ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും : ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുക മാത്രമല്ല, പൊതു പ്രവര്‍ത്തനം തന്നെ...

ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും : ഉമ്മന്‍ ചാണ്ടി

oommen chandy

തിരുവനന്തപുരം : ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുക മാത്രമല്ല, പൊതു പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കാന്‍ തന്നെ തയാറാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എനിക്കെതിരെയുള്ള സിഡി കൈവശമുണ്ടെങ്കില്‍ അത് ഹാജരാക്കാന്‍ ബിജു രാധാകൃഷ്ണന്‍ തയാറാവണം. ബിജുവിന്റെ ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കില്‍ ശരിയുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനത്തില്‍ തുടരാന്‍ അര്‍ഹതയില്ല. ഒരു വിശ്വാസ്യതയുമില്ലാത്ത ബിജു രാധാകൃഷ്ണനെ പ്രതിപക്ഷം ഏറ്റെടുക്കുന്നത് എന്തിനാണ്. ബിജു രാധാകൃഷ്ണന്‍ എനിക്കെതിരെ ഇതുവരെ ഈ ആരോപണം ഉന്നയിച്ചിട്ടില്ല. ആരോഗ്യപ്രശ്‌നം പറഞ്ഞ് സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാകാതിരിക്കുകയായിരുന്നു. എന്നെ വന്നു കണ്ടു എന്നു പറയുന്ന സമയത്ത് ബിജു രാധാകൃഷ്ണന്‍ കേരളത്തില്‍ ഇല്ലായിരുന്നു. രശ്മി കൊലക്കേസിലെ അന്വേഷണത്തിന്റെ വൈരാഗ്യം തീര്‍ക്കുകയാണ് ബിജു രാധാകൃഷ്ണന്‍. ഈ അന്വേഷണം ശരിയായ ദിശയിലാണെന്നാണ് ഇത് കാണിക്കുന്നത്. ഇതില്‍ എനിക്ക് അഭിമാനമേയുള്ളുവെന്നും മുഖ്യമന്ത്രി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഉമ്മന്‍ ചാണ്ടി തള്ളിക്കളഞ്ഞു. നിയമസഭയില്‍ ഇ.പി. ജയരാജന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.


കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത സംഭവമാണിതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ ഇ.പി.ജയരാജന്‍ പറഞ്ഞു. ഇതിനു മുന്‍പ് ഒരു മുഖ്യമന്ത്രിക്കെതിരെ ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്നിട്ടില്ല. ബിജു രാധാകൃഷ്ണനെ സ്വാധീനിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബിജു രാധാകൃഷ്ണനെ സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കാന്‍ പോലും ജയില്‍ സൂപ്രണ്ട് ഇതുവരെ തയാറായിട്ടില്ല. ഈ ഗൂഢാലോചനയുടെ ബുദ്ധികേന്ദ്രം ഏതാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം. ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ഇ.പി.ജയരാജന്‍.

ബിജു രാധാകൃഷ്ണന്റെ ആരോപണം സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് ഒരു പോറലും ഏല്‍പ്പിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ബിജു രാധാകൃഷ്ണന്റെ മൊഴിയുടെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത് ശരിയല്ല. സര്‍ക്കാരിനോട് ശത്രുതയുള്ള ബിജു രാധാകൃഷ്ണനെതിരെ അറുപതോളം ക്രിമിനല്‍ കേസുകളുണ്ട്. അവസരം ലഭിച്ചപ്പോള്‍ അത് സര്‍ക്കാരിനെതിരെ ഉപയോഗപ്പെടുത്തുകയാണ്. സോളാര്‍ കേസില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി കൈക്കൊണ്ടിട്ടുണ്ട്. പ്രശ്‌നം നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നത് സോളാര്‍ കമ്മീഷനെ ദുര്‍ബലപ്പെടുത്തുമെന്നും ചെന്നിത്തല.

Read More >>