മാര്‍ഗി സതി അരങ്ങൊഴിഞ്ഞു

തിരുവനന്തപുരം : പ്രശസ്ത കൂടിയാട്ടം നര്‍ത്തകി മാര്‍ഗി സതി (50) അരങ്ങൊഴിഞ്ഞു. തിരുവനന്തപുരം ആര്‍സിസിയില്‍ ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു അന്ത്യം....

മാര്‍ഗി സതി അരങ്ങൊഴിഞ്ഞു

margi sathi

തിരുവനന്തപുരം : പ്രശസ്ത കൂടിയാട്ടം നര്‍ത്തകി മാര്‍ഗി സതി (50) അരങ്ങൊഴിഞ്ഞു. തിരുവനന്തപുരം ആര്‍സിസിയില്‍ ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു അന്ത്യം. ചെറുതുരുത്തി പുതുശ്ശേരി പുത്തില്ലത്ത് വീട്ടില്‍ അംഗമായ മാര്‍ഗി സതി കൂടിയാട്ടത്തിലും നങ്ങ്യാര്‍കൂത്തിലും കേരളത്തിലെ നിറസാന്നിധ്യമായ കലാകാരി ആയിരുന്നു. ദീര്‍ഘകാലമായി അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. ആഴ്ചകള്‍ക്കു മുമ്പ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കലാമണ്ഡലത്തിലെ പഠനത്തിനുശേഷം തിരുവനന്തപുരത്ത് മാര്‍ഗിയില്‍ അധ്യാപികയായി. നിലവില്‍ കലാമണ്ഡലം അധ്യാപികയായിരുന്നു.


ഇടയ്ക്ക കലാകാരനായ ഭര്‍ത്താവ് സുബ്രഹ്മണ്യന്‍ പോറ്റി, മാര്‍ഗി സതി കൂടിയാട്ടം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെ തിരുവനന്തപുരത്തു വേദിയില്‍ വെച്ച് ഷോക്കേറ്റു മരിക്കുകയായിരുന്നു. തുടര്‍ന്നാണ് കലാമണ്ഡലത്തില്‍ അധ്യാപികയായി എത്തുന്നത്. കൂടിയാട്ടത്തിലും നങ്ങ്യാര്‍കൂത്തിലും ഒട്ടനവധി അതിപ്രധാനമായ വേഷങ്ങള്‍ മാര്‍ഗി സതി കലാകേരളത്തിനു സമ്മാനിച്ചു.

പാരീസിലെ ഐക്യരാഷ്ട്ര സഭ വേദിയിലടക്കം കൂടിയാട്ടം അവതരിപ്പിച്ച ഇവര്‍ സിനിമയിലും വേഷമിട്ടു. ജാപ്പനീസ് കഥ അടിസ്ഥാനമാക്കി നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കുന്നതിന് നേതൃത്വം നല്‍കി. കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കലാദര്‍പ്പണം അവാര്‍ഡ്, നാട്യരത്‌ന പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മക്കള്‍: രേവതി, ദേവനാരായണന്‍. മരുമകന്‍: മധു.

https://www.youtube.com/watch?v=Zjx6qk2y1cU

Read More >>