ബാലണ്‍ ഡി ഓര്‍ : അന്തിമപട്ടികയില്‍ മെസി, ക്രിസ്റ്റിയാനോ, നെയ്മര്‍

സൂറിച്ച് : ഈ വര്‍ഷത്തെ ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന്റെ അന്തിമ പട്ടിക പ്രഖ്യാപിച്ചു. പുരസ്‌കാരത്തിനായി പരിഗണിക്കുന്നവരില്‍ ലോകഫുട്‌ബോളിലെ...

ബാലണ്‍ ഡി ഓര്‍ : അന്തിമപട്ടികയില്‍ മെസി, ക്രിസ്റ്റിയാനോ, നെയ്മര്‍

ballon dor

സൂറിച്ച് : ഈ വര്‍ഷത്തെ ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന്റെ അന്തിമ പട്ടിക പ്രഖ്യാപിച്ചു. പുരസ്‌കാരത്തിനായി പരിഗണിക്കുന്നവരില്‍ ലോകഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളായ അര്‍ജന്റീനയുടെ ലയണല്‍ മെസി, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബ്രസീലിന്റെ നെയ്മര്‍ എന്നിവരാണ് അവസാന മൂന്നുപേര്‍. 2014-15 സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ 23 അംഗ പട്ടികയില്‍നിന്നാണ് അവസാന റൗണ്ടിലേക്കുള്ള താരങ്ങളെ കണ്ടെത്തിയത്. ജനവരി 11ന് സൂറിച്ചില്‍ പുരസ്‌കാരജേതാവിനെ പ്രഖ്യാപിക്കും.


കഴിഞ്ഞ രണ്ടുവര്‍ഷമായി ബാലണ്‍ ഡി ഓര്‍ നേടുന്ന റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോയും നാലുവട്ടം പുരസ്‌കാരം നേടിയിട്ടുള്ള ബാഴ്‌സലോണയുടെ മെസിയും അവസാനറൗണ്ടില്‍ കടക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടതായിരുന്നു. എന്നാല്‍, മൂന്നാമനെ കണ്ടെത്താന്‍ പൊരിഞ്ഞ മത്സരം നടന്നു. ഉറുഗ്വായുടെ ലൂയി സുവാരസ്, വെയ്ല്‍സിന്റെ ഗാരത് ബെയ്ല്‍, പോളണ്ടിന്റെ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി എന്നിവരെ പിന്തള്ളിയാണ് ബാഴ്‌സലോണയുടെ നെയ്മര്‍ അന്തിമ പോരാട്ടത്തിന് അവസരം നേടിയത്. തുടര്‍ച്ചയായ എട്ടാം തവണയാണ് മെസിയും ക്രിസ്റ്റ്യാനോയും അവസാനറൗണ്ടില്‍ എത്തുന്നത്. നെയ്മര്‍ ആദ്യതവണയും.

മികച്ച പരിശീലകരെ കണ്ടെത്താനുള്ള അവസാനറൗണ്ട് മത്സരത്തിന് ചിലി പരിശീലകന്‍ യോര്‍ഗെ സാംപോളി, ബയറണ്‍ മ്യൂണിക് പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോള, ബാഴ്‌സലോണ പരിശീലകന്‍ ലൂയിസ് എന്റിക് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ചിലിയെ കോപ്പ അമേരിക്കന്‍ കപ്പില്‍ ചാമ്പ്യന്മാരാക്കിയതാണ് സാംപോളിക്ക് തുണയായത്. കഴിഞ്ഞസീസണിലെ കിരീടവിജയങ്ങളാണ് ബാഴ്‌സ, ബയറണ്‍ പരിശീലകര്‍ക്ക് പ്രതീക്ഷനല്‍കുന്നത്. മികച്ച വനിതാ താരമാകാനുള്ള മത്സരം സെലിയ സാസിക് (ജര്‍മനി), കാര്‍ലി ലോയ്ഡ് (യു.എസ്.), അയ മിയാമ (ജപ്പാന്‍) എന്നിവരാണുള്ളത്.

ലോകത്തെ മികച്ച ഫുട്ട്‌ബോളറെ കണ്ടെത്തുന്ന മത്സരത്തിലും ലാലീഗയിലെ പ്രസിദ്ധമായ റയല്‍-ബാഴ്‌സ പോര് നടക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

Read More >>