'യു.ഡി.സി' മുതല്‍ 'ക്വീന്‍ മേരി' വരെ...

മലയാളികളുടെ പ്രിയനടി കല്‍പന  കുടുകുടെ ചിരിപ്പിക്കുന്നതും  കണ്ണ് നനയിപ്പിക്കുന്നതുമായ ഒരുപാടു രംഗങ്ങള്‍ ബാക്കിവെച്ചു നിത്യതയിലേക്ക് മറഞ്ഞിരിക്കുന്നു....

Untitled-1

മലയാളികളുടെ പ്രിയനടി കല്‍പന  കുടുകുടെ ചിരിപ്പിക്കുന്നതും  കണ്ണ് നനയിപ്പിക്കുന്നതുമായ ഒരുപാടു രംഗങ്ങള്‍ ബാക്കിവെച്ചു നിത്യതയിലേക്ക് മറഞ്ഞിരിക്കുന്നു. മലയാളത്തിലെ ഏതൊരു മുന്‍ നിര നായികയോടും കിടപിടിക്കാവുന്നത്രയും വൈവിധ്യമുള്ള അഭിനയശേഷി സ്വന്തമായിരുന്ന കല്‍പനയുടെ വിയോഗം ഒരിക്കലും നികത്താനാവാത്ത നഷ്ടമായിത്തീര്‍ന്നിരിക്കുന്നു. ഈ അവസരത്തില്‍ അവരുടെ ഏറ്റവും മികച്ച   കഥാപാത്രങ്ങള്‍ എന്നത് തിരഞ്ഞെടുക്കാന്‍ സാധ്യമല്ലെങ്കിലും അവരുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളായി മാറിയ ചില കഥാപാത്രങ്ങളെപ്പറ്റി പരാമര്‍ശിക്കാതെ വയ്യ.


ബാലതാരമായാണ്  അഭിനയ ജീവിതത്തിന് കല്‍പന തുടക്കമിട്ടത്. 1983ല്‍ പുറത്തിറങ്ങിയ എം. ടി. യുടെ ‘മഞ്ഞ്’ സിനിമയിലേക്കുള്ള വാതില്‍ തുറന്നു കൊടുത്തു. എം. ടിയുടെ അതേ പേരിലുള്ള പ്രശസ്ത നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു ചിത്രം. തന്‍റെ അച്ഛനും നാടകനടനുമായ വി.പി. നായരുടെ സിനിമാ ബന്ധങ്ങള്‍ ആണ്  കല്‍പനക്ക് ഈ കഥാപാത്രത്തെ  അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതിലുള്ള കാരണം.

തുടര്‍ന്ന്  ' പോക്കുവെയില്‍' എന്ന ചിത്രത്തിലൂടെ വിഖ്യാത സംവിധായകന്‍ അരവിന്ദന്‍ ആണ് കല്‍പനയെ ഒരു സ്വഭാവ നടിയായി മലയാള ചലച്ചിത്ര ലോകത്തിനു സംഭാവന  ചെയ്തത്. ചിത്രത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനൊപ്പം ഒരു പ്രധാന വേഷത്തിലെത്തിയ കല്‍പന അന്നേ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

പിന്നീട് മലയാള സിനിമയിലെ ഒരു  ഇതിഹാസ ചിത്രമായി മാറിയ ' പഞ്ചവടിപ്പാലം' എന്ന കെ. ജെ. ജോര്‍ജ് ചിത്രത്തിലെ അനാര്‍ക്കലി എന്ന കഥാപാത്രം കല്‍പനയുടെ മറ്റൊരു മികച്ച പ്രകടനത്തിന് വഴി തുറന്നു.

ആദ്യകാലത്ത് ഇത്തരം കലാമൂല്യം ഉള്ള ചലച്ചിത്രങ്ങളില്‍ ക്യാരക്ടര്‍ റോളുകളില്‍ ആണ്  അഭിനയിച്ചിരുന്നതെങ്കിലും തുടര്‍ന്ന് കൂടുതലും ഹാസ്യ വേഷങ്ങള്‍ ആണ് കല്‍പനക്കു ലഭിച്ചത്. പക്ഷെ തന്‍റെ സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ  ആ വേഷങ്ങളൊക്കെ മലയാളികള്‍ക്ക് എന്നെന്നും പ്രിയപ്പെട്ടവയാക്കി മാറ്റാനും മലയാള സിനിമയില്‍ ഹാസ്യവേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളാവാനും  അവര്‍ക്ക് സാധിച്ചു.

'ഡോ. പശുപതി' എന്ന ചിത്രത്തിലെ 'യു.ഡി.സി' എന്ന കഥാപാത്രം അവരുടെ ഹാസ്യവേഷങ്ങളില്‍ ഏറ്റവും മികച്ചത് എന്ന് പലരും അഭിപ്രായപ്പെടുന്നു . ചിത്രം സാമ്പത്തിക വിജയം കൈവരിച്ചില്ലെങ്കിലും കല്പനയുടെ കഥാപാത്രം കേരളക്കരയെയാകെ  ചിരിപ്പിച്ചു.

