മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലേക്ക്

തൊടുപുഴ : മുല്ലപ്പെരിയാറില്‍ ജലനിരപ്പ് സുപ്രീം കോടതി നിര്‍ദ്ദേശിച്ച 142 അടിയിലേയ്ക്ക്. ഞായറാഴ്ച വൈകുന്നേരം ആറുമണിക്കുള്ള കണക്കുകള്‍ പ്രകാരം 141.6...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലേക്ക്

mullaperiyar dam

തൊടുപുഴ : മുല്ലപ്പെരിയാറില്‍ ജലനിരപ്പ് സുപ്രീം കോടതി നിര്‍ദ്ദേശിച്ച 142 അടിയിലേയ്ക്ക്. ഞായറാഴ്ച വൈകുന്നേരം ആറുമണിക്കുള്ള കണക്കുകള്‍ പ്രകാരം 141.6 അടിയായിരുന്നു. 142 അടിയിലെത്തിയാലുടന്‍ കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്കൊഴുക്കാന്‍ വേണ്ട പ്രാരംഭനടപടികള്‍ തമിഴ്‌നാട് ജലസേചന വകുപ്പ് ആരംഭിച്ചുകഴിഞ്ഞു. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും ശക്തമായി മഴപെയ്തുവരികയാണ്. തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ പറ്റാത്ത വിധം മഴ കൂടിയാല്‍ മാത്രമേ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി ഇടുക്കി ഡാമിലേക്ക് വെള്ളം ഒഴുക്കാന്‍ തമിഴ്‌നാട് തയ്യാറാകൂ. അതേസമയം സ്പില്‍വേ തുറന്ന് പെട്ടെന്ന് അധികജലം ഒഴുക്കിയാല്‍ ഇടുക്കി ജില്ലയില്‍ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് അതു ഭീഷണിയാകും.


സ്പില്‍വേ തുറക്കുന്നതിന് 12 മണിക്കൂര്‍ മുമ്പെയെങ്കിലും വിവരം അറിയിക്കണമെന്ന് ഇടുക്കി ജില്ലാ കലക്റ്റര്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ രാത്രിയില്‍ ഒരുകാരണവശാലും വെള്ളം തുറന്നുവിടരുതെന്ന് തേനി കലക്റ്റര്‍ക്കു കര്‍ശന നിര്‍ദ്ദേശവും നല്‍കി. അപകടസാധ്യത മുന്‍നിര്‍ത്തി മുന്‍കരുതലുകളുമായി കേരളം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ദേശീയസംസ്ഥാന ദുരന്തനിവാരണ സേനകള്‍, വിവിധവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ രംഗത്തുണ്ട്. 58 സ്‌കൂളുകളെ ദുരിതാശ്വാസകേന്ദ്രങ്ങളായി പരിഗണിച്ചു സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

അഞ്ച് കണ്‍ട്രോള്‍ റൂമുകളും തുറന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഞായറാഴ്ച പകല്‍ ആരംഭിച്ച ശക്തമായ മഴ രാത്രിയിലും തുടരുകയാണ്. ഓരോ സെക്കന്‍ഡിലും 1769 ഘനയടിവീതം വെള്ളം അണക്കെട്ടിലേയ്ക്ക് ഒഴുകിഎത്തുന്നു. എന്നാല്‍ ഇവിടെനിന്ന് 511 ഘനയടിവെള്ളം മാത്രമാണു നിലവില്‍ തമിഴ്‌നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നത്. ജലനിരപ്പ് 142 അടിയിലെത്തിയാല്‍ ഉടന്‍ തേക്കടിയിലെ ഷട്ടര്‍ ഉയര്‍ത്തി തമിഴ്‌നാട്ടിലേക്കു കൂടുതല്‍ വെള്ളം ഒഴുക്കും. തുടക്കത്തില്‍ 1400 ഘനയടിയായും ആവശ്യമെങ്കില്‍ പിന്നീട് 2000 ഘനയടിയായും കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവു കൂട്ടാനാണു തമിഴ്‌നാട് പൊതുമരാമത്തുവകുപ്പിന്റെ തീരുമാനം.