ദേശീയ സ്‌കൂള്‍ കായികമേള കേരളത്തിലേക്ക്

കോഴിക്കോട് : ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍നിന്നു മഹാരാഷ്ട്ര പിന്മാറിയതോടെ മേള കേരളത്തിലേക്ക്. ആണ്‍കുട്ടികള്‍ക്കും...

ദേശീയ സ്‌കൂള്‍ കായികമേള കേരളത്തിലേക്ക്

national school meet

കോഴിക്കോട് : ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍നിന്നു മഹാരാഷ്ട്ര പിന്മാറിയതോടെ മേള കേരളത്തിലേക്ക്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്തമായി മീറ്റുനടത്തുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്ര കായികമന്ത്രാലയം അറിയിച്ചതോടെയാണ് മഹാരാഷ്ട്ര പിന്മാറിയതെന്നാണ് സൂചന. മേള ഒരുമിച്ചു നടത്തണമെന്ന ആവശ്യമുയരുകയും അതിനോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്ത കേരളം ആതിഥേയത്വം ഏറ്റെടുക്കാന്‍ തയാറായാല്‍ 61ാമത് ദേശീയ സ്‌കൂള്‍ കായികമേള കേരളത്തിലെത്തും.


മീറ്റ് രണ്ടായി നടത്താനുള്ള മഹാരാഷ്ട്രയുടെ തീരുമാനം വിവാദമായിരുന്നു. പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജുമുള്‍പ്പെടെയുള്ള പ്രമുഖ മുന്‍കാല കായികതാരങ്ങള്‍ മീറ്റ് വിഭജിക്കുന്നതു ലിംഗവിവേചനമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മീറ്റ് വിഭജിക്കുന്നതിലെ എതിര്‍പ്പ് കേന്ദ്ര കായികമന്ത്രാലയം മഹാരാഷ്ട്ര സര്‍ക്കാരിനെ അറിയിച്ചത്. ദേശീയ സ്‌കൂള്‍ കായികമേള പഴയപടിയില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒന്നിച്ചുതന്നെ നടത്തണമെന്ന് കേന്ദ്ര കായികസെക്രട്ടറി രാജീവ് യാദവാണ് മഹാരാഷ്ട്രയെ അറിയിച്ചത്. ഇക്കാര്യം അദ്ദേഹം നിയുക്ത സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുകൂടിയായ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനെ അറിയിച്ചിട്ടുമുണ്ട്. ഇക്കാര്യത്തില്‍ ഒരാഴ്ചയ്ക്കകം അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അഞ്ജു ബോബി ജോര്‍ജ് ഡല്‍ഹിയില്‍ പറഞ്ഞത്.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്തമായി മീറ്റ് നടത്താനാണ് മഹാരാഷ്ട്ര പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരുന്നത്. മതിയായ താമസസൗകര്യം ഏര്‍പ്പെടുത്താനാവുന്നില്ല എന്ന ന്യായമാണ് ഇതിന് കാരണമായി അവര്‍ മുന്നോട്ടുവെച്ചത്. എന്നാല്‍, സമീപകാലത്തുതന്നെ രണ്ടുവട്ടം പുണെ, ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് ആതിഥേയരായിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അത്‌ലറ്റിക് മീറ്റ് ഒന്നിച്ച് നടത്താന്‍ മഹാരാഷ്ട്രയ്ക്ക് കഴിയില്ലെങ്കില്‍ കേരളം അതിന് സജ്ജമാണെന്ന് അഞ്ജു ബോബി ജോര്‍ജ് കായികമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷനും സംസ്ഥാന സര്‍ക്കാരുമാണ്. സര്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍ ഗെയിംസ് സംഘടിപ്പിക്കുന്നതില്‍ തടസമില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റര്‍ ഡോ. ചാക്കോ ജോസഫ് പറഞ്ഞു.

Read More >>