ഐക്യത്തിന് ആഹ്വാനവുമായി നേതാക്കളുടെ സംയുക്ത വാര്‍ത്താസമ്മേളനം

തിരുവനന്തപുരം: ഐക്യത്തിനുള്ള ആഹ്വാനവുമായി മുതിര്‍ന്ന  കോൺഗ്രസ് നേതാക്കൾ ഇന്നലെ ഇന്ദിരാഭവനിൽ  സംയുക്ത വാർത്താ സമ്മേളനം നടത്തി. കോൺഗ്രസിനകത്ത് പൂർണമായ...

ഐക്യത്തിന് ആഹ്വാനവുമായി നേതാക്കളുടെ സംയുക്ത വാര്‍ത്താസമ്മേളനം

congress-leaders

തിരുവനന്തപുരം: ഐക്യത്തിനുള്ള ആഹ്വാനവുമായി മുതിര്‍ന്ന  കോൺഗ്രസ് നേതാക്കൾ ഇന്നലെ ഇന്ദിരാഭവനിൽ  സംയുക്ത വാർത്താ സമ്മേളനം നടത്തി. കോൺഗ്രസിനകത്ത് പൂർണമായ ഐക്യം ഉറപ്പുവരുത്തുമെന്നും ഐക്യത്തിന് പോറലേൽപ്പിക്കുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും കെപിസിസി അധ്യക്ഷന്‍ സുധീരൻ പറഞ്ഞു. അഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല, മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഘടകകക്ഷികളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും ഒരേ മനസോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേയ്ക്കിറങ്ങുമെന്നും സുധീരൻ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് നയിയ്ക്കുന്ന ജനരക്ഷായാത്ര ജനുവരി നാലിന് കാസർഗോഡ് കുമ്പളയിൽ നിന്ന് ആരംഭിച്ച് ഫെബ്രുവരി 9ന് തിരുവനന്തപുരത്ത് സമാപിക്കുമെന്നും സുധീരൻ അറിയിച്ചു. ഐക്യജനാധിപത്യമുന്നണി കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.


തദ്ദേശതിരഞ്ഞെടുപ്പിൽ പോരായ്‌മകൾ വന്നിട്ടുണ്ടെന്ന് സുധീരനും ഉമ്മൻചാണ്ടിയും പറഞ്ഞു. ജനരക്ഷായാത്രയുടെ വിജയവും നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനുള്ള ഒറ്റക്കെട്ടായ പ്രവർത്തനവും ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. നേതൃസ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കോൺഗ്രസിലില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കേരളത്തിൽ യു.ഡി.എഫിന് ഭരണത്തുടർച്ചയുണ്ടാക്കുക എന്ന ദൗത്യമാണ് കോൺഗ്രസിന് മുന്നിലുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഭരണത്തുടർച്ചക്കായി പാർട്ടി പ്രവർത്തകർ ഒരുമിച്ച് നിൽക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വച്ച് പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിയ്ക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി.തന്റെ പേരില്‍ പ്രചരിച്ച കത്ത് അയച്ചത് താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കത്തുമായി ബന്ധപ്പെട്ട വിവാദം നിലനില്‍ക്കുന്നില്ലെന്നും ഇതിന്റെ പേരില്‍ മാധ്യമങ്ങളുമായി കേസിന് തങ്ങളില്ലെന്നും സുധീരനും വ്യക്തമാക്കി.

സോണിയയുടെ നിര്‍ദേശ പ്രകാരമാണ് വാര്‍ത്താ സമ്മേളനം നടത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ നേതാക്കള്‍ തള്ളി.