തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്നതിന് ഇപ്പോള്‍ പ്രസക്തിയില്ല : പിണറായി

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരു നയിക്കുമെന്ന ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി...

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്നതിന് ഇപ്പോള്‍ പ്രസക്തിയില്ല : പിണറായി

pinarayi

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരു നയിക്കുമെന്ന ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. അഭിപ്രായം പറഞ്ഞവരോട് അക്കാര്യം ചോദിച്ചാല്‍ മതി. പാര്‍ട്ടി അക്കാര്യം ആലോചിച്ചാല്‍ മാത്രമെ അക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതുള്ളുവെന്നും മാധ്യമങ്ങള്‍ ചര്‍ച്ചകള്‍ നടത്തിക്കൊള്ളു എന്നും പിണറായി പറഞ്ഞു.
ജനതാദള്‍ (യു) എല്‍ഡിഎഫിലേക്ക് വരാന്‍ പറ്റാത്ത വിഭാഗമാണെന്നു കരുതുന്നില്ലെന്നും പിണറായി വ്യക്തമാക്കി. അവര്‍ ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണ്. യുഡിഎഫ് വിട്ട് വരാന്‍ തയാറാണെങ്കില്‍ അക്കാര്യം അപ്പോള്‍ ചര്‍ച്ച ചെയ്യാം. യുഡിഎഫിന്റെ ഭാഗമായി ഇരിക്കുന്ന പാര്‍ട്ടിയുമായി എല്‍ഡിഎഫിനു ചര്‍ച്ച ചെയ്യാനാകില്ല. യുഡിഎഫില്‍ നിന്ന് അവര്‍ വിടാന്‍ തയാറായാല്‍ ഞങ്ങള്‍ ചര്‍ച്ചയ്ക്കു തയാറാകും.അത് അവര്‍ തീരുമാനിക്കേണ്ട കാര്യമാണ്. ജനതാദള്‍ (യു) വിനു പിന്നാലെ വെറിപിടിച്ചോടേണ്ട കാര്യമില്ലെന്നും പിണറായി പറഞ്ഞു.


അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ആര് നയിക്കുമെന്ന് എല്‍ഡിഎഫിലെ പാര്‍ട്ടികള്‍ തീരുമാനിക്കുമെന്ന്! പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടിയും ജനങ്ങളും തീരുമാനിക്കും. ജനങ്ങളുടെ അഭിലാഷം അറിഞ്ഞശേഷം മാത്രമേ മത്സരിക്കുകയുള്ളുവെന്നും വിഎസ്. ഇടതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍തിയെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും തീരുമാനിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. വിഎസ് നയിച്ചാല്‍ ഗുണംചെയ്‌തേക്കുമെന്നുള്ള സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അഭിപ്രായത്തോടുതന്നെ പ്രതികരിക്കുകയായിരുന്നു ഇരുവരും.