അഴിമതി തെളിഞ്ഞു; ബ്ലാറ്ററിനും പ്ലാറ്റീനിക്കും എട്ടു വർഷം വിലക്ക്

ഫിഫ പ്രസിഡൻറ് സെപ് ബ്ലാറ്ററിനും യുവേഫ തലവന്‍ മിഷേല്‍ പ്ലാറ്റീനിക്കും ഫുട്ബാൾ മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും...

അഴിമതി തെളിഞ്ഞു; ബ്ലാറ്ററിനും പ്ലാറ്റീനിക്കും എട്ടു വർഷം വിലക്ക്

sep1

ഫിഫ പ്രസിഡൻറ് സെപ് ബ്ലാറ്ററിനും യുവേഫ തലവന്‍ മിഷേല്‍ പ്ലാറ്റീനിക്കും ഫുട്ബാൾ മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും എട്ടു വര്‍ഷത്തേക്ക് ഫിഫയുടെ അഴിമതിക്കേസ് അന്വേഷിക്കുന്ന എത്തിക്ക്സ് കമ്മിറ്റിയുടെ വിലക്ക്.  1.3 മില്യണ്‍ യൂറോയുടെ അഴിമതി നടത്തിയതിനാണ് ഇരുവര്‍ക്കും വിലക്ക് വരുന്നത്.

ഫിഫ അഴിമതി കേസില്‍ രണ്ട് പതിറ്റാണ്ടോളം പ്രസിഡന്റായിരുന്ന സെപ് ബ്ലാറ്ററും ബ്ലാറ്ററുടെ പിന്‍ഗാമിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനിയും കുറ്റക്കാരാണെന്നു എത്തിക്‌സ് കമ്മിറ്റി കണ്ടെത്തിയത് ആഗോള കായിക സമൂഹത്തിന് തന്നെ നാണക്കേടായിരിക്കുകയാണ്. ഫുട്‌ബോള്‍ മാനേജ്‌മെന്റ് രംഗത്ത് ലോകത്തെ ഒന്നാംകിടക്കാരാണ് ബ്ലാറ്ററും പ്ലാറ്റീനിയും. എന്നാല്‍ തങ്ങളുടെ അധികാരം ദുര്‍വിനിയോഗം ചെയ്ത് അനധികൃത സ്വത്ത് സമ്പാദനം നടത്തുകയായിരുന്നു ഇരുവരുമെന്നാണ് ഫിഫ എത്തിക്‌സ് കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്.


2011 ഫിബ്രവരിയില്‍ ഫിഫ പ്ലാറ്റീനിയുടെ അക്കൗണ്ടിലേക്ക് 20 ലക്ഷം ഡോളര്‍ കൈമാറ്റം ചെയ്തതാണ് അന്വേഷണവിധേയമാക്കിയത്. ഇന്ത്യന്‍ രൂപയില്‍ 13 കോടിയിലേറെ വരും ഈ തുക. ഫിഫ പ്രസിഡന്റായിരുന്ന ബ്ലാറ്ററുടെ ടെക്‌നിക്കല്‍ അഡൈ്വസറായി 1998-2002 കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചതിന് കരാര്‍ പ്രകാരം പ്ലാറ്റീനിയ്ക്ക് നല്‍കിയ പ്രതിഫലമായിരുന്നു ഇതെന്നാണ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഇരുവരും ഉന്നയിച്ച വാദം.

എന്നാല്‍ കരാര്‍ തെളിയിക്കുന്ന രേഖകളൊന്നും ഇരുവര്‍ക്കും എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കാനായില്ല. വാക്കാലുള്ള കരാറായിരുന്നു ഇതെന്നാണ് ബ്ലാറ്ററും പ്ലാറ്റീനിയും ഇതുസംബന്ധിച്ച് നല്‍കിയ വിശദീകരണം. സ്വിറ്റ്‌സര്‍ലന്‍ഡില്‍ വാക്കാലുള്ള ഉറപ്പും നിയമവിധേയമാണ്.

കരാര്‍ ഹാജരാക്കാത്ത സാഹചര്യത്തില്‍  ഫിഫ എത്തിക്‌സ് കമ്മിറ്റി ഇവരുടെ വാദം മുഖവിലയ്‌ക്കെടുത്തില്ല. ഇതേതുടര്‍ന്ന് ബ്ലാറ്റര്‍ക്കും പ്ലാറ്റീനിയ്ക്കും എട്ടുവര്‍ഷം വിലക്കും പിഴയുമിട്ട് എത്തിക്‌സ് കമ്മിറ്റി വിധിന്യായം പുറപ്പെടുവിക്കുകയായിരുന്നു.

79 കാരനായ ബ്ളാറ്റര്‍ 1998 മുതല്‍ ഫിഫ തലവനാണ്. വിവാദത്തെ തുടര്‍ന്ന് അദ്ദേഹം രാജിവെക്കുകയും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബ്ലാറ്റർക്കു പിൻഗാമിയായി ഫിഫയില്‍ അധികാരം പിടിക്കനെത്തിയ 60കാരനായ പ്ളാറ്റീനിക്ക് വന്‍ തിരിച്ചടിയാണ് ഈ വിധി.

എത്തിക്‌സ് കമ്മിറ്റി ബ്ലാറ്റര്‍ക്ക് 40,000 ഡോളറും പ്ലാറ്റീനിയ്ക്ക് 80,000 ഡോളറും പിഴയുമിട്ടുണ്ട്.

സെപ് ബ്ലാറ്റര്‍ അധ്യക്ഷ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഫിഫയുടെ മുഖ്യ സ്‌പോണ്‍സര്‍മാരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫിഫ എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനം.

Read More >>