കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ കോടികളുടെ അഴിമതി: വി. മുരളിധരന്‍

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ വന്‍ അഴിമതി. അഴിമതി നടന്നതിന്റെ തെളിവുകളുമായി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ രംഗത്ത്....

കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ കോടികളുടെ അഴിമതി: വി. മുരളിധരന്‍

v.muraleedharan-2

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ വന്‍ അഴിമതി. അഴിമതി നടന്നതിന്റെ തെളിവുകളുമായി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ രംഗത്ത്.  കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ കോണ്‍ഗ്രസ്‌ സംഘടനയ്‌ക്കു രണ്ടു ലക്ഷം മുതല്‍ മൂന്നു ലക്ഷം വരെ കോഴ നല്‍കി പിന്‍വാതില്‍ നിയമനം നടത്തിയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

കൊച്ചിന്‍ ദേവസ്വം എംപ്ലോയീസ്‌ കോണ്‍ഗ്രസ്‌ എന്ന സംഘടനയുടെ പേരില്‍ പണം നല്‍കിയതിന്റെ രസീതും ഇവര്‍ക്കു നിയമനം നല്‍കിയതിന്റെ രേഖകളുമായാണു വി. മുരളീധരന്‍ പത്രസമ്മേളനം നടത്തിയത്‌.


സര്‍ക്കാര്‍ രൂപം നല്‍കിയ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെ അട്ടിമറിച്ചുകൊണ്ടാണ് ലക്ഷങ്ങള്‍ കോഴ വാങ്ങി നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്. ദേവസ്വം നിയമന കുംഭകോണത്തില്‍ ദേവസ്വംമന്ത്രി വി.എസ്. ശിവകുമാറിനും കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയ്ക്കും നേരിട്ട് പങ്കുണ്ടെന്നും വി. മുരളീധരന്‍ ആരോപിക്കുന്നു.

2014 മാര്‍ച്ച്‌ മൂന്നിനാണു ഗവര്‍ണര്‍ ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡിന്‌ അംഗീകാരം നല്‍കിയത്‌. ഇതിനു രണ്ടു ദിവസം മുമ്പാണ്‌ 68 നിയമനങ്ങള്‍ അടിയന്തരമായി നടത്തിയത്‌. ഇതിനുശേഷം 29 നിയമനങ്ങളും കോഴ വാങ്ങി നടത്തി എന്നും അദ്ദേഹം പറയുന്നു.

അഴിമതിക്കെതിരെ പോരാടുന്നെന്നു പറയുന്ന കെ.പി.സി.സി പ്രസിഡന്റ്‌ വി.എം സുധീരന്‍ ഇക്കാര്യത്തില്‍ മറുപടി പറയണം. 10 വര്‍ഷത്തിനകം ദേവസ്വം ബോര്‍ഡുകളില്‍ നടന്ന നിയമനങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. അന്വേഷണത്തിനു സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ നിയമപരമായും രാഷ്‌ട്രീയപരമായും വിഷയം കൈകാര്യം ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു. കൊച്ചിന്‍ ദേവസ്വത്തില്‍ മാത്രമല്ല മറ്റെല്ലാ ദേവസ്വങ്ങളിലും ഇത്തരത്തില്‍ പണംവാങ്ങി പിന്‍വാതില്‍ നിയമനം നിര്‍ബാധം നടക്കുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.