മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായി കേന്ദ്രത്തെ സമീപിക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായി കേന്ദ്രത്തെ സമീപിക്കും : മുഖ്യമന്ത്രി

mullaperiyar dam

തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അണക്കെട്ടിനെ ചൊല്ലി കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കത്തില്‍ കേന്ദ്രം ഇടപെടണം. പുതിയ അണക്കെട്ടു നിര്‍മിക്കണം എന്നതാണ് കേരളത്തിന്റെ ആവശ്യം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട വിധത്തില്‍ ഇടപെടുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട രീതിയില്‍ ഇടപെടുന്നില്ല എന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ആരോപണത്തിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയോ ജലവകുപ്പ് മന്ത്രിയോ ഫലപ്രദമായി ഇടപെടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.


സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി കഴിഞ്ഞ ദിവസം അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളുകയും ജലനിരപ്പ് 142 അടിവരെ തുടരാമെന്നു സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പ്രധാന അണക്കെട്ടിലെയും ബേബി ഡാമിലെയും ചോര്‍ച്ചകള്‍ നിസാരമാണെന്നും മേല്‍നോട്ടസമിതി അംഗങ്ങള്‍ പറഞ്ഞിരുന്നു. അണക്കെട്ട് സുരക്ഷിതമാണെന്ന നിലപാടായിരുന്നു സമിതി ചെയര്‍മാന്‍ എല്‍.എ.വി. നാഥനും തമിഴ്‌നാട് പ്രതിനിധി പളനിയപ്പനും സ്വീകരിച്ചത്. ജലനിരപ്പ് നിജപ്പെടുത്തുക, അണക്കെട്ടിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുക തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങള്‍ എല്ലാംതന്നെ സമിതി തള്ളികളയുകയുമായിരുന്നു.

അണക്കെട്ടിന്റെ ഗാലറികളില്‍ സ്ഥാപിച്ചിട്ടുള്ള മര്‍ദമാപിനികളടക്കമുള്ള ഉപകരണങ്ങള്‍ അറുപതുശതമാനവും പ്രവര്‍ത്തനക്ഷമമല്ലെന്നു കണ്ടെത്തി. ഷട്ടറുകള്‍ ഉയര്‍ത്തി പരിശോധിക്കാന്‍ സമതി തീരുമാനിച്ചതോടെ തമിഴ്‌നാട് സമിതി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവില്‍ കേരള പ്രതിനിധികളുടെ ശക്തമായ സമ്മര്‍ദ്ദത്തിനൊടുവിലാണ് 13മത് ഷട്ടര്‍ തുറന്ന് പരിശോധിച്ചത്. അണക്കെട്ടിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലെന്നു സമിതി കണ്ടെത്തി.