മുല്ലപ്പെരിയാറില്‍ ഒരു ഷട്ടര്‍ അടച്ചു

തൊടുപുഴ : മുല്ലപ്പെരിയാര്‍ ഡാമിലേക്കുള്ള നീരൊഴുക്കു കുറഞ്ഞതിനെ തുടര്‍ന്ന് അണക്കെട്ടിലെ മൂന്നു ഷട്ടറുകളില്‍ ഒരെണ്ണം തമിഴ്‌നാട് അടച്ചു. ഇപ്പോള്‍ 141.7...

മുല്ലപ്പെരിയാറില്‍ ഒരു ഷട്ടര്‍ അടച്ചു

mullaperiyar dam

തൊടുപുഴ : മുല്ലപ്പെരിയാര്‍ ഡാമിലേക്കുള്ള നീരൊഴുക്കു കുറഞ്ഞതിനെ തുടര്‍ന്ന് അണക്കെട്ടിലെ മൂന്നു ഷട്ടറുകളില്‍ ഒരെണ്ണം തമിഴ്‌നാട് അടച്ചു. ഇപ്പോള്‍ 141.7 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2345 ഘനയടി ജലമാണ് ഇപ്പോള്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നത്.
ജലനിരപ്പ് 142 അടിയിലെത്തിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് എട്ട് ഷട്ടറുകള്‍ തുറന്നത്. പുലര്‍െച്ച അഞ്ചരയോടെ ഇവ അടച്ചിരുന്നു. പിന്നീട് ചൊവ്വാഴ്ച രാവിലെ 10ന് മൂന്ന് ഷട്ടറുകള്‍മാത്രം തുറന്നു. ആകെ 13 ഷട്ടറുകളാണുള്ളത്.


ഷട്ടര്‍ ഉയര്‍ത്തി കൂടുതല്‍ വെള്ളം ഇടുക്കിയിലേക്ക് തുറന്നുവിട്ടില്ലെങ്കില്‍ ജലനിരപ്പ് 142 അടിക്കു മുകളിലേക്കെത്തുമെന്ന് ഉറപ്പായതോടെ, ഒഴുകിയെത്തുന്ന 5000 ഘനയടിയില്‍ 3000 ഇടുക്കിയിലേക്കും 2000 തമിഴ്‌നാട്ടിലേക്കും തുറന്നുവിടുകയായിരുന്നു. ഇടയ്ക്ക് 4200 ഘനയടിവരെ വെള്ളം കേരളത്തിലേക്ക് വിട്ടു. എന്നാല്‍, ചൊവ്വാഴ്ച പകല്‍ 600 ഘനയടിവെള്ളമേ കേരളത്തിലേക്ക് ഒഴുക്കിയുള്ളൂ. 2600 ഘനയടിവെള്ളം പകല്‍ ഒഴുകിയെത്തുന്നുണ്ടായിരുന്നു.
വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്. എന്നാല്‍, വനത്തില്‍ മഴപെയ്താല്‍ രണ്ടുദിവസംകൊണ്ടേ അണക്കെട്ടിലേക്ക് ഒഴുകിയെത്തൂ. കനത്ത മഴയുണ്ടായില്ലെങ്കില്‍ ഇപ്പോഴത്തെനിലയില്‍ തുടരാനാണ് സാധ്യത. ചൊവ്വാഴ്ച ഇടുക്കി, തേനി കളക്ടര്‍മാരുടെ സംയുക്തസംഘം അണക്കെട്ട് സന്ദര്‍ശിച്ചു.

206 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ല. ഒട്ടും സൗകര്യങ്ങളില്ലാതെ ക്യാമ്പുകളിലേക്ക് മാറാന്‍ നാട്ടുകാര്‍ മടിക്കുകയാണ്. അപ്രതീക്ഷിതമായി ഷട്ടര്‍ തുറന്നുവിട്ടതില്‍ പ്രതിഷേധിച്ച്, ആദ്യം വെള്ളം ഒഴുകിയെത്തുന്ന വള്ളക്കടവ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലുള്ളവര്‍ വന്‍ പ്രതിഷേധത്തിലാണ്. 12വീടുകളിലാണ് വെള്ളം കയറിയത്.

Read More >>