പൊലീസ് സേനയിലെ ജോലി തട്ടിപ്പ് : പൊലീസുകാരന്‍ അറസ്റ്റില്‍

ആലപ്പുഴ : പൊലീസില്‍ ജോലി വാഗ്ദാനംചെയ്തു പണം തട്ടിയ കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍...

പൊലീസ് സേനയിലെ ജോലി തട്ടിപ്പ് : പൊലീസുകാരന്‍ അറസ്റ്റില്‍

arrest

ആലപ്പുഴ : പൊലീസില്‍ ജോലി വാഗ്ദാനംചെയ്തു പണം തട്ടിയ കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ പ്രദീപാണു അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറ വീട്ടില്‍ ശരണ്യക്കു തട്ടിപ്പിനു സഹായം ചെയ്തുകൊടുത്തതായാണ് പ്രദീപിനെതിരെയുള്ള കേസ്. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഇയാള്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു. ശരണ്യയുടെ അറസ്റ്റിനെതുടര്‍ന്നു സസ്‌പെന്‍ഷനിലായിരുന്ന പ്രദീപിനെ ക്രൈം ബ്രാഞ്ച് എസ്പി പ്രദീഷ് കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റുചെയ്യുകയായിരുന്നു. കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയ ശേഷമുള്ള ആദ്യ അറസ്റ്റാണിത്.


ഉദ്യോഗാര്‍ഥികളില്‍ വിശ്വാസം ജനിപ്പിക്കാനായി ശരണ്യ പ്രദീപിനെ ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു. ശരണ്യയുമായി 1,150 തവണ പ്രദീപ് ഫോണില്‍ മണിക്കൂറുകളോളം സംസാരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സേനയില്‍ സിപിഒ, ഡ്രൈവര്‍, സ്റ്റോര്‍ കീപ്പര്‍ തസ്തികകളില്‍ പിന്‍വാതില്‍ നിയമനം നടത്തി ശരണ്യ തട്ടിപ്പുനടത്തിയതായാണ് കേസ്. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് എങ്ങുമെത്താത്ത സാഹചര്യത്തിലാണ് സംസ്ഥാന പൊലീസ് മേധാവി കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്.

തട്ടിപ്പിന്റെ രീതിയോ തന്നോടൊപ്പം പ്രവര്‍ത്തിച്ചിരുന്നവരെപ്പറ്റിയോ ശരണ്യ പൊലീസിനോടോ കായംകുളം മജിസ്‌ട്രേറ്റിനോടോ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഹരിപ്പാട് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയില്‍ ആഭ്യന്തരമന്ത്രിയുടെ ക്യാംപ് ഓഫിസിനും പിഎസ്‌സി ഓഫിസിനും പൊലീസ് ആസ്ഥാനത്തിനും എതിരെ വെളിപ്പെടുത്തലുകള്‍ നടത്തി. ഇതിനെത്തുടര്‍ന്നാണ് കേസ് വിവാദമായത്. ആലപ്പുഴ ജില്ലയിലെ ഒരു എസ്‌ഐ തന്നെ പീഡിപ്പിച്ചതായി ശരണ്യ പറഞ്ഞിരുന്നു. ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവില്‍നിന്നു തനിക്കു വഴിവിട്ട സഹായങ്ങള്‍ ലഭിച്ചിരുന്നതായും ശരണ്യ വെളിപ്പെടുത്തി.

റിമാര്‍ഡ് കാലാവധി കഴിഞ്ഞതിനെത്തുര്‍ന്ന് ഇന്നലെ കായംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഡിസംബര്‍ നാലുവരെ വീണ്ടും റിമാന്‍ഡ് ചെയ്തു ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി. പ്രദീപിനെയും റിമാന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും.