ലാവ്‌ലിന്‍ കേസ്‌; പിണറായിക്ക് എതിരെ സര്‍ക്കാര്‍ വീണ്ടും കോടതിയില്‍

കൊച്ചി: എസ്‌.എന്‍.സി. ലാവ്‌ലിന്‍ കേസില്‍ മുന്‍വൈദ്യുതി മന്ത്രിയും സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗവുമായ പിണറായി വിജയനെതിരേ സര്‍ക്കാര്‍ വീണ്ടും ഹൈക്കേ...

ലാവ്‌ലിന്‍ കേസ്‌; പിണറായിക്ക് എതിരെ സര്‍ക്കാര്‍ വീണ്ടും കോടതിയില്‍

maxresdefault

കൊച്ചി: എസ്‌.എന്‍.സി. ലാവ്‌ലിന്‍ കേസില്‍ മുന്‍വൈദ്യുതി മന്ത്രിയും സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗവുമായ പിണറായി വിജയനെതിരേ സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയില്‍.

പിണറായി വിജയനെ കുറ്റവിമുക്‌തനാക്കിയ നടപടി ശരിയല്ലെന്നും തെളിവുകള്‍ പലതും കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണു സര്‍ക്കാര്‍ കേസില്‍ ഉപഹര്‍ജി നല്‍കിയത്‌.
റിവിഷന്‍ ഹര്‍ജിയില്‍ എത്രയും വേഗം വാദം കേള്‍ക്കണമെന്നു ആവശ്യപ്പെട്ട സര്‍ക്കാര്‍ സര്‍ക്കാരിനുണ്ടായ സാമ്പത്തിക നഷ്‌ടവും കോടതിയില്‍ ഉന്നയിച്ചു.


ലാവ്‌ലിൻ കേസിൽ സർക്കാറിന്‍റെ നടപടി രാഷ്ട്രീയ പ്രേരിതമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ്‌ വി.എം സുധീരനും വ്യക്തമാക്കി.

നിയമപരമായ നടപടി മാത്രമാണ് ഇപ്പോള്‍ നടക്കുന്നത് എന്നും ഹൈകോടതിയിൽ വാദം നടക്കണമെന്ന് മാത്രമാണ് സർക്കാർ നിലപാട് എന്നും ചെന്നിത്തല പറഞ്ഞപ്പോള്‍ വാദം വേഗത്തിലാക്കാൻ കോടതിയെ സമീപിക്കുന്നതിൽ എന്താണ് തെറ്റ് എന്നാണ് സുധീരന്‍ ചോദിക്കുന്നത്. 
നിരപരാധിയാണെങ്കിൽ പിണറായിക്ക് ഊതിക്കാച്ചിയ പൊന്ന് പോലെ പുറത്തുവരാൻ കഴിയുമെന്നും സുധീരൻ പറഞ്ഞു.

ലാവ്‌ലിൻ കേസ് ഇപ്പോള്‍ ഉയർത്തിക്കൊണ്ടുവരുന്നത് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.  കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നതാണ് പാർട്ടിയുടെ തുടക്കം മുൽക്കുള്ള നിലപാട് എന്നും അത് തുടരും എന്നും അദ്ദേഹം വ്യക്തമാക്കി.

പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം ജലവൈദ്യുത പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട ലാവ്‌ലിന്‍ കരാറില്‍ സര്‍ക്കാരിന്‌ 86.25 കോടിയുടെ നഷ്‌ടമുണ്ടായി എന്നായിരുന്നു സി.ബി.ഐ. കേസ്‌. ജലവൈദ്യുതി പദ്ധതിയുടെ നവീകരണ കരാര്‍ ലാവ്‌ലിന്‍ കമ്പനിയെ ഏര്‍പ്പിച്ചതിലൂടെ സര്‍ക്കാരിന്‌ നഷ്‌ടമുണ്ടായെന്ന സി.എ.ജി. റിപ്പോര്‍ട്ടിലൂടെയാണ്‌ അഴിമതി പുറത്തായത്‌. കരാര്‍ പ്രാബല്യത്തിലാക്കാന്‍ അന്ന്‌ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനും മറ്റു പ്രതികളും ഗൂഢാലോചന നടത്തി സര്‍ക്കാരിന്‌ കോടികളുടെ നഷ്‌ടമുണ്ടാക്കുകയാണ്‌ ചെയ്‌തതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 243.98 കോടിക്കാണ്‌ കരാര്‍ നല്‍കിയതെങ്കിലും പദ്ധതി പൂര്‍ത്തിയായപ്പോള്‍ ഇത്‌ 389.98 കോടിയായി മാറി.

കേന്ദ്രസര്‍ക്കാര്‍ സ്‌ഥാപനമായ ഭാരത്‌ ഹെവി ഇലക്‌ട്രിക്കല്‍സ്‌ മുഖേന പദ്ധതി നടപ്പാക്കിയിരുന്നെങ്കില്‍ 123.73 കോടി മാത്രമേ ചെലവ്‌ വരൂവെന്ന്‌ ഇ. ബാലാനന്ദന്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ആഗോള ടെന്‍ഡര്‍ കൂടാതെ ലാവ്‌ലിന്‍ കമ്പനിക്ക്‌ നവീകരണ കരാര്‍ നല്‍കിയതിലും മലബാര്‍ ക്യാന്‍സര്‍ സെന്ററിന്‌ സാമ്പത്തിക സഹായം ഉറപ്പാക്കാന്‍ പ്രത്യേക കരാറില്‍ ഏര്‍പ്പെടാതിരുന്നതും ഗൂഢാലോചനയുടെ ഫലമായിരുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഇടപാടില്‍ പിണറായി സാമ്പത്തികനേട്ടമുണ്ടാക്കിയില്ലെങ്കിലും ഗൂഢാലോചനയില്‍ പങ്കാളിയാണെന്നായിരുന്നു ആരോപണം. എന്നാല്‍, ഈ ഗൂഢാലോചന തെളിയിക്കാന്‍ സി.ബി.ഐക്കു കഴിഞ്ഞില്ലെന്നു കുറ്റവിമുക്‌തനാക്കികൊണ്ടുള്ള വിധിയില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Read More >>