വൈകാതെ തന്നെ, ഭാഗ്യരാജ് സംവിധാനം ചെയ്ത ' ചിന്നവീട്' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്തേക്കും കല്‍പന എത്തി. കമലഹാസന്‍ നായകനായെത്തിയ 'സതി ലീലാവതി',  'പമ്മല്‍. കെ. സംബന്ധം' എന്നീ ചിത്രങ്ങളിലേതായി തമിഴ് സിനിമാ ലോകത്ത് കല്പനയുടെ പേരില്‍ അറിയപ്പെടുന്ന രണ്ട് പ്രധാന ഹാസ്യ കഥാപാത്രങ്ങളുണ്ട്. 'സതി ലീലാവതി'യിലെ ലീലാവതിയും, 'പമ്മല്‍. കെ. സംബന്ധം' എന്ന ചിത്രത്തിലെ നഴ്സും തമിഴ്പ്രേക്ഷകരുടെ ഇടയില്‍ കല്‍പനക്ക് ജനപ്രീതി നേടിക്കൊടുത്തു.

സമീപകാലത്തായി സ്ഥിരം ഹാസ്യകഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി കല്‍പന ക്യാരക്ടര്‍ റോളുകളില്‍ ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയിരുന്നു. അതിനു തുടക്കം കുറിച്ചത് രഞ്ജിത്ത് സംവിധാനം നിര്‍വഹിച്ച മോഹന്‍ലാല്‍ ചിത്രം 'സ്പിരിറ്റിലെ' കഥാപാത്രം ആണ്. കൊടും മദ്യപാനിയായ തന്‍റെ ഭര്‍ത്താവിന്‍റെ പീഡനങ്ങളേറ്റു ജീവിക്കുന്ന ഒരു സാധാരണ സ്ത്രീയെ കല്‍പന വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. ഇതിനു സമാനമായി ഒരു റോള്‍  രഞ്ജിത്തിന്‍റെ തന്നെ 'ഇന്ത്യന്‍ റുപ്പി' എന്ന ചിത്രത്തിലും ചെയ്തു. ബുദ്ധിമാന്ദ്യം സംഭവിച്ച കഥാപാത്രത്തിന്റെ സഹോദരിയും തിലകന്റെ മകളുടെ വേഷമായിരുന്നു കല്‍പന ചെയ്തത്. അതില്‍ വെറും 2 രംഗങ്ങളില്‍ മാത്രമേ കല്‍പന സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നുള്ളൂ എങ്കിലും  ആ രണ്ടു രംഗങ്ങളിലുമുള്ള  അവരുടെ പ്രകടനം കാണികളുടെ കരളലിയിപ്പിക്കുന്നവയായിരുന്നു. കേരള കഫെയില്‍ അന്‍വര്‍ റഷീദ് അണിയിച്ചു ഒരുക്കിയ ബ്രിഡ്ജ് എന്ന ചിത്രത്തിലെ സലിം കുമാറിന്റെ ഭാര്യ വേഷവും കല്‍പ്പനയുടെ അഭിനയ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നാണ്.

വൈകിയെങ്കിലും അവരുടെ കൈയ്യടക്കം വന്ന അഭിനയസിദ്ധിക്ക് അംഗീകാരം വന്നുചേര്‍ന്നത് അവരുടെ അഭിനയജീവിതത്തിന്‍റെ ഇരുപതാം വര്‍ഷത്തിലായിരുന്നു. 2013-ല്‍ ബാബു തിരുവല്ല സംവിധാനം ചെയ്ത് കല്‍പനയും കെ.പി.എ.സി. ലളിതയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 'തനിച്ചല്ല ഞാന്‍' എന്ന ചിത്രത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം കല്‍പനയെ തേടിയെത്തി. അമ്പലപ്പുഴയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയെടുത്ത ചിത്രത്തിലെ റസിയ ബീവി എന്ന സാമൂഹിക പ്രതിബദ്ധതയുള്ള കഥാപാത്രത്തെ  ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചതിനായിരുന്നു ഈ അംഗീകാരം.

കല്‍പനയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം 'ചാര്‍ളി'യിലെ ക്യൂന്‍  മേരി എന്ന അഭിസാരികയുടെ വേഷം കാണികളുടെ മനസ്സില്‍ എന്നെന്നും ഒരു വേദനയായി നിലനില്‍ക്കാന്‍ പോന്നതാണ്.

തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരം ചിരഞ്ജീവിയോടൊപ്പം ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കവെയാണ് ഹൈദരാബാദില്‍ വച്ച് കല്‍പനയുടെ അന്ത്യം. ജീവിച്ചിരുന്നെങ്കില്‍ തന്‍റെ അഭിനയശൈലിയിലൂടെ തെലുങ്ക് സിനിമാ പ്രേക്ഷകരെയും നിറയെ ചിരിപ്പിക്കാനും തന്‍റെ അഭിനയസപര്യയില്‍ മറ്റൊരു അദ്ധ്യായം കുറിക്കാനും കല്‍പനക്ക് സാധിച്ചേനെ. എന്തായാലും ഒരുപിടി സുഖമുള്ള ഓര്‍മ്മകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച കല്‍പന അവരുടെ കഥാപാത്രങ്ങളിലൂടെ എന്നെന്നും മലയാളികളുടെ മനസ്സില്‍ അനശ്വരയായി നിലനില്‍ക്കും.