ചരിത്ര നേട്ടത്തില്‍ പ്രണവ് @ 1009 നോട്ട് ഔട്ട്‌

മുംബൈ: 323 പന്തില്‍ 1009 റണ്‍സ്. ലോക ക്രിക്കറ്റില്‍ ആദ്യമായി ഒരു ബാറ്സ്മാന്‍ നാലക്കം തികച്ചു. മുംബൈ നഗരത്തിലെ ഓട്ടോ ഡ്രൈവറായ കല്യാണ്‍ സ്വദേശി...

ചരിത്ര നേട്ടത്തില്‍ പ്രണവ് @ 1009 നോട്ട് ഔട്ട്‌

pranav

മുംബൈ: 323 പന്തില്‍ 1009 റണ്‍സ്. ലോക ക്രിക്കറ്റില്‍ ആദ്യമായി ഒരു ബാറ്സ്മാന്‍ നാലക്കം തികച്ചു. മുംബൈ നഗരത്തിലെ ഓട്ടോ ഡ്രൈവറായ കല്യാണ്‍ സ്വദേശി പ്രശാന്തിന്റെ മകന്‍ പ്രണവ് ധന്‍വാഡെയെന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് 1,009 റണ്‍സ് നേടി ക്രിക്കറ്റ് പുസ്തകത്തില്‍ ഇടംപിടിച്ചത്.  ഈ മിടുക്കന്‍ ലോകക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിനുടമയായി കഴിഞ്ഞു.

ആദ്യ ദിവസം എതിരാളികളായ ആര്യ ഗുരുകുല്‍ സ്‌കൂള്‍ 31ന് പുറത്തായതോടെ ഗാന്ധി സ്‌കൂളിനായി പ്രണവ് ബാറ്റിങ്ങിനിറങ്ങി. ഉച്ചഭക്ഷണം വരെ വെറും 45 റണ്‍സ് മാത്രമാണ് പ്രണവ് നേടിയത്. എന്നാല്‍, അടുത്ത രണ്ടു സെഷനുകളില്‍ കളി മാറി. തന്റെ ഊര്‍ജം മുഴുവന്‍ ബാറ്റില്‍ ആവാഹിച്ച പ്രണവ് എതിര്‍ ബൗളര്‍മാരെ നിര്‍ദയം പ്രഹരിച്ചു. അടുത്ത രണ്ടു സെഷനുകളില്‍ 607 റണ്‍സ് ആ ബാറ്റില്‍നിന്ന് പിറന്നു. ഇതിനിടെ പ്രിഥ്‌വി ഷായുടെ ഇന്ത്യന്‍ റെക്കോഡും (546), കോളിന്‍സിന്റെ ലോക റെക്കോഡും (628) വഴിമാറി. രണ്ടാം ദിവസമായ ഇന്നലെയും ആക്രമണം തുടര്‍ന്ന പ്രണവ് ഉച്ചഭക്ഷണത്തിനു മുന്‍പു തന്നെ 1,000 തികച്ച് വിസ്മയമായി. പ്രണവ് 1,009ല്‍ നില്‍ക്കെ ടീം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു

സച്ചിന്‍ ടെണ്ടുല്‍ക്കറും ഹര്‍ഭജന്‍ സിങ്ങും ഒക്കെ ട്വിറ്ററിലൂടെ പ്രണവിനെ അഭിനന്ദിച്ചു.

അഞ്ചാം വയസ്സുമുതല്‍ ക്രിക്കറ്റിനെ നെഞ്ചോടുചേര്‍ത്ത പ്രണവിന്‍െറ പിതാവായ പ്രശാന്ത് ഓട്ടോ ഡ്രൈവറാണ്.  വിക്കറ്റ് കീപ്പറും ഓപണിങ് ബാറ്റ്സ്മാനുമായ പ്രണവ് ഇന്ത്യന്‍ ഏകദിന നായകന്‍ എം.എസ്. ധോണിയുടെ കടുത്ത ആരാധകനാണ്. മുംബൈയുടെ അണ്ടര്‍ 19 ടീമിലും രഞ്ജി ടീമിലും ഇടംനേടുകയാണ് പ്രണവിന്‍റെ അടുത്ത ലക്ഷ്യം.

Read More >>