മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.1 അടി : പരിസരവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം

തൊടുപുഴ : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140.1 അടിയായി. ഇതേത്തുടര്‍ന്നു തമിഴ്‌നാട് ജലവിഭവ വകുപ്പ് തേനി, ഇടുക്കി ജില്ലാ കലക്റ്റര്‍മാര്‍ക്കു...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.1 അടി : പരിസരവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം

mullaperiyar dam

തൊടുപുഴ : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140.1 അടിയായി. ഇതേത്തുടര്‍ന്നു തമിഴ്‌നാട് ജലവിഭവ വകുപ്പ് തേനി, ഇടുക്കി ജില്ലാ കലക്റ്റര്‍മാര്‍ക്കു മുന്നറിയിപ്പ് നല്‍കി. അണക്കെട്ട് തുറന്നു വിടുന്നതിനു മുന്നോടിയായുള്ള മുന്നറിയിപ്പാണു നല്‍കിയത്. അണക്കെട്ട് തുറന്നു വിടേണ്ട സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെടുക്കണമെന്നാണു നിര്‍ദേശം. മുന്നറിയിപ്പിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ആറ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പരിസരവാസികള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ക്ക് ഇടുക്കി ജില്ലാ കലക്റ്റര്‍ വി.രതീശന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം രൂപം നല്‍കിയിരുന്നു.
ഡാമിലെ ജലനിരപ്പിന്റെ അളവ് മണിക്കൂറുകള്‍ ഇടവിട്ട് അവലോകനം ചെയ്ത് ജില്ലാ ഭരണകൂടത്തിനു ലഭ്യമാക്കാന്‍ ജലവിഭവവകുപ്പിന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കലക്റ്റര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ന്ന് ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടിവന്നാല്‍ താഴ്‌വാരങ്ങളില്‍ താമസിക്കുന്ന 129 കുടുംബങ്ങളെ സുരക്ഷയുടെ ഭാഗമായി റസ്‌ക്യൂ ഷെല്‍ട്ടറുകളിലേക്കു മാറ്റാനുള്ള നടപടികള്‍ ആരംഭിക്കും. ഇവര്‍ക്കായി 12 ഷെല്‍ട്ടര്‍ഹോം ഒരുക്കും. ഇവരുടെ പുനരധിവാസത്തിനു പ്രത്യേക ടീമിനെ സജ്ജമാക്കും. ഭക്ഷണം, വെള്ളം, മറ്റു സൗകര്യങ്ങള്‍ എന്നിവയും ഏര്‍പ്പെടുത്തും. അയ്യപ്പന്‍കോവില്‍, ആനവിലാസം, ചക്കുപള്ളം വില്ലേജ് ഓഫിസുകളിലെ ഏര്‍ലി വാണിങ് സിസ്റ്റം അറ്റകുറ്റപ്പണികള്‍ നടത്താനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മലപ്പുറത്തുനിന്ന് ക്വിക്ക് റസ്‌പോണ്‍സ് ടീമിലെ 100 പേരടങ്ങിയ പൊലീസുദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. ഇവരെ ജില്ലയില്‍ എത്തിക്കുന്നതിനും അടിയന്തര നടപടി സ്വീകരിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നൈറ്റ് പട്രോളിങ്ങും മാര്‍ഗതടസമുണ്ടായാല്‍ നീക്കംചെയ്യുന്നതിന് ഉപകരണങ്ങളും ഉള്‍പ്പെടെ ഉറപ്പുവരുത്തും. റെസ്‌ക്യൂവിനുള്ള മറ്റുപകരണങ്ങളുടെ ലഭ്യത മോട്ടോര്‍വാഹന വകുപ്പ് ഉറപ്പാക്കും. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ ശാന്തിപ്പാലം മുതല്‍ ചപ്പാത്ത് വരെയുള്ള പൊതുമരാമത്ത് റോഡിലെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകളിലൊന്ന് പ്രവര്‍ത്തിക്കുന്ന വള്ളക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ വാര്‍ത്താവിനിമയ സംവിധാനം മെച്ചപ്പെടുത്താന്‍ ബിഎസ്എന്‍എല്ലിന് കര്‍ശന നിര്‍ദേശം നല്‍കി. തോട്ടങ്ങളിലെ അടച്ചിട്ടിരിക്കുന്ന ഗേറ്റുകള്‍ തുറക്കാന്‍ നടപടികള്‍ സ്വീകരിക്കാനും തഹസില്‍ദാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരള ജലവിഭവ വകുപ്പ് അധികൃതര്‍ ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും. ജല നിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവില്‍ നേരിയ വര്‍ധനവു വരുത്തിയിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ടു മാത്രമെ പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തുകയുള്ളുവെന്നാണ് കരുതുന്നത്.

Read More >>