ഇന്ത്യ-പാകിസ്താന്‍ ബന്ധത്തിന് പുതുജീവന്‍

ഡല്‍ഹി : ഇന്ത്യ-പാകിസ്താന്‍ ബന്ധത്തിനു പുതുജീവന്‍. ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ വഷളായ ബന്ധം...

ഇന്ത്യ-പാകിസ്താന്‍ ബന്ധത്തിന് പുതുജീവന്‍

india pakistan

ഡല്‍ഹി : ഇന്ത്യ-പാകിസ്താന്‍ ബന്ധത്തിനു പുതുജീവന്‍. ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ വഷളായ ബന്ധം പുതിയ തലത്തിലെത്തുകയാണ്. രണ്ടു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ (എന്‍എസ്എ) തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. ഭീകരതയും ജമ്മു കശ്മീരുമുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. ഉഭയകക്ഷിബന്ധം ക്രിയാത്മകമായി മുന്നോട്ടുകൊണ്ടുപോകാന്‍ ചര്‍ച്ചയില്‍ ധാരണയായി. എന്‍എസ്എ അജിത് ഡോവലും പാകിസ്താന്റെ എന്‍എസ്എ നസീര്‍ ഖാന്‍ ജാന്‍ജുവയും തമ്മില്‍ നടന്ന ചര്‍ച്ച നാലുമണിക്കൂര്‍ നീണ്ടു. രണ്ടുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാരും ഒപ്പമുണ്ടായിരുന്നു. രണ്ടുരാജ്യങ്ങള്‍ക്കും സൗകര്യപ്രദമായ സ്ഥലമെന്നനിലയ്ക്കാണ് ബാങ്കോക്ക് ചര്‍ച്ചയ്ക്ക് തിരഞ്ഞെടുത്തത്.


ഫ്രാന്‍സിലെ പാരിസില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിക്കിടെ നവംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും അനൗപചാരികചര്‍ച്ച നടത്തിയിരുന്നു. ഇതാണ് എന്‍എസ്എതല ചര്‍ച്ചയ്ക്കു കാരണമായത്.
ചര്‍ച്ചയ്ക്കുശേഷം രണ്ടുരാജ്യങ്ങളും ചേര്‍ന്നു പ്രസ്താവനയുമിറക്കി. സുതാര്യവും സൗഹാര്‍ദപരവും ക്രിയാത്മകവുമായ അന്തരീക്ഷത്തിലായിരുന്നു ചര്‍ച്ച. സമാധാനവും സ്ഥിരതയും അഭിവൃദ്ധിയുമുള്ള ദക്ഷിണേഷ്യ എന്ന രണ്ട് രാഷ്ട്രത്തലവന്‍മാരുടെ ദര്‍ശനമാണ് ചര്‍ച്ചയ്ക്കിടയാക്കിയതെന്ന് പ്രസ്താവനയില്‍ പറയുന്നു. സമാധാനം, സുരക്ഷ, ഭീകരത, ജമ്മു കശ്മീര്‍, നിയന്ത്രണരേഖയിലെ ശാന്തി എന്നിവയുള്‍പ്പെടെയുള്ളവ ചര്‍ച്ചയ്ക്ക് വിഷയമായെന്നും ചര്‍ച്ചതുടരാന്‍ ധാരണയായെന്നും പ്രസ്താവനയിലുണ്ട്.

റഷ്യയിലെ യൂഫയില്‍ ഇക്കൊല്ലം ജൂലായില്‍ രണ്ടു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ കണ്ട് ബന്ധം മെച്ചപ്പെടുത്താന്‍ ധാരണയായിരുന്നു. എന്നാല്‍, ഇതിനുപിന്നാലെ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷങ്ങളും ഡല്‍ഹിയിലെത്തിയ അന്നത്തെ പാക് എന്‍എസ്എ ഐജാസ് അഹമ്മദ് കശ്മീരിലെ വിഘടനവാദിനേതാക്കളെ ചര്‍ച്ചയ്ക്കു ക്ഷണിച്ചതും ബന്ധം വഷളാക്കി. ഇതേത്തുടര്‍ന്ന് എന്‍എസ്എതല ചര്‍ച്ചകള്‍ ഇന്ത്യ റദ്ദാക്കി. ഇതിനുശേഷം ഉഭയകക്ഷിബന്ധത്തിലുണ്ടാകുന്ന ക്രിയാത്മകമായ മാറ്റമാണു ഞായറാഴ്ചത്തെ ചര്‍ച്ച. അഫ്ഗാനിസ്താന്റെ കാര്യം ചര്‍ച്ചചെയ്യാന്‍ ഈയാഴ്ച പാക് തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ നടക്കുന്ന യോഗത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പങ്കെടുക്കുന്നുണ്ട്.