'ദില്‍വാലേ' ഒരു തെറ്റായ തീരുമാനമായിപ്പോയി: കജോള്‍

രോഹിത് ഷെട്ടിയുടെ ഷാരൂഖ് ഖാന്‍ ചിത്രം 'ദില്‍വാലെ'യില്‍ നായികയായതില്‍  താന്‍ ഖേദിക്കുന്നതായി നടി കജോള്‍. ഒരു പ്രമുഖ ഹിന്ദി മാധ്യമത്തിന് നല്‍കിയ...

23-1453538706-kajol

രോഹിത് ഷെട്ടിയുടെ ഷാരൂഖ് ഖാന്‍ ചിത്രം 'ദില്‍വാലെ'യില്‍ നായികയായതില്‍  താന്‍ ഖേദിക്കുന്നതായി നടി കജോള്‍. ഒരു പ്രമുഖ ഹിന്ദി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കജോള്‍ ഈ കാര്യം വ്യക്തമാക്കിയത്.

90-കളില്‍  ഹിന്ദി സിനിമാലോകം അടക്കിവാണ താരജോടികളാണ് ഷാരൂഖ്‌- കാജോള്‍.  പ്രേക്ഷകര്‍ എന്നെന്നും ഓര്‍ക്കുന്ന ഒരുപിടി പ്രണയചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ച ഈ താരജോടികളുടെ ഏറ്റവും പ്രശസ്തമായ ചിത്രമാണ് ആദിത്യ ചോപ്ര സംവിധാനം ചെയ്ത് 1995-ല്‍ പുറത്തിറങ്ങിയ 'ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേന്‍ഗെ'.


ഇന്നും വിജയകരമായി പ്രദര്‍ശനം തുടരുന്ന ഈ ചിത്രം 2015-ല്‍  25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ വേളയിലാണ് രോഹിത് ഷെട്ടിയുടെ  സംവിധാനത്തില്‍ പുതിയ 'ദില്‍വാലെ' പുറത്തിറങ്ങിയത്.

ഷാരൂഖും കജോളും ഒരിക്കല്‍കൂടി ഒന്നിക്കുമ്പോള്‍ പഴയ 'ദില്‍വാലേ'യുടെ  മാജിക് ആവര്‍ത്തിക്കപ്പെടും എന്ന് പ്രതീക്ഷിച്ച പ്രേക്ഷകരെ അക്ഷരാര്ത്ഥത്തില്‍ ചിത്രം നിരാശപ്പെടുത്തുകയാണ് ചെയ്തത്. കൊട്ടിഘോഷിച്ചു പുറത്തിറങ്ങിയ ചിത്രം തീയറ്ററുകളില്‍ കാര്യമായ ചലനമുണ്ടാക്കിയില്ല.

ചിത്രം മോശമാണെന്ന് പല പ്രമുഖ താരങ്ങളും അഭിപ്രായപ്പെടുകയുണ്ടായി. തമാശ രൂപേണയാണങ്കിലും ഷാരൂഖ് പോലും  'ദില്‍വാലെ' പ്രതീക്ഷിച്ച തൃപ്തി നല്കിയില്ല എന്ന് ഈയടുത്ത് ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ പറയുകയുണ്ടായി. ഈ അവസരത്തിലാണ് ചിത്രത്തെപ്പറ്റി ആരാഞ്ഞപ്പോള്‍ തന്‍റെ തീരുമാനത്തില്‍ കജോള്‍ ഖേദം പ്രകടിപ്പിച്ചത്.

'ദില്‍വാലെ'യില്‍ അഭിനയിച്ചത് തെറ്റായിപ്പോയെന്നും ചിത്രം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെന്നുമാണ് കജോള്‍ പറഞ്ഞത്. 'കഹാനി' എന്ന ഹിറ്റ്‌ ചിത്രത്തിന്‍റെ സംവിധായകന്‍ സുജയ് ഘോഷിന്‍റെ 'ദുര്‍ഗ റാണി സിംഗ്' എന്ന ചിത്രം വേണ്ടായെന്നു വെച്ചിട്ടാണ് താന്‍ 'ദില്‍വാലെ' ചെയ്തതെന്നും അത് ഒരു നഷ്ടമായി ഇപ്പോള്‍ തോന്നുന്നു  എന്നും അവര്‍ വ്യക്തമാക്കി.

'ദുര്‍ഗ്ഗ റാണി സിംഗില്‍' കജോള്‍ വേണ്ടെന്നുവെച്ച  കഥാപാത്രം ഇപ്പോള്‍ ചെയ്യുന്നത് നടി വിദ്യ ബാലന്‍ ആണ്.