മികച്ച പ്രതികരണങ്ങള്‍ നേടി 'എയര്‍ലിഫ്റ്റ്'

ഇന്നലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ അക്ഷയ്കുമാര്‍ ചിത്രം 'എയര്‍ ലിഫ്റ്റിനു' മികച്ച പ്രേക്ഷക പ്രതികരണം.1990-ല്‍ കുവൈറ്റില്‍ നടന്ന യഥാര്‍ത്ഥ...

മികച്ച പ്രതികരണങ്ങള്‍ നേടി

Airlift-Hindi-Movie-Poster

ഇന്നലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ അക്ഷയ്കുമാര്‍ ചിത്രം 'എയര്‍ ലിഫ്റ്റിനു' മികച്ച പ്രേക്ഷക പ്രതികരണം.

1990-ല്‍ കുവൈറ്റില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി രാജ കൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേപോലെ പിടിച്ചു പറ്റുകയാണ്.

1990-ല്‍ കുവൈറ്റ്‌- ഇറാക്ക് യുദ്ധസമയത്ത് യുദ്ധഭൂമിയില്‍ അകപ്പെട്ടുപോയ  ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയ രഞ്ജിത്ത് കടിയാല്‍ എന്ന  കഥാപാത്രത്തെയാണ് അക്ഷയ് അവതരിപ്പിക്കുന്നത്‌. നടി നിമ്രത് കൌര്‍ അക്ഷയ് യുടെ ഭാര്യയുടെ വേഷം കൈകാര്യം ചെയ്യുന്നു. കുവൈറ്റില്‍ ജീവിക്കുന്ന ഒരു ഇന്ത്യന്‍ വ്യവസായിയാണ് അക്ഷയ് അവതരിപ്പിക്കുന്ന രഞ്ജിത്ത്. ഒരു ഭാരതീയന്‍ എന്നതിലുപരി ഒരു കുവൈത്തി എന്ന് പറയാന്‍ ആഗ്രഹിക്കുന്ന വ്യക്തി. പക്ഷെ ഇറാഖ് കുവൈറ്റിനെ ആക്രമിച്ചപ്പോള്‍ പൊട്ടിപുറപ്പെട്ട യുദ്ധം അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ജീവിതം മാറ്റിമറിക്കുന്നു.


യുദ്ധഭൂമിയില്‍ അകപെട്ട ഒരു ലക്ഷത്തോളം ഭാരതീയരെ അദ്ദേഹം എങ്ങനെ രക്ഷപ്പെടുത്തി ഇന്ത്യയുടെ മണ്ണില്‍ തിരിച്ചെത്തിക്കുന്നു എന്നതിലൂടെയാണ്‌  കഥ  വികസിക്കുന്നത്.

ചിത്രത്തിന് ആധാരമായ യഥാര്‍ത്ഥ സംഭവം ഇന്ത്യക്കാരായ നമ്മളില്‍ പലര്‍ക്കും അറിയില്ലെന്നതാണ് സങ്കടകരമായ വസ്തുത. ലോകത്തെ തന്നെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ആണ് കുവൈറ്റില്‍ നടന്നത്. ഗിന്നസ്സ് ബുക്കില്‍ ഇടംപിടിച്ച ആ സംഭവത്തെ അതിന്റെ എല്ലാ തീക്ഷ്ണതയോടുകൂടിയും അവതരിപ്പിച്ചു എന്നതാണ് ചിത്രത്തിന്റെ വിജയം. സംഭവത്തെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഈ ചിത്രത്തിന് സാധിക്കുന്നു.

സത്യസന്ധമായ തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്. ചിത്രത്തിന്റെ തുടക്കത്തിലേ ഇറാഖ് ആക്രമണത്തിന്റെ പച്ചയായ ആവിഷ്കരണം കാണികളുടെ മനസ്സിനെ പിടിച്ചുലക്കാന്‍ പോന്നതാണ് . യുദ്ധത്തിന്റെ കെടുതികളും രക്ഷപെടാനുള്ള ആളുകളുടെ പരിശ്രമവും മറ്റും ഭംഗിയായി അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം തന്നെയാണ് ഇത് എന്ന് നിസ്സംശയം പറയാന്‍ സാധിക്കും. നായികയ്യായ നിമ്രത് കൌറിന്  വളരെ കുറച്ച് രംഗങ്ങള്‍ മാത്രമേയുള്ളൂ എങ്കിലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചിട്ടുണ്ട്. പൂരാബ് കൊഹ്‌ലി  അവതരിപ്പിക്കുന്ന കഥാപാത്രവും ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ അല്പം അതിശയോക്തി കലര്‍ന്ന ചില രംഗങ്ങള്‍ ഉണ്ടെന്നത്   എന്നതൊഴിച്ചാല്‍ എയര്‍ലിഫ്റ്റിനെ മികച്ച ഒരു വാണിജ്യ ചിത്രമായി വിലയിരുത്താം.