ഓഫീസ് സമയത്ത് സംഘടനാപ്രവര്‍ത്തനം വിലക്കണം - പത്താം ശമ്പളപരിഷ്‌കരണ കമ്മീഷന്‍

തിരുവനന്തപുരം: പത്താം ശമ്പളപരിഷ്‌കരണ കമ്മിഷന്റെ രണ്ടാംഘട്ട റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ഭരണസംവിധാനം കാര്യക്ഷമമാക്കാനുള്ള ഈ റിപ്പോര്‍ട്ടില്‍...

ഓഫീസ് സമയത്ത് സംഘടനാപ്രവര്‍ത്തനം വിലക്കണം - പത്താം ശമ്പളപരിഷ്‌കരണ കമ്മീഷന്‍

image

തിരുവനന്തപുരം: പത്താം ശമ്പളപരിഷ്‌കരണ കമ്മിഷന്റെ രണ്ടാംഘട്ട റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ഭരണസംവിധാനം കാര്യക്ഷമമാക്കാനുള്ള ഈ റിപ്പോര്‍ട്ടില്‍ ജീവനക്കാരുടെ അവധിദിനങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്നും ഗവ. സെക്രട്ടേറിയറ്റിന്റെ വലിപ്പം കുറയ്ക്കണമെന്നും ഓഫീസ് സമയത്ത് സംഘടനാപ്രവര്‍ത്തനം വിലക്കണമെന്നും ശുപാര്‍ശയുണ്ട്.

ജീവനക്കാരുടെ ശമ്പളത്തോടെയുള്ള അവധി 20ല്‍നിന്ന് 15 ആക്കണമെന്നാണ് ശുപാര്‍ശ. പൊതു അവധികളും നിയന്ത്രിക്കണം. ഇനിയും പുതിയ അവധികള്‍ അനുവദിക്കരുത്.


സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ എണ്ണം കുറക്കുക, അധികമായുള്ള ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റുക എന്നിവയാണ് പ്രധാന ശുപാര്‍ശകള്‍. ലാഭകരമല്ലാത്ത സ്‌കൂളുകള്‍ നിര്‍ത്തലാക്കുകയോ സമീപത്തെ മറ്റ് സ്‌കൂളുകളുമായി സംയോജിപ്പിക്കുകയോ വേണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരുടെ എണ്ണം കുറക്കണമെന്നും ഓഫീസുകളുടെ എണ്ണം കുറക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു.

സ്‌കൂളുകളിലെ അധ്യയന ദിവസങ്ങളുടെ എണ്ണം 200 ആക്കണം. നിലവില്‍ 180 ദിവസംപോലും അധ്യയനം നടക്കാറില്ല. കുട്ടികളില്ലാത്ത ഒന്നിലധികം സ്‌കൂളുകളെ സംയോജിപ്പിക്കണം. അവിടേക്ക് കുട്ടികള്‍ക്ക് എത്തിപ്പെടാന്‍ വാഹനസൗകര്യം ഒരുക്കണം.

ജീവനക്കാരുടെ സ്ഥാനക്കയറ്റം യോഗ്യതയുടെ അടിസ്ഥാനത്തിലാക്കണം. ഇതിനായി വകുപ്പുകളില്‍ സെലക്ഷന്‍ ബോര്‍ഡ് രൂപവത്കരിക്കണം. ജോലിഭാരം വിലയിരുത്തി വകുപ്പുകളെ പുനഃസംഘടിപ്പിക്കണം. അധികം ചുമതലകളില്ലാത്ത വകുപ്പുകളിലെ ജീവനക്കാരെ മറ്റു വകുപ്പുകളിലേക്ക് മാറ്റണണെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു.

ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മിഷന്‍ ശമ്പള-പെന്‍ഷന്‍ വര്‍ധന സംബന്ധിച്ച ആദ്യഘട്ട റിപ്പോര്‍ട്ട് ജൂലായില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഈ റിപ്പോര്‍ട്ട്. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ക്ക് പുറമെ, മെമ്പര്‍ സെക്രട്ടറി കെ.വി.തോമസ്, അഡ്വ. ടി.വി.ജോര്‍ജ് എന്നിവരാണ് കമ്മിഷനിലെ അംഗങ്ങള്‍.

Read More >>