ചന്ദ്രബോസ് വധക്കേസ്: നിസാമിന് ജീവപര്യന്തവും 24 വര്‍ഷം തടവും

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ മുഹമ്മദ് നിസാമിന് ജീവപര്യന്തവും 24 വര്‍ഷം തടവും. ശിക്ഷയ്ക്ക് പുറമേ, എണ്‍പത് ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും...

ചന്ദ്രബോസ് വധക്കേസ്: നിസാമിന് ജീവപര്യന്തവും 24 വര്‍ഷം തടവും

26trmkm03-chand_ki_2598501f

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ മുഹമ്മദ് നിസാമിന് ജീവപര്യന്തവും 24 വര്‍ഷം തടവും. ശിക്ഷയ്ക്ക് പുറമേ, എണ്‍പത് ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും വിധിച്ചു. പിഴയില്‍ 50 ലക്ഷം ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കണം. കഴിഞ്ഞ ദിവസമാണ് ചന്ദ്രബോസിനെ  ആക്രമിച്ചു കൊലപ്പെടുത്തിയ കേസില്‍ മൊഹമ്മദ്  നിസാം കുറ്റക്കാരനാണ് എന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയത്.

കൊലപാതകം ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ പ്രകാരം നിസാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കള്ളസാക്ഷി പറഞ്ഞതിന് നിസാമിന്റെ ഭാര്യ അമലിനെതിരെ കേസെടുക്കണമെന്നും കോടതി ഉത്തരവിട്ടു. തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.പി. സുധീര്‍ ആണ് വിധി പ്രസ്താവിച്ചത്.


303 വകുപ്പ് പ്രകാരം ഒരു വര്‍ഷം, 324 പ്രകാരം മൂന്ന് വര്‍ഷം, 326 പ്രകാരം 10 വര്‍ഷം, 427 പ്രകാരം 2 വര്‍ഷം, 449 വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം, 506 വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം എന്നിങ്ങനെയാണ് 24 വര്‍ഷം തടവ്.

2015 ജനുവരി 29ന് പുലര്‍ച്ചെയാണ് ശോഭ സിറ്റിയിലെ താമസക്കാരനായ നിസാം ചന്ദ്രബോസിനെ ആഡംബര കാറുകൊണ്ടിടിച്ചും പരുക്കേല്‍പ്പിച്ചും നിസാം ആക്രമിച്ചത്. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഫെബ്രുവരി 16ന് ഉച്ചക്ക് ചന്ദ്രബോസ് മരിച്ചു.

കേരള മനസാക്ഷി കണ്ട ഏറ്റവും പൈശാചികമായ കുറ്റം എന്നാണ് കോടതി ഈ കൊലപാതകത്തെ കുറിച്ച് കോടതി പരാമര്‍ശിച്ചത്. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ നിസാമിനു നല്‍കണമെന്നും പ്രതി സമൂഹത്തിന് ഒരു ആപത്താണ് എന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ശിക്ഷയില്‍ തൃപ്തയല്ലെന്ന് ചന്ദ്രബോസിന്റെ ഭാര്യ പറഞ്ഞു.