ഐസിസി റാങ്കിങ്ങില്‍ അശ്വിന്‍ രണ്ടാമന്‍

ദുബൈ : അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ആര്‍. അശ്വിന്‍ രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കക...

ഐസിസി റാങ്കിങ്ങില്‍ അശ്വിന്‍ രണ്ടാമന്‍

ashwin

ദുബൈ : അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ആര്‍. അശ്വിന്‍ രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കക്കെതിരായ ക്രിക്കറ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ഓഫ്‌സ്പിന്നറുടെ റാങ്കിങ് നില മെച്ചപ്പെടുത്തിയത്. അശ്വിന്റെ കരിയറിലെ മികച്ച റാങ്കാണിത്. അഞ്ചാം സ്ഥാനത്തുനിന്നാണ് തമിഴ്‌നാടിന്റെ താരം രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. അതേസമയം ബാറ്റ്‌സ്മാന്‍മാരില്‍ ദക്ഷിണാഫ്രിക്കയുടെ എബി ഡിവിലിയേഴ്‌സ് റാങ്കിങ്ങില്‍ പിന്നിലായി. ദക്ഷിണാഫ്രിക്കക്കെതിരെ നാഗ്പൂരില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 98 റണ്‍സ് വഴങ്ങി 12 വിക്കറ്റാണ് അശ്വിന്‍ നേടിയത്. മത്സരത്തില്‍ ഇന്ത്യ 124 റണ്‍സിന്റെ മികച്ച വിജയം നേടുകയും ചെയ്തു.


856 പോയിന്റാണ് അശ്വിന് ലഭിച്ചത്. ആദ്യ സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന് 884 പോയിന്റാണുള്ളത്. 846 പോയിന്റുമായി ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സനാണ് മൂന്നാം സ്ഥാനത്ത്. ചരിത്രത്തിലെ ആദ്യത്തെ ഡേനൈറ്റ് ടെസ്റ്റ് മത്സരത്തില്‍ ഒമ്പത് വിക്കറ്റ് നേടിയ ആസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡ് ആദ്യ പത്തില്‍ ഇടം കണ്ടെത്തി. പത്താം സ്ഥാനത്താണ് ജോഷ്.

രണ്ട് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് മൂന്നാമത്തെ റാങ്കാണ് ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ എബി ഡിവിലിയേഴ്‌സിന്. 886 വീതം പോയിന്റ് നേടിയ ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഡിവിലിയേഴ്‌സ് മൂന്നാം സ്ഥാനത്താണ്. ആദ്യ പത്തില്‍ ഒറ്റ ഇന്ത്യന്‍ ബാറ്റ്‌സ്മാനും ഇല്ല. ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസനാണ് മൂന്നാം സ്ഥാനത്ത്. 12ാം സ്ഥാനത്തുള്ള മുരളി വിജയ് ആണ് ഏറ്റവും മികച്ച റാങ്കുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍.

ടെസ്റ്റ് ടീമുകളില്‍ ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്ത്. 125 പോയിന്റാണ് ദക്ഷിണാഫ്രിക്കക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസീസിന്റെ റേറ്റിങ് 109 ആണ്. ദക്ഷിണാഫ്രിക്കയുമായുള്ള അടുത്ത മത്സരം ജയിച്ചാല്‍ 110 റേറ്റിങ്ങുമായി ഇന്ത്യക്ക് രണ്ടാം സ്ഥാനം നേടാം. നിലവില്‍ പാകിസ്താന്‍ നാലാം സ്ഥാനത്തും ഇന്ത്യ അഞ്ചാം സ്ഥാനത്തുമാണ്.

Read More >>