സൗദിയില്‍ വോട്ടുചെയ്യുന്ന സ്ത്രീകള്‍ക്ക് ഉബര്‍ ഫ്രീ സര്‍വീസ്

ചരിത്രത്തില്‍ ആദ്യമായി സൗദി അറേബ്യയില്‍ ഇന്ന് സ്ത്രീകള്‍ വോട്ടു രേഖപ്പെടുത്തും. സ്ത്രീകള്‍ക്ക് മത്സരിക്കാനും വോട്ട് രേഖപ്പെടുത്താനും അനുമതി ലഭിച്ച...

സൗദിയില്‍ വോട്ടുചെയ്യുന്ന സ്ത്രീകള്‍ക്ക് ഉബര്‍ ഫ്രീ സര്‍വീസ്

cover_arabia

ചരിത്രത്തില്‍ ആദ്യമായി സൗദി അറേബ്യയില്‍ ഇന്ന് സ്ത്രീകള്‍ വോട്ടു രേഖപ്പെടുത്തും. സ്ത്രീകള്‍ക്ക് മത്സരിക്കാനും വോട്ട് രേഖപ്പെടുത്താനും അനുമതി ലഭിച്ച ആദ്യ തെരെഞ്ഞെടുപ്പില്‍ സ്ത്രീകളെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ ആഗോള ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് കമ്പനി ഉബര്‍ ഫ്രീ സര്‍വീസ് നടത്തും. സൗദിയില്‍ സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന അന്നഹ്ദ എന്ന എന്‍ ജി ഓയുമായി സഹകരിച്ചാണ് അമേരിക്കന്‍ കമ്പനി ഉബര്‍ സര്‍വീസ് നടത്തുന്നത്.


സൗദിയിലും സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചതോടെ വത്തിക്കാന്‍ സിറ്റി മാത്രമാണ് ലോകത്ത് സ്ത്രീകള്‍ക്ക് വോട്ടവകാശമില്ലാത്ത ഒരേയൊരു രാജ്യം.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അനുമതിയോടൊപ്പം തെരഞ്ഞെടുപ്പ് പ്രചാരകരായി നൂറ്റി ഇരുപത് സ്ത്രീകളെയും ഗവണ്മെന്‍റ് നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ടീ വീ, റേഡിയോ, സോഷ്യല്‍ മീഡിയ തുടങ്ങിയ പൊതു ഇടങ്ങളില്‍ തെരഞ്ഞെടുപ്പിലെ സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കാനായി പ്രവര്‍ത്തിക്കും.284 മുനിസിപ്പല്‍ കൌണ്‍സിലിലേക്ക് 900 സ്ത്രീകളാണ് ഇത്തവണ മത്സരിക്കുന്നത്.

അതേസമയം,  സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാനും ഒറ്റക്ക് യാത്ര ചെയ്യാനുമുള്ള അനുമതി സൗദി അറേബ്യയില്‍ ഇത് വരെ ലഭിച്ചിട്ടില്ല.

രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളിലും സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പു ദിവസം ഫ്രീ സര്‍വീസ് ലഭ്യമായിരിക്കുമെന്ന് ഉബര്‍ സൗദി വക്താവ് ശാദേന്‍ അബ്ദുല്‍ ലത്തീഫ് അറിയിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗദിയില്‍ മികച്ച സ്വീകാര്യതയും വിശ്വസ്തതയും നേടിയെടുക്കാനായത് കൊണ്ടാണ് ഉബറുമായി സഹകരിച്ച്പ്രവര്‍ത്തിക്കുന്നതെന്ന് അന്നഹ്ദ ചീഫ് എക്സിക്യുട്ടീവ്‌ റഷ അല്‍തുര്‍ക്കി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.