ബാര്‍ കോഴ കേസ്: കെ. ബാബുവിനെതിരെ അന്വേഷണത്തിന് ഉത്തരവ്

തൃശൂര്‍: ബാര്‍ കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. ബാബുവിനെതിരെ എഫ്‌.ഐ.ആര്‍....

ബാര്‍ കോഴ കേസ്: കെ. ബാബുവിനെതിരെ അന്വേഷണത്തിന് ഉത്തരവ്

k-babu

തൃശൂര്‍: ബാര്‍ കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. ബാബുവിനെതിരെ എഫ്‌.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കോടതിയുടെ നിരീക്ഷണത്തിലായിരിക്കണം അന്വേഷണം.

ഒരു മാസത്തിനകം കേസില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. രൂക്ഷമായ വിമര്‍ശനമാണ് സര്‍ക്കാരിനെതിരേയും വിജിലന്‍സിനെതിരെയും കോടതി നടത്തിയത്. അന്വേഷണ കാര്യത്തില്‍ വിജിലന്‍സ് ആത്മാര്‍ഥതയും ഇച്ഛാശക്തിയും കാണിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.


ബാര്‍ കോഴ ആരോപണം തെളിയിക്കാനുള്ള ഉത്തരവാദിത്തം ഹര്‍ജിക്കാനല്ലെന്നും സര്‍ക്കാരിനാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിജിലന്‍സിന് സത്യസന്ധതയില്ല. ലോകായുക്ത ഉണ്ടെന്ന് കരുതി വിജിലന്‍സ് അടച്ചു പൂട്ടണോ എന്നും കോടതി ചോദിച്ചു.

ബാബുവിനെതിരായ ദ്രുതപരിശോധന പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം വിജിലന്‍സ് കോടതിയെ അറിയച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ഒരു മാസത്തെ സമയം കൂടി അനുവദിക്കണമെന്നുമായിരുന്നു വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടത്. പ്രാഥമികാന്വേഷണ വിവരങ്ങള്‍ ലോകായുക്തയിലാണെന്നായിരുന്നു വിജിലന്‍സിന്‍റെ വിശദീകരണം.

വിജിലന്‍സിന് ആത്മാര്‍ത്ഥയുണ്ടായിരുന്നെങ്കില്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാമായിരുന്നു. ഇത്രയും നാളായിട്ടും പ്രാഥമികാന്വേഷണം നടത്താനോ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ വിജിലന്‍സ് തയ്യാറായിട്ടില്ല. കോടതി മണ്ടനാണെന്ന് കരുതരുതെന്നും കോടതി വ്യക്തമാക്കി.

ബിജു രമേശിനെതിരെയും അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ തന്നോട് കെ. ബാബു 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ബിജു രമേശിന്‍റെ ആരോപണത്തിലാണ് അന്വേഷണം. ഇന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന ദിവസം.

Read More >>