്സില്‍ നിറഞ്ഞു നിന്നതായി ഓര്‍ക്കുന്നു. “ ആരാധകര്‍ നമുക്ക് നല്‍കുന്ന ഒരു വീര്യമുണ്ട്, അവര്‍ക്ക് വേണ്ടി ഏറ്റവും മികച്ചത് ചെയ്യാന്‍ ആ ഊര്‍ജ്ജം നമ്മുടെ മനസ്സിനെ സജ്ജമാക്കും,” ബാലഭാസ്കര്‍ പറഞ്ഞു.

ചുറ്റും ഇരുട്ട് വീഴുകയാണ്... വാങ്ങിച്ച ചായ തീര്‍ന്നു ഗ്ലാസ് ഉണങ്ങി തുടങ്ങി... അടുത്ത ദിവസം ചെന്നൈയിലേക്ക് പോവുകയാണ് ബാലഭാസ്കര്‍. “വീണ്ടും കാണാം...” എന്ന ക്ലീഷേ ഡയലോഗിനു പകരം “നമ്മള്‍ ഇനിയും കാണണം...” എന്ന് തോളില്‍ തട്ടി പറഞ്ഞു കൊണ്ട് സുഹൃത്തിന്‍റെ സ്കൂട്ടറിന് പിന്നില്‍ കയറി പോകുമ്പോഴേക്കും ബാലഭാസ്കര്‍ എന്‍റെ മനസ്സില്‍ ഒരു പുതിയ ആരാധകനെ സൃഷ്ടിച്ചു കഴിഞ്ഞിരുന്നു